Connect with us

Kerala

ഒരാള്‍ക്ക് ഒരു പദവി; കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

Published

|

Last Updated

കോഴിക്കോട് |  നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരാള്‍ക്ക് ഒരു പദവി എന്ന ആശയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന് കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. ഗ്രൂപ്പ് പോരിന് പുറമെ മുതിര്‍ന്ന നേതാക്കളോടുള്ള രണ്ടാംകിട നേതാക്കളുടെ അതൃപ്തിയുമാണ് പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍. യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് അപ്രതീക്ഷീതമായി ബെന്നി ബെഹന്നാന്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. തൊട്ടുപിന്നാലെ പ്രചാരണ വിഭാഗം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കെ മുരളീധരനും രാജിവെച്ചിരുന്നു. ഗ്രൂപ്പ് പോരും മുതിര്‍ന്ന നേതാക്കളോടുള്ള അഭിപ്രായ വിത്യാസമാണ് ഇവരുടെ രാജിയില്‍ എത്തിയത്.

ബെന്നിയുടെ രാജിക്കായി നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളിലും പുറത്തും മുറവിളി ശക്തമായിരുന്നു. ബെന്നക്കൊപ്പം എന്നും ഉറച്ച് നില്‍ക്കുന്ന ഗ്രൂപ്പ് നേതാവ് ഉമ്മന്‍ചാണ്ടിയെ മൗന പിന്തുണയും ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതോടെ അവസാന നിമിഷം രാജിവെക്കാന്‍ ബെന്നി നിര്‍ബന്ധിതനായെന്നാണ് റിപ്പോര്‍ട്ട്.
മുതിര്‍ന്ന നേതാക്കള്‍ നിര്‍ണായക തീരുമാനം എടുക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു ചര്‍ച്ചയും നടത്തുന്നില്ലെന്ന വിമര്‍ശം രണ്ടാംകിട നേതാക്കള്‍ക്കിടയിലുണ്ട്. പുനഃസംഘടന അടക്കമുള്ള വിഷയങ്ങളില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മാത്രമാണ് കൂടിയാലോചനകള്‍ നടക്കുന്നത്. ഇവര്‍ക്ക് താത്പര്യമുള്ളവര്‍ക്ക് മാത്രം സ്ഥാനമാനങ്ങള്‍ നല്‍കുകയാണെന്ന വിമര്‍ശനമാണ് പല നേതാക്കള്‍ക്കുമുള്ളത്. ദേശീയ നേതൃത്വത്തിന് ഇത് സംബന്ധിച്ച് നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്.

കൂടാതെ പല എം പിമാരും സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാന്‍ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന ആശയം ശക്തമായി ഉന്നയിക്കാനാണ് രണ്ടാം കിട നേതാക്കളുടെ തീരുമാനം. എം പിമാര്‍ കൂട്ടത്തോടെ സംസ്ഥാന രാഷ്ട്രീയം ലക്ഷ്യം വെക്കുന്നതില്‍ രണ്ടാം കിട നേതാക്കള്‍ കടുത്ത ആശങ്കയിലാണ്. ഒരാള്‍ക്ക് ഒരു പദവി എന്ന ആവശ്യം ഉയര്‍ത്തി വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയേക്കും.

മുരളീധരും ബെന്നി ബെഹന്നാനും പാര്‍ട്ടിയിലെ ഇരട്ടപദവികളില്‍ ഒന്ന് രാജിവെച്ചതോടെ കെ സുധാകരന്റേയും കൊടിക്കുന്നില്‍ സുരേഷിന്റേയും മുമ്പില്‍ ഒരു പാര്‍ട്ടി പദവി രാജിവെക്കാനുള്ള സമ്മര്‍ദം ഏറുകയാണ്. നിലവില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റാണ് ഇരുവരും. ഈ സ്ഥാനം ഇരുവരും രാജിവെക്കണമെന്നാണ് ആവശ്യം. ഈ സ്ഥാനത്തേക്ക് പി സി വിഷ്ണുനാഥിനേയും പന്തളം സുധാകരനേയും പരിഗണിക്കണമെന്നും ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു. കൂടാതെ കഴിഞ്ഞ തവണ എം പി സീറ്റ് നിഷേധിക്കപ്പെട്ട കെ വി തോമസിന് സംഘടനയില്‍ അര്‍ഹമായ പരിഗണന വേണമെന്നും ആവശ്യമുണ്ട്. കെ മുരളീധരന്‍ ഒഴിഞ്ഞ പ്രചാരണ വിഭാഗം ചെയര്‍മാന്‍ സ്ഥാനം കെ വി തോമസിന് നല്‍കണമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ കെ വി തോമസ് ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. സ്ഥാാര്‍ഥിത്വം തന്നെയാണ് കെ വി തോമസും ലക്ഷ്യം വെക്കുന്നത്.

അതിനിടെ പുനഃസംഘടനയിലുള്ള അതൃപതി വ്യക്തമാക്കി കെ മുരളധരനടക്കമുള്ളവര്‍ പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. പുനഃസംഘടനയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും എന്നാല്‍ പരസ്യമായി പ്രതികരിച്ച് ഒരു വിഴുപ്പലക്കലിനില്ലെന്നുമാണ് മുരളീധരന്റെ പ്രതികരണം.  പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല. പത്രത്തില്‍ വാര്‍ത്ത വരുന്നത് കൊണ്ട് ഞാനൊക്കെ അറിയുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുമ്പോള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന അവസരം നേതാക്കന്‍മാരുടെ പരസ്യ പ്രസ്താവനകള്‍ക്കൊണ്ട് ഇല്ലാതാവരുത്. ഞങ്ങളെയൊക്കെ ഈ സ്ഥാനത്ത് എത്തിക്കാന്‍ ആഹോരാത്രം പ്രവര്‍ത്തിച്ചവരാണ് പ്രവര്‍ത്തകര്‍. അവര്‍ക്ക് പ്രായാസമുണ്ടാകുന്ന ഒരു നിലപാടും ഉണ്ടാവില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സമാന അഭിപ്രായം തന്നെയാണ് ബെന്നിയും പറയുന്നത്. നേതൃത്വത്തിന്റെ അറിവോടെയാണ് തന്റെ രാജിയെന്നാണ് ബെന്നി പറയുന്നത്. എന്നാല്‍ ബെന്നിക്കെതിരെ ദേശീയ നേതൃത്വത്തിന് നിരവധി പരാതികള്‍ പോയതായാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസ് ആരോപിച്ച് ബെന്നി ഉപയോഗിച്ച പല ആരോപണങ്ങളും മുസ്ലിം സമുദായത്തിനിടയില്‍ അതൃപ്തിയുണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ബെന്നിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ ഇടതുപക്ഷം വലിയ പ്രചാരണം നടത്തിയിരുന്നു. ഈ ഒരു സാഹചര്യം ഉപയോഗപ്പെടുത്തിയാണ് ബെന്നിയെ വെട്ടാന്‍ നീക്കം നടന്നത്. ബെന്നിയുടെ സ്ഥാനം എം എം ഹസന് നല്‍കാനാണ് ഉമ്മന്‍ചാണ്ടി നീക്കം. ഇതോടെ ഖുര്‍ആന്‍ വിഷയവുമായി ഉയര്‍ന്നുവന്ന ആരോപണം തണുപ്പിക്കാന്‍ കഴിയുമെന്ന് ഉമ്മന്‍ചാണ്ടി കണക്ക് കൂട്ടുന്നു.

എ പി ശമീര്‍

 

 

Latest