Connect with us

Prathivaram

കേസിന്റെ നാൾവഴികൾ

Published

|

Last Updated

2019 ആഗസ്റ്റ് മൂന്ന് : പുലർച്ചെ ഒരു മണിയോടെ മ്യൂസിയം പബ്ലിക് ഓഫീസിന് മുന്നിൽ ബഷീറിന്റെ ബൈക്കിന് പിന്നിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാർ ഇടിച്ചു കയറുന്നു.

ഗുരുതര പരിക്കുകളേറ്റ ബഷീറിനെ പോലീസ് ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നു. ആശുപത്രിയിലെത്തുന്നതിന് മുമ്പു തന്നെ ബഷീർ മരണപ്പെടുന്നു.

ശ്രീറാമിനെ പോലീസ് സ്‌റ്റേഷനിൽ നിന്ന് ജനറൽ ആശുപത്രിയിൽ കൊണ്ടു പോകുന്നു.
മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത ശ്രീറാം കിംസ് ആശുപത്രിയിലേക്ക് പോകുന്നു.

ബഷീറിന്റെ സഹപ്രവർത്തകർ അപകട വിവരമറിഞ്ഞ് മ്യൂസിയം പോലീസ് സ്‌റ്റേഷനിലേക്കെത്തുന്നു.
തുടർന്ന് മെഡിക്കൽ കോളജ് മോർച്ചറിയിലെത്തി മൃതദേഹം കണ്ട് സ്ഥിരീകരിച്ച ശേഷം സഹപ്രവർത്തകർ പോലീസ് സ്‌റ്റേഷനിലേക്ക്.

രാത്രി മ്യൂസിയം പോലീസ് സ്റ്റേഷനിൽ സിറാജ് ഡയറക്ടർ സെയ്ഫുദ്ദീൻ ഹാജിയിൽ നിന്നും മാധ്യമസുഹൃത്തുക്കളിൽ നിന്നും മൊഴി ശേഖരിക്കുന്നു.

[irp]

വഫ ഫിറോസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(5)യിൽ രഹസ്യമൊഴി നൽകുന്നു, കാർ ഓടിച്ചിരുന്നത് ശ്രീറാം തന്നെയായിരുന്നുവെന്ന് മൊഴി.
ആഗസ്റ്റ് മൂന്ന്: വൈകുന്നേരം മ്യൂസിയം പോലീസ് ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി, മ്യൂസിയം പോലീസിന്റെ റിമാൻഡ് അപേക്ഷയിൽ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ശ്രീറാമിനെ റിമാൻഡ് ചെയ്യുന്നു.

ആഗസ്റ്റ് നാല്: ശ്രീറാമിനെ സസ്പെൻഡ് ചെയ്യണമെന്നും ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സിറാജ് ഡയറക്ടർ എ സെയ്ഫുദ്ദീൻ ഹാജിയുടെ വാർത്താസമ്മേളനം; കിംസ് ആശുപത്രിയിൽ സുഖചികിത്സ പാടില്ലെന്നും റിമാൻഡ് പ്രതിയെ ജയിലിലേക്ക് അയക്കണമെന്നും ആവശ്യമുന്നയിച്ചു.

ആഗസ്റ്റ് നാല്: വൈകുന്നേരത്തോടെ കിംസിൽ നിന്ന് ആംബുലൻസിൽ മജിസ്ട്രേറ്റിന് മുന്നിലേക്ക് എത്തിച്ച ശ്രീറാമിനെ ജയിലിലേക്ക് കൊണ്ടുപോയെങ്കിലും ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി മെഡിക്കൽ കോളജിലേക്ക് മാറ്റി, ട്രോമാ കെയറിൽ അഡ്മിറ്റ് ചെയ്തു.

ആഗസ്റ്റ് അഞ്ച്: ശ്രീറാം വെങ്കിട്ടരാമനെ ചീഫ് സെക്രട്ടറി സസ്പെൻഡ് ചെയ്യുന്നു; നടപടി സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ക്രിമിനൽ കേസിൽ റിമാൻഡിലായ സാഹചര്യം ചൂണ്ടിക്കാട്ടി 1969ലെ ഓൾ ഇന്ത്യ സർവീസസ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽ) റൂൾസ് റൂൾ 3(3) അനുസരിച്ച്. വകുപ്പുതല അന്വേഷണത്തിന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

ആഗസ്റ്റ് അഞ്ച്: അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ബോധ്യമായതിനെ തുടർന്ന് മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിനും സസ്പെൻഷൻ.

ആഗസ്റ്റ് ആറ്: ശ്രീറാമിന് സി ജെ എം കോടതി ജാമ്യം അനുവദിച്ചു; ശ്രീറാം മദ്യപിച്ചിരുന്നുവെന്ന രക്തപരിശോധനാ റിപ്പോർട്ട് പോലീസിന് ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു ജാമ്യം.

ആഗസ്റ്റ് ആറ്: ശ്രീറാമിന്റെ ജാമ്യത്തിൽ പ്രതിഷേധിച്ച് പത്രപ്രവർത്തക യൂനിയന്റെയും തിരുവനന്തപുരം പ്രസ്സ്ക്ലബിന്റെയും നേതൃത്വത്തിൽ മാധ്യമപ്രതിഷേധം; പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്.

[irp]

ആഗസ്റ്റ് ഏഴ്: ശ്രീറാമിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന സർക്കാറിന്റെ ആവശ്യം ഹെക്കോടതി വിസമ്മതിച്ചു; രക്തപരിശോധന നടത്താതെ തെളിവു നശിപ്പിക്കാനുള്ള ശ്രമം തടയാതിരുന്ന പോലീസിന് രൂക്ഷ വിമർശനം.
ആഗസ്റ്റ് ഏഴ്: പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് സർക്കാർ ഉത്തരവ്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ഷെയ്ക് ദർവേഷ് സാഹിബിന് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.

ആഗസ്റ്റ് ഏഴ്: പഴുതടച്ച അന്വേഷണമുണ്ടാകുമെന്നും ബഷീറിന്റെ കുടുംബത്തെ സഹായിക്കാൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി.

ആഗസ്റ്റ് എട്ട്: ശ്രീറാമിന് റിട്രോഗ്രേഡ് അംനേഷ്യയെന്ന മറവി രോഗമെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ.

ആഗസ്റ്റ് 12: ആരോഗ്യ നില തൃപ്തികരമെന്ന വിലയിരുത്തലിൽ ശ്രീറാം ആശുപത്രി വിട്ടു.

ആഗസ്റ്റ് 13: പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതിയിൽ. സിറാജ് മാനേജ്മെന്റ് പ്രതിനിധി മൊഴി നൽകാൻ വൈകിയതിനാലാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകിയതെന്ന മ്യൂസിയം പോലീസിന്റെ വിചിത്ര വാദം ശരിവെച്ച് റിപ്പോർട്ട്.

റിപ്പോർട്ടിനെതിരെ വ്യാപക പ്രതിഷേധം; തുടർന്ന് പ്രധാന അന്വേഷണ ചുമതലയിൽ നിന്നും സിറ്റി നർക്കോട്ടിക് സെൽ എ സി ഷീൻ തറയിലിനെ മാറ്റി. ക്രൈം ബ്രാഞ്ച് എസ് പി എ ഷാനവാസിന് മുഖ്യ അന്വേഷണ ചുമതല.
പ്രതികളിൽ നിന്നും സാക്ഷികളിൽ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തൽ നടപടികൾ ആരംഭിച്ചു; ബഷീറിന്റെ ഫോൺ കണ്ടെത്താനാകാതെ അന്വേഷണ സംഘം.

ആഗസ്റ്റ് 27: സസ്‌പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറി ചാർജ് ഷീറ്റ് നൽകി.
സെപ്തംബർ ഏഴ്: തനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ നിഷേധിച്ച് ശ്രീറാം വെങ്കിട്ടരാമൻ ചീഫ് സെക്രട്ടറിക്ക് രേഖാമൂലം മറുപടി നൽകി.

ഒക്ടോബർ നാല്: പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ശ്രീറാമിന്റെ സസ്പെൻഷൻ കാലാവധി നീട്ടി ചീഫ് സെക്രട്ടറി.

ഒക്ടോബർ 23: ശ്രീറാം വെങ്കിട്ടരാമൻ കാറോടിച്ചിരുന്നത് അമിത വേഗത്തിലെന്ന് സ്ഥിരീകരിച്ച് മോട്ടോർ വാഹന വകുപ്പ്.

ഒക്ടോബർ 25: അന്വേഷണം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി മജിസ്ട്രേറ്റ് കോടതി; ഡിസംബർ 15നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവ്, ഫോറൻസിക് റിപ്പോർട്ടിനായി കാക്കുന്നുവെന്ന് അന്വേഷണ സംഘം.

നവംബർ 22: സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് അധ്യക്ഷനായി ആഭ്യന്തര അന്വേഷണ സമിതി, ഊർജ വകുപ്പ് സെക്രട്ടറി ഡോ. ബി അശോകുമാർ പ്രസന്റിംഗ് ഓഫീസർ.

2019 ഡിസംബർ 17: സഞ്ജയ് ഗാർഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിക്ക് മുന്നിൽ ശ്രീറാം വെങ്കിട്ടരാമൻ ഹാജരായി. കേസിലെ പരാതിക്കാരനും സിറാജ് ഡയറക്ടറുമായ എ സൈഫുദ്ദീൻ ഹാജിയിൽ നിന്നും സമിതി മൊഴിയെടുത്തു. താനല്ല വാഹനമോടിച്ചിരുന്നതെന്ന മുൻ വാദം ശ്രീറാം സമിതിയിൽ ഉന്നയിച്ചു. ഈ വാദം തള്ളി സിറാജ് ഡയറക്ടർ സെയ്ഫുദ്ദീൻ ഹാജി വഫ ഫിറോസിന്റെ രഹസ്യമൊഴി അന്വേഷണ സമിതിക്ക് കൈമാറി. പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകളും മൊഴികളും കൂടി സമിതി പരിശോധിക്കണമെന്ന ആവശ്യം സെയ്ഫുദ്ദീൻ ഹാജി ഉന്നയിച്ചു.

2020 ജനുവരി 29: ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കാൻ ശിപാർശ ചെയ്ത് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്.
ജനുവരി 30: മുഖ്യമന്ത്രിയെ നേരിൽ കണ്ട് പ്രതിഷേധമറിയിച്ച് സിറാജ് മാനേജ്മെന്റും പത്രപ്രവർത്തക യൂനിയനും.

ജനുവരി 30: ചീഫ് സെക്രട്ടറിയുടെ ശിപാർശ തള്ളി ശ്രീറാമിന്റെ സസ്പെൻഷൻ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി മുഖ്യമന്ത്രി.
2020 ഫെബ്രുവരി ഒന്ന്: ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു: വഫ ഫിറോസ് രണ്ടാം പ്രതി.
കുറ്റപത്രം പരിഗണിച്ച കോടതി ഫെബ്രുവരി 24ന് ശ്രീറാം വെങ്കിട്ടരാമനും വഫയും കോടതിയിൽ നേരിട്ടു ഹാജരാകാൻ ഉത്തരവ്.

ഫെബ്രുവരി 24: ശ്രീറാമും വഫയും കോടതിയിൽ ഹാജരായില്ല; ഇവരുടെ അഭിഭാഷകർ ഹാജരായി അവധി അപേക്ഷ സമർപ്പിച്ചു. ഏപ്രിൽ 16ലേക്ക് കേസ് മാറ്റി.
2020 മാർച്ച് 20: ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവ്.

മാർച്ച് 23: ആരോഗ്യവകുപ്പിൽ ജോയിന്റ്സെക്രട്ടറിയായി ശ്രീറാം സർവീസിലേക്ക്; സസ്പെൻഷൻ കാലാവധി തീരാറായിരിക്കേ ഇനി മാറ്റിനിർത്തുക എളുപ്പമല്ലെന്ന് സർക്കാർ നിലപാട്.

മാർച്ച് 23: തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിറാജ് മാനേജ്മെന്റ് മുഖ്യമന്ത്രിക്ക് പരാതി നൽകി.
2020 ഏപ്രിൽ 16: കൊവിഡിന്റെ പശ്ചാത്തലത്തിൽ കേസ് ജൂലൈ 21ലേക്ക് മാറ്റിവെച്ചു.

2020 ജൂലൈ 21: കോടതി കേസ് പരിഗണിച്ചു; ശ്രീറാമും വഫയും ഹാജരായില്ല; സെപ്തംബർ 16ന് നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട് കോടതി. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾ രണ്ടു പേരും ഹാജരായതിന് ശേഷം കേസ് വിചാരണക്കായി മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ജില്ലാ സെഷൻസ് കോടതിയിലേക്ക് വിടും.

Latest