Connect with us

Covid19

'വെന്റിലേറ്റർ നീക്കം ചെയ്തു, ഞാനിപ്പോൾ മരിക്കും'; കൊവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ അവസാനസന്ദേശം

Published

|

Last Updated

ഹൈദരാബാദ് | കടുത്ത പനി കാരണം ചികിത്സയിലിരിക്കെ മരിച്ച 26കാരനായ മകൻ അച്ഛനയച്ച വീഡിയോ സന്ദേശം വിമർശത്തിനിടയാക്കുന്നു. “അവർ വെന്റിലേറ്റർ നീക്കം ചെയ്തു. എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ലെന്ന് കഴിഞ്ഞ മൂന്ന് മണിക്കൂറോളമായി പറഞ്ഞു കൊണ്ടിരിക്കുന്നു. ആരും ശ്രദ്ധിക്കുന്നില്ല. ഞാനിപ്പോൾ മരിക്കും. ഡാഡി. ബൈ ഡാഡി. എല്ലാവരോടും വിട, ഡാഡി”. സന്ദേശമയച്ച് നിമിഷങ്ങൾക്കുള്ളിൽ യുവാവ് മരിച്ചു. മരിച്ചതിന്റെ പിറ്റേ ദിവസമാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

സാമൂഹികമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായതിനെ തുടർന്നാണ് വെള്ളിയാഴ്ച രാത്രി നടന്ന സംഭവം ഇന്നലെ പുറംലോകമറിഞ്ഞത്. ഈ മാസം 24ന് കടുത്ത പനി ബാധിച്ചതിനെ തുടർന്ന് വിവിധ സ്വകാര്യ ആശുപത്രികളിൽ കൊണ്ടു പോയെങ്കിലും ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്
ഹൈദരാബാദ് എറഗദ്ദയിലെ ഗവ. ചെസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. 26ന് മരിച്ചു. ഹൈദരാബാദിലെ ജവഹർ നഗർ സ്വദേശിയാണ്.

എന്നാൽ, വെന്റിലേറ്റർ നീക്കം ചെയ്തുവെന്ന ആരോപണം ആശുപത്രി സൂപ്രണ്ട് മെഹബൂബ് ഖാൻ നിഷേധിച്ചു. വെന്റിലേറ്റർ പിന്തുണ നൽകിയിരുന്നെങ്കിലും രോഗിയുടെ അവസ്ഥ വളരെ മോശമായിരുന്നു. ഹൃദയാഘാതം മൂലമാണ് യുവാവ് മരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം കേസുകൾ ആശുപത്രിയിൽ വരുന്നുണ്ട്. സാധാരണയായി കൊവിഡ് ബാധിച്ച് പ്രായമായവർ മരിക്കുന്നത് ശ്വാസതടസ്സം നേരിടുന്നത് മൂലമാണ്. ഹൃദയത്തിൽ വൈറൽ അണുബാധയുള്ള 25-40 വയസ്സിനിടയിലുള്ളവരിലും ഇങ്ങനെ കാണാറുണ്ട്. ഇത്തരക്കാർക്ക് ഓക്‌സിജൻ നൽകിയാലും അത് അപര്യാപ്തമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇയാളെ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചുവെന്നും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്നും ഡോ. മെഹബൂബ് ഖാൻ വ്യക്തമാക്കി.

Latest