Connect with us

Editorial

ജി എസ് ടി നഷ്ടപരിഹാരവും കേന്ദ്രത്തിന്റെ തിരിമറിയും

Published

|

Last Updated

സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ കടുത്ത വഞ്ചനയാണ് ജി എസ് ടി നഷ്ടപരിഹാരത്തുക വകമാറ്റിയ നടപടി. ജി എസ് ടി നഷ്ടപരിഹാരത്തുക അതാത് വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് കൈമാറേണ്ടതാണ്. സഞ്ചിത ഫണ്ടിലേക്കാണ് സെസ് ഇനത്തില്‍ പിരിക്കുന്ന പണം ആദ്യം ലഭിക്കുന്നത്. നികുതി വകുപ്പ് പിന്നീട് അത് നഷ്ടപരിഹാര ഫണ്ടിലേക്ക് മാറ്റുകയാണ് പതിവ്. എന്നാല്‍, 2017-18, 2018- 19 കാലയളവില്‍ ലഭിച്ച 47,272 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നേരെ പൊതുഫണ്ടിലേക്ക് വകമാറ്റുകയും ആ പണം മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്തുവെന്നാണ് ബുധനാഴ്ച പാര്‍ലിമെന്റില്‍ സമര്‍പ്പിച്ച സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊതുഫണ്ടില്‍ കൂടുതല്‍ വരുമാനം കാണിക്കാനും നടപ്പുവര്‍ഷത്തെ ധനക്കമ്മി കുറവാണെന്ന് വരുത്താനുമാണ് ഈ തിരിമറി.

2017ലെ ജി എസ് ടി നഷ്ടപരിഹാര സെസ് നിയമപ്രകാരം സെസ് വഴി ലഭിക്കുന്ന പണം പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി മാത്രമേ വിനിയോഗിക്കാവൂ എന്നും മറ്റിനങ്ങള്‍ക്ക് വിനിയോഗിക്കരുതെന്നുമാണ് നിര്‍ദേശം. 2015-16 സാമ്പത്തിക വര്‍ഷം അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് അഞ്ച് വര്‍ഷം വിഹിതം നല്‍കുമെന്നും ജി എസ് ടി (കോമ്പന്‍സേഷന്‍ ആക്ട്) 2017 ഉറപ്പുനല്‍കുന്നു. ഇതനുസരിച്ചു 2022 വരെ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രം ബാധ്യസ്ഥമാണ്. എല്ലാ ഈരണ്ട് മാസം കൂടുമ്പോഴും അത് നല്‍കണം. ആ ബാധ്യതയില്‍ നിന്നാണ് കണക്കില്‍ കൃത്രിമം കാട്ടി കേന്ദ്രം ഒഴിഞ്ഞുമാറുന്നത്. നടപ്പുവര്‍ഷത്തെ ജി എസ് ടി നഷ്ടപരിഹാരത്തുകക്ക് വേണ്ടി സംസ്ഥാനങ്ങള്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് മൂലം നികുതി വരുമാനം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് കോമ്പന്‍സേഷന്‍ ഫണ്ടില്‍ തുകയില്ലാത്തത് കൊണ്ടാണ് ജി എസ് ടി നഷ്ടപരിഹാരം നല്‍കാത്തതെന്നും കേന്ദ്രത്തിന്റെ വീഴ്ചകൊണ്ടല്ലെന്നുമായിരുന്നു ഇതുസംബന്ധിച്ച് നേരത്തേ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ആഗസ്റ്റ് 11ന് നടന്ന ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ധനസെക്രട്ടറിയും നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈയിനത്തില്‍ വരുന്ന നഷ്ടത്തെ സംസ്ഥാനങ്ങള്‍ കൊവിഡ് മഹാമാരിയെന്ന “ദൈവിക നിയോഗ”മായി കാണണമെന്നായിരുന്നു മന്ത്രിയുടെ ഉപദേശം. എന്നാല്‍, ദൈവിക നിയോഗമല്ല കേന്ദ്രസര്‍ക്കാറിന്റെ തട്ടിപ്പാണെന്നാണ് സി എ ജി റിപ്പോര്‍ട്ട് ബോധ്യപ്പെടുത്തുന്നത്.

കേന്ദ്രം നല്‍കേണ്ട പണത്തിന് പകരമായി റിസര്‍വ് ബേങ്കില്‍ നിന്ന് വായ്പയെടുക്കാനായിരുന്നു ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാനങ്ങളോട് ധനമന്ത്രാലയം നിര്‍ദേശിച്ചത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതംഗീകരിച്ചിട്ടില്ല. പണമില്ലെങ്കില്‍ കേന്ദ്രം വായ്പയെടുത്തു തരട്ടേയെന്ന നിലപാടാണ് സംസ്ഥാനങ്ങള്‍ സ്വീകരിച്ചത്. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ നഷ്ടപരിഹാര ഇനത്തില്‍ കേരളത്തിന് ലഭിക്കാനുള്ള 7,000 കോടി രൂപ ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഇത് സംബന്ധിച്ച് തര്‍ക്കം തുടര്‍ന്നുകൊണ്ടിരിക്കെയാണ് സെസ് തുക കേന്ദ്രം വകമാറ്റിയെന്ന വിവരം പുറത്തുവന്നത്. ജി എസ് ടി വരുമാനം നഷ്ടപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ (സി എഫ് ഐ)യിൽ ‍നിന്ന്, നഷ്ടപരിഹാരം നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് അറ്റോർണി ജനറലിനെ ഉദ്ധരിച്ച് ധനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോള്‍ പുറത്തുവന്ന സി എ ജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഈ വാദത്തെ നിരാകരിക്കുന്നു.

ജി എസ് ടിയുടെ ആദ്യ രണ്ട് വര്‍ഷങ്ങളില്‍ സെസ് ഫണ്ടില്‍ സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരത്തുക നല്‍കിക്കഴിഞ്ഞ ശേഷവും ഒരു ലക്ഷം കോടി മിച്ചമായിരുന്നു. അത് കേന്ദ്രത്തിന്റെ പബ്ലിക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണുണ്ടായത്. ഈ തുക സെസ് ഫണ്ടില്‍ തന്നെ വെക്കുകയും ഏതെങ്കിലും വര്‍ഷത്തില്‍ ഫണ്ടില്‍ കുറവ് വരികയാണെങ്കില്‍ അത് നികത്താന്‍ ഉപയോഗിക്കുകയുമാണ് വേണ്ടത്. അഥവാ അടിയന്തരഘട്ടത്തില്‍ ഫണ്ട് മറ്റാവശ്യത്തിന് എടുത്താല്‍ തന്നെ നഷ്ടപരിഹാരത്തുകയില്‍ കുറവ് വരുമ്പോള്‍ തിരിച്ചു നിക്ഷേപിക്കേണ്ടതുണ്ട്. അതിന് പകരം മിച്ചം വന്നാല്‍ അത് തങ്ങള്‍ക്ക് വേണം, കുറവ് വന്നാല്‍ അത് സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന കേന്ദ്രനിലപാട് അധാര്‍മികവും ഫെഡറല്‍ വ്യവസ്ഥയുടെ ലംഘനവുമാണ്. കഴിഞ്ഞ ജി എസ് ടി യോഗത്തില്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ്, ജി എസ് ടി നടപ്പാക്കുന്നത് മൂലമുണ്ടാകുന്ന നഷ്ടംനികത്താനേ കേന്ദ്രത്തിന് ബാധ്യതയുള്ളൂവെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തെ നഷ്ടം കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടതായത് കൊണ്ട് അത് നികത്താന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നുമുള്ള മുട്ടാപ്പോക്ക് ന്യായത്തിലേക്ക് കേന്ദ്രം വഴിമാറിയത്. ഏതുവിധേനയും തങ്ങളുടെ ബാധ്യതയില്‍ നിന്ന് തടിഊരുകയാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യം.

അഞ്ച് വര്‍ഷത്തേക്കുള്ള നഷ്ടപരിഹാരമുള്‍പ്പെടെ കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ കണക്കിലെടുത്തായിരുന്നു സംസ്ഥാനങ്ങള്‍ തങ്ങളുടെ നികുതി മേഖലയുടെ 70 ശതമാനവും അടിയറ വെച്ച് ജി എസ് ടി ഏര്‍പ്പെടുത്താന്‍ സമ്മതിച്ചത്. സംരക്ഷിത വരുമാനവും യഥാര്‍ഥ വരുമാനവും തമ്മിലുള്ള അന്തരത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കേണ്ട ഈ നഷ്ടപരിഹാരത്തുക രാജ്യം അവിചാരിതമായി നേരിടേണ്ടി വന്ന കൊവിഡ് പോലുള്ള മഹാമാരികളുമായോ പ്രകൃതി ദുരന്തങ്ങളുമായോ ബന്ധിക്കേണ്ടതില്ല. മാത്രമല്ല, കൊവിഡ് മഹാമാരിയുടെ ദുരന്തങ്ങളും നഷ്ടങ്ങളും കേന്ദ്രത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. സംസ്ഥാനങ്ങളും ഏറ്റുവാങ്ങുന്നുണ്ട് അതിന്റെ ആഘാതങ്ങള്‍. കേന്ദ്രം ഇപ്പോള്‍ നേരിടുന്ന തീഷ്ണമായ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കൊവിഡ് മാത്രമല്ല, നോട്ടുനിരോധനം പോലുള്ള തലതിരിഞ്ഞ സാമ്പത്തിക നയങ്ങള്‍ കൂടിയാണ്. റിസര്‍വ് ബേങ്ക് മേധാവികളുടെ ഉപദേശങ്ങള്‍ പോലും വകവെക്കാതെ നടപ്പാക്കിയ ഇത്തരം ചിന്താശൂന്യവും വിവേക രഹിതവുമായ നടപടികളുടെ പാപഭാരത്തിന് സംസ്ഥാനങ്ങള്‍ കൂടി ചുമല് വെച്ചുകൊടുക്കണമെന്ന് പറയുന്നത് അന്യായമാണ്. ഇപ്പോള്‍ ജി എസ് ടി സെസ് വരുമാനത്തില്‍ ഉണ്ടെന്ന് പറയുന്ന നഷ്ടത്തിന്റെ കണക്ക് കൃത്രിമമാണെന്ന് സി എ ജി കണ്ടെത്തിയിരിക്കെ കേന്ദ്രത്തിന് ഇനിയും തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

Latest