Connect with us

Kozhikode

ബഷീറിന്റെ ഓർമകൾ അലയടിച്ച് അനുസ്മരണ ദിനം

Published

|

Last Updated

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന കെ എം ബഷീർ അനുസ്മരണ സമ്മേളനത്തിൽ മീഡിയ അക്കാദമി ചെയര്മാകന്ആ ർ എസ് ബാബു സംസാരിക്കുന്നു

തിരുവനന്തപുരം | ശ്രീറാംവെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചു കൊല്ലപ്പെട്ട തിരുവനന്തപുരം സിറാജ് യൂനിറ്റ് ചീഫ് കെ എം ബഷീറിന്റെ ഓർമകൾക്ക് മുന്നിൽ വിതുമ്പി കേരളം. ബഷീറിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സംഘടിപ്പിക്കപ്പെട്ട അനുസ്മരണ ചടങ്ങുകളിൽ ബഷീർ ഓർമകൾ നിറഞ്ഞു. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ ജില്ലകളിലും ജില്ലാ നേതൃത്വം അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു. മാധ്യമ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്ത് സംസാരിച്ചു.

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച കെ എം ബഷീർ അനുസ്മരണ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

യോഗത്തിൽ കെ യു ഡബ്ല്യു ജെ ജില്ലാ പ്രസിഡന്റ്സുരേഷ് വെള്ളിമംഗലം അധ്യക്ഷത വഹിച്ചു. മീഡിയാ അക്കാദമി ചെയർമാൻ ആർ എസ് ബാബു, കെ യു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജി, സിറാജ് യൂനിറ്റ് ചീഫ് സൈഫുദ്ദീൻ ഹാജി, സെക്രട്ടറി ടി പി പ്രശാന്ത്, മുതിർന്ന മാധ്യമപ്രവർത്തകരായ വി പ്രതാപചന്ദ്രൻ, യു വിക്രമൻ, ആർ അജിത് കുമാർ, നിസാർ മുഹമ്മദ്, അരവിന്ദ് എസ് ശശി, അജിത് ലോറൻസ്, ബിജു ചന്ദ്രശേഖർ, മാർഷൽ വി സെബാസ്റ്റ്യൻ, വി വി അരുൺ, അനുപമ ജി നായർ, എസ് ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.

കെ യു ഡബ്ല്യു ജെ ജില്ലാ സെക്രട്ടറി ബി അഭിജിത് സ്വാഗതം പറഞ്ഞു. പ്രസ് ക്ലബ്ബ് സെക്രട്ടറി സാബു തോമസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

[irp]

തുടക്കം മുതൽ കേസ് പതിയെ കൊണ്ടുപോകാൻ ശ്രമം: തിരുവഞ്ചൂർ

കോട്ടയം | കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ കേസ് പതിയെ കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. തെളിവെടുപ്പിന്റെ കാര്യത്തിൽ കാലതാമസം ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ച് തന്നെ പ്രശ്‌നങ്ങളുണ്ടായി. അപകടത്തിന് ഇടയാക്കിയ കാർ ആരാണ് ഓടിച്ചിരുന്നതെന്നതിനെ സംബന്ധിച്ച് സംശയം ഉയർന്നു. അപകടത്തിന് ഇരയാക്കിയ കാർ ഓടിച്ചെന്ന് പറയുന്ന ഐ എ എസ് ഓഫീസറുടെ മെഡിക്കൽ പരിശോധന കാര്യമായി നടത്തിയില്ല. അങ്ങനെ കേസിന്റെ ഓരോഘട്ടത്തിലും ഈ കാലതാമസം നേരിട്ടു.

കെ എം ബഷീർ അപകടത്തിൽ കൊല്ലപ്പെട്ട് ഒരു വർഷം കഴിയുമ്പോഴും കേസിന്റെ വിചാരണ അടക്കമുളള നടപടികളിലേക്ക് കടന്നിട്ടില്ലെന്നതാണ് സത്യം. പ്രതിസ്ഥാനത്തുള്ള ഐ എ എസ് ഉദ്യോഗസ്ഥനെ കൊവിഡുമായി നിർണായക സ്ഥാനത്ത് അവരോധിച്ചിരിക്കുകയാണ്. ഭരണത്തിൽ സജീവ പങ്കാളിത്തമുളള പദവിയാണത്. ഇത്ര ദുരൂഹമായ പശ്ചാത്തലമുള്ളതായി സമൂഹം കാണുന്ന ഐ എ എസ് ഉദ്യോഗസ്ഥന് ഇത്തരം ചുമതല നൽകിയത് തെറ്റായ സന്ദേശമാണ് നൽകുന്നത്. കേസ് നടത്തിപ്പിലുളള കാലതാമസം ഒഴിവാക്കാൻ നമ്മൾ ഒരുമിച്ച് മുന്നേറണം. കെ എം ബഷീറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള നീതിനിഷേധമാണ് കാണുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

കെ എം ബഷീറിന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പ്രസ്‌ക്ലബിൽ സംഘടിപ്പിച്ച ബഷീർ സ്മൃതി സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ്ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി എസ് സനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം ജി ശ്രീജിത്ത്, രാജീവ് പ്രസാദ് അനുസ്മരിച്ചു.

[irp]
ബഷീർ ആവശ്യപ്പെടുന്നത് നീതി: കെ ഇ എൻ

കോഴിക്കോട് | തൊഴിൽ നിർവഹണത്തിനിടെ അധികാരപ്രമത്തതയാൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ എം ബഷീറിന് നീതി ലഭിക്കണമെന്ന് കെ ഇ എൻ. ബഷീർ ആവശ്യപ്പെടുന്നത് നീതിയാണെന്നും അദ്ദേഹം പറഞ്ഞു. സത്യത്തിനും സ്‌നേഹത്തിനും ദയക്കും ജീവിതത്തിൽ പരമമായ മൂല്യമുണ്ട്. എന്നാൽ നീതിയില്ലെങ്കിൽ സത്യത്തിനും സ്‌നേഹത്തിനും ദയക്കും നിലനിൽപ്പില്ല. മരണത്തിലും മരിക്കാത്തത് നീതിയാണ്. ആ നീതിയാണ് ജീവിതത്തിന്റെ നേതൃത്വമായി തീരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിന്റെ ഒന്നാം ചരമവാർഷികദിനത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നീതിയുടെ കഴുത്ത് മുറുക്കാനാണ് അധികാര ശക്തികൾ ശ്രമിക്കുന്നത്. നീതി കൊല്ലപ്പെടാനോ നാടുകടത്തപ്പെടാനോ നിശബ്ദമാക്കപ്പെടാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് തൊഴിലിനെ സംബന്ധിച്ചും നീതി പ്രധാനമാണ്. പത്രപ്രവർത്തകന്റെ തൊഴിൽ എന്നത് സത്യത്തെ അഭിവാദ്യം ചെയ്യുകയെന്നതല്ല. മറിച്ച് ഏത് പാതാളക്കുഴിയിൽ പോയി ഒളിച്ചാലും ആ സത്യത്തെ സാഹസികമായി പിന്തുടർന്ന് കണ്ടെത്തുകയെന്നതാണ്.

നൈതിക ധീരത പുലർത്തിയ മാധ്യമപ്രവർത്തകനായ ബഷീറിന്റെ അനുസ്മരണം നീതിക്കുവേണ്ടിയുള്ള പോരാട്ടമായി പരിണമിക്കണമെന്നും കെ ഇ എൻ കൂട്ടിച്ചേർത്തു. തന്റെ തൊഴിലിനോട് നൂറ് ശതമാനം സത്യസന്ധത പുലർത്തിയ ഊർജസ്വ ലനായ പത്രപ്രവർത്തകനായ കെ എം ബഷീറിന്റെ മരണം സ്വാഭാവികമല്ല. തൊഴിൽ നിർവഹണത്തിന്റെ യാത്രക്കിടയിലാണ് ബഷീറിന്റെ ജീവിതം, ഒരുതരം ധാർമികതയും പുലർത്താത്ത അധികാരപ്രമത്തതക്ക് കീഴിപ്പെട്ട് അവസാനിച്ച് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നടക്കാവ് സിറാജ് ഓഫീസിൽ നടന്ന പരിപാടിയിൽ കെ യു ഡബ്ല്യു ജെ ജില്ലാ പ്രസിഡന്റ് എം ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. സിറാജ് മാനേജിംഗ് എഡിറ്റർ എൻ അലി അബ്ദുല്ല, കെ യു ഡബ്ല്യു ജെ സംസ്ഥാന വൈസ് പ്രസിഡന്റ്പി വി കുട്ടൻ, മുൻ സംസ്ഥാന പ്രസിഡന്റ്കമാൽ വരദൂർ, സിറാജ് എഡിറ്റർ ഇൻ ചാർജ് ടി കെ അബ്ദുൽഗഫൂർ, സംസ്ഥാന മീഡിയ അക്രഡിറ്റേഷൻ കമ്മിറ്റി അംഗം ദീപക് ധർമടം, ട്രഷറർ ഇ പി മുഹമ്മദ് സംസാരിച്ചു. ജില്ലാ സെക്രട്ടറി പി എസ് രാകേഷ് സ്വാഗതവും സിറാജ് സെൽ പ്രസിഡന്റ്എം വി ഫിറോസ് നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest