Connect with us

Articles

അവർ കുടിയേറ്റ തൊഴിലാളികളാണ്

Published

|

Last Updated

മനുഷ്യസമൂഹം ഓരോ കാലത്തും രാഷ്ട്രീയ അതിജീവനം നേടിയത് ആ കാലത്തെ സാമൂഹിക സാഹചര്യങ്ങളെ ഉള്‍കൊണ്ടുകൊണ്ടാണ്. എത്ര ഗുരുതരമായ പ്രതിസന്ധികളും സ്ഥായിയായി നിലനില്‍ക്കുന്നതല്ല. മനുഷ്യന്റെ ഇടപെടല്‍ അത്തരം പ്രതിസന്ധികളെ മാറ്റി അതിജീവനം സാധ്യമാക്കിയതാണ് ചരിത്രം. കൊവിഡ് അതിജീവനവും അങ്ങനെ തന്നെയായിരിക്കും.

എന്നാല്‍, ചില പ്രത്യേക സാമൂഹിക സാഹചര്യങ്ങളില്‍ മനുഷ്യര്‍ വല്ലാതെ തളര്‍ന്നുവീഴാറുണ്ട്. ഒരേസമയം നിലനില്‍പ്പിനെയും മുന്നോട്ടുള്ള പ്രയാണത്തെയും കുറിച്ചുള്ള ആശങ്കയാണ് അതിന് കാരണം. വ്യക്തിയില്‍ നിന്ന് ഉടലെടുത്ത് കുടുംബത്തിലേക്ക് വ്യാപിച്ച ആശങ്കയുടെ അകത്താണ് ഗള്‍ഫിലെ കേരളീയരായ തൊഴില്‍ കുടിയേറ്റ സമൂഹം. ഇന്നലെ വരെ അർഥമറിഞ്ഞോ അറിയാതെയോ “പ്രവാസി” എന്ന് വിളിച്ച് ആഘോഷമാക്കിയ ഗള്‍ഫുകാരന്റെ ആ വിളിപ്പേര് മാറ്റാന്‍ സമയമായിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഗള്‍ഫ് കുടിയേറ്റ തൊഴിലാളികളാണ് ഞങ്ങളെന്ന് ഗള്‍ഫിലെ ഓരോ ഇന്ത്യക്കാരനും പറയേണ്ടതുണ്ട്. ഇനി അവകാശപ്പോരാട്ടം നയിക്കേണ്ടത് അത് വഴിയാകണം. അപ്പോള്‍ ചിലരെങ്കിലും ധരിക്കുന്നുണ്ടാകും പേരില്‍ എന്തിരിക്കുന്നുവെന്ന്. ഗള്‍ഫുകാര്‍ മുഴുവന്‍ സമ്പന്നരാണ് എന്ന ധാരണയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. എന്നാല്‍, 90 ശതമാനവും കേരളത്തിലെ നിത്യക്കൂലിക്ക് സമാനമായ അവസ്ഥയിലാണെന്നതാണ് സത്യം.
കൊവിഡാനന്തര ലോകത്തിന്റെ മാറ്റത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുക ഗള്‍ഫിലെ വിദേശ തൊഴില്‍ സമൂഹത്തെയായിരിക്കും. ഇപ്പോള്‍ തന്നെ അതിന്റെ കെടുതികള്‍ മലയാളികളെ നേരിട്ട് ബാധിച്ചതിന്റെ സൂചനകള്‍ പ്രകടമായിട്ടുണ്ട്. ഭാവിയെക്കുറിച്ചുള്ള ചിന്ത ഗള്‍ഫിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റ തൊഴില്‍ സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്കാണ് നയിക്കുന്നത്.

ഇന്നലെ വരെ ഗള്‍ഫിലെ തൊഴില്‍ കുടിയേറ്റ സമൂഹത്തിന്റെ ഇടപെടല്‍കൊണ്ട് കേരളം നേടിയെടുത്ത ഭൗതിക നേട്ടങ്ങളെയും ജീവിതാവസ്ഥകളെയും അത് ഏത് രീതിയില്‍ ബാധിക്കുമെന്ന ആശങ്ക കേരളം ഇന്നുവരെ ഗൗരവത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല. അതേ പ്രാധാന്യത്തില്‍ ചര്‍ച്ച ചെയ്യേണ്ട ഗള്‍ഫ് കുടിയേറ്റ സമൂഹത്തിന്റെ അതിജീവന വഴികളെക്കുറിച്ചോ പുനരധിവാസത്തെക്കുറിച്ചോ കേരളം ശബ്ദിക്കുന്നില്ല. മറിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ “പ്രവാസികളെ” ഉപയോഗിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇപ്പോള്‍ നടന്നു വരുന്നത്. കേരളത്തിലെ പ്രബുദ്ധ(?) പൊതുമണ്ഡലം അങ്ങേയറ്റം ലാഘവത്തോടെയാണ് ഗള്‍ഫ് തൊഴില്‍ കുടിയേറ്റ സമൂഹം നേരിടുന്ന പ്രതിസന്ധികളെ കാണുന്നത്. മറ്റൊരു ഭാഗത്ത് കൊവിഡുമായി ബന്ധപ്പെട്ട് മരണപ്പെട്ടവരെ ആശ്രയിച്ച് നില്‍ക്കുന്ന കുടുംബങ്ങളെ എത്തിനോക്കാന്‍ പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായിട്ടില്ല. അവരുടെ മരണങ്ങള്‍ പോലും കൊവിഡ് അവലോകനത്തിന് പുറത്താണ്.

ഈ ഒരു സാഹചര്യത്തിലാണ് ഗള്‍ഫ് കുടിയേറ്റ തൊഴില്‍ സമൂഹത്തോട് കേരളീയ പൊതുസമൂഹം സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ പരിശോധിക്കേണ്ടതായി വരുന്നത്. കൊവിഡ് വ്യാപനത്തിന്റെ ഒന്നാംഘട്ടത്തില്‍ കേരളത്തിലേക്ക് എത്തിയ ഗള്‍ഫ് കുടിയേറ്റ തൊഴിലാളികളാണ് രോഗവാഹകര്‍ എന്ന പ്രചാരണം ശക്തമായിരുന്നു. ഇപ്പോള്‍ അത് ശത്രുതാപരമായ മനോഗതിയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഒന്നാംഘട്ട കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ നല്ല രീതിയില്‍ വിജയിച്ചു. മെയ് ഏഴിന് ശേഷമുണ്ടായ ഗള്‍ഫ് കുടിയേറ്റ തൊഴിലാളികളുടെ മടക്കമാണ് കേരളത്തില്‍ വീണ്ടും രോഗവ്യാപനത്തിന് കാരണം എന്ന രീതിയിലുള്ള പ്രചാരണം ഇപ്പോള്‍ ശക്തമാണ്. അത് തിരുത്താന്‍ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിന്ന് ഒരു അനക്കവും ഉണ്ടായില്ല. അത്തരം മേഖലകളിലെ ബോധപൂർവമായ മൗനം മറുഭാഗത്തെ ശത്രുതാ മനോഭാവത്തിന് ശക്തിപകര്‍ന്നു. കേരളം എല്ലാ മലയാളികളുടേതുമാണെന്ന പൊതുവിചാരത്തെ ശാക്തീകരിക്കുന്നതിന് പകരം ഗള്‍ഫിലെ മലയാളികള്‍ സ്വന്തം നാട്ടിലേക്ക് ഇപ്പോള്‍ വരേണ്ട എന്ന മനോഘടനയിലേക്ക് എത്ര പെട്ടെന്നാണ് നമ്മുടെ മനസ്സ് മാറിയത്? ഇത്തരം ചിന്താഗതികളില്‍ ഇടപെട്ട് അത് തിരുത്താനുള്ള ആര്‍ജവം രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ കാണിക്കുന്നില്ല.

പ്രതിപക്ഷമാകട്ടെ മടങ്ങിയെത്തുന്നവര്‍ക്ക് വേണ്ടിയുള്ള ക്രമീകരണങ്ങളില്‍ സംഭവിച്ച പാളിച്ചകള്‍ രാഷ്ട്രീയവത്കരിച്ച് നേട്ടം കൊയ്യുകയുമാണ്. ഞങ്ങളെല്ലാവരും ഗള്‍ഫ് കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒപ്പമാണെന്ന നിരർഥകമായ വാചകമടി മാത്രമായി അവരുടെ ഇടപെടല്‍. പല സമരങ്ങളും പ്രഹസനങ്ങളായി. ഗള്‍ഫില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളില്‍ ഇതുവരെ എത്ര രാഷ്ട്രീയ പ്രതിനിധികള്‍ സന്ദര്‍ശിച്ചിട്ടുണ്ട്? ഇന്നലെ വരെ ഗള്‍ഫ് കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി വാദിച്ച എല്ലാവരും തത്കാലത്തേക്ക് അവരുടെ തിരിച്ചുവരവ് കേരളത്തിലെ നിലവിലെ അവസ്ഥക്ക് ഗുണം ചെയ്യില്ല എന്ന അടക്കം പറച്ചിലുകളുടെ പ്രചാരകരായി മാറി. ഇതിനൊപ്പം കേരളത്തിലെ ഭൂരിപക്ഷം ദൃശ്യ- ശ്രാവ്യ മാധ്യമങ്ങളും ഗള്‍ഫിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ യഥാർഥ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം കക്ഷി രാഷ്ട്രീയ തലത്തിലേക്ക് ഗള്‍ഫ് വിഷയങ്ങളുടെ പ്രാധാന്യത്തെ മാറ്റിത്തീര്‍ത്തു. തികച്ചും ഉപരിപ്ലവമായ ആ ചര്‍ച്ചയില്‍ കുറ്റം കണ്ടെത്തുന്ന വഴിയിലായിരുന്നു ഗള്‍ഫിലെ പല സംഘടനകളുടെയും ഇടപെടൽ.

വന്ദേ ഭാരത് മിഷന്‍ വിഷയങ്ങളില്‍ പോലും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടുകളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാന്‍ ആരും തയ്യാറായില്ല. പകരം വീഴ്ചകളെ തേടിപ്പിടിച്ച് വൃത്തികെട്ട രാഷ്ട്രീയം കളിച്ചു. അത് ഗള്‍ഫില്‍ നിന്ന് അടിയന്തരമായി മടങ്ങേണ്ടവരെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക അപ്പോഴും ഉണ്ടായില്ല. ഗള്‍ഫില്‍ മരണപ്പെട്ട മുന്നൂറില്‍പ്പരം മലയാളികളായ കുടിയേറ്റ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ ധനസഹായത്തെ കുറിച്ച് ഒരക്ഷരം പോലും രാഷ്ട്രീയ പാര്‍ട്ടികൾ ചര്‍ച്ച ചെയ്യുന്നില്ല. പകരം, അവരുടെ ഫോട്ടോകള്‍ രാഷ്ട്രീയ ചര്‍ച്ചയായി മാറുന്നു.
ആ കുടുംബത്തിന്റെ നെടുംതൂണുകളാണ് മരണപ്പെട്ടവര്‍. അവരുടെ കുടുംബവുമായി ബന്ധപ്പെട്ട ജീവിതസാഹചര്യങ്ങളെ പഠിക്കാനോ അവരുടെ കാര്യങ്ങളില്‍ ഏതൊക്കെ രീതിയില്‍ സര്‍ക്കാറിന് ഇടപെടാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കാനോ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ അക്രമത്തില്‍ കൊല്ലപ്പെട്ട കുടുംബത്തിന് പോലും ലക്ഷക്കണക്കിന് രൂപ സര്‍ക്കാറും സന്നദ്ധ സംഘടനകളും നല്‍കി മാതൃക കാട്ടിയ കേരളത്തിലാണ് ഇത്തരമൊരു അവഗണന. ഇതിനൊക്കെ കാരണമായിത്തീരുന്ന പ്രധാന ഘടകം ഗള്‍ഫ് തൊഴില്‍ കുടിയേറ്റ സമൂഹം മുഴുവന്‍ സമ്പന്നരാണ് എന്ന പൊതുബോധമാണ്.

എന്നാല്‍, നിരന്തരം ഗള്‍ഫിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച രാഷ്ട്രീയ നേതൃത്വത്തിന് സത്യം അറിയാം. അത്തരം നേതൃത്വം പോലും ഇപ്പോള്‍ കാണിക്കുന്ന മൗനം ഗള്‍ഫിലെ തൊഴില്‍ കുടിയേറ്റ സമൂഹത്തെ അത്ഭുതപ്പെടുത്തുകയാണ്. അവരുടെ ഇന്നത്തെ പ്രധാന ആവശ്യം നാട്ടിലേക്ക് തിരിച്ചെത്തുക മാത്രമാണെന്ന രീതിയിലേക്ക് വിഷയത്തെ ലഘൂകരിച്ചത് വഴി ഗള്‍ഫ് തൊഴില്‍ കുടിയേറ്റ സമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് തിരിയേണ്ട ചര്‍ച്ചകൾ വഴിതിരിഞ്ഞു പോകുകയാണ് ചെയ്തത്.
കൊറോണയുടെ ആദ്യകാലത്ത് ഗള്‍ഫിലെ തൊഴില്‍ സമൂഹത്തിൽ നിന്ന് ഉയർന്നിരുന്നത് നാട്ടിലേക്ക് തിരിച്ചുവരാനുള്ള ആവശ്യമായിരുന്നു. അതിനുവേണ്ടി ശബ്ദമുയര്‍ത്തിയത് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹമാണ്. എന്നിട്ടും ഒരു ഭരണകൂടം നിര്‍വഹിക്കേണ്ട ചുമതലകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാരായ പൗരന്മാര്‍ ഏറ്റെടുത്തുകൊണ്ടാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കിയത്. അങ്ങനെയാണ് കേരളത്തിലേക്കുള്ള യാത്രാസൗകര്യം വര്‍ധിപ്പിച്ചത്. അവിടെ പല തടസ്സങ്ങളുമുണ്ടായി. അതിനെ തിരുത്തിയതും ഈ സമൂഹം തന്നെ. യാത്രക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ ലഭിച്ച പരിചരണവും ശ്രദ്ധയും പിന്നീട് ഉണ്ടായില്ല എന്നത് പലരുടെയും അനുഭവത്തിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇതൊക്കെ എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന ചോദ്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ആവശ്യമുള്ളപ്പോഴെല്ലാം ഗള്‍ഫ് സമൂഹത്തെ ഉപയോഗിച്ച കേരളത്തിന് എന്തുകൊണ്ടാണ് ഇപ്പോള്‍ വേണ്ട രീതിയിൽ ചേര്‍ത്ത് പിടിക്കാൻ കഴിയാതെ പോകുന്നത്? ഇതിനെ കേരളീയ പൊതുസമൂഹം എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല.

മറ്റൊരു സങ്കടകരമായ വസ്തുത ഗള്‍ഫിലെ കുടിയേറ്റ സമൂഹത്തിന്റെ പ്രശ്‌നം അവരുടെ മാത്രം പ്രശ്‌നമാണെന്ന രീതിയിലേക്ക് അരികുവത്കരിച്ച് അവര്‍ ഇങ്ങോട്ട് വരുന്നത് തന്നെ അപകടകരമായ സാഹചര്യത്തെയാണ് വളര്‍ത്തിയെടുക്കുന്നതെന്ന ധാരണ ശക്തിപ്പെടുന്നു എന്നതാണ്. കേരളത്തിലെ ന്യൂനപക്ഷത്തിനെങ്കിലും അങ്ങനെ തോന്നുന്നെങ്കില്‍ കൊവിഡിനെക്കാള്‍ മുമ്പ് കേരളം ചികിത്സിച്ചുമാറ്റേണ്ടത് ആ ചിന്താഗതിയെയാണ്. കാരണം വിദൂരമല്ലാത്ത കാലത്ത് കേരളത്തിന്റെ സർവമേഖലകളിലും നിര്‍ണായക ഇടപെടല്‍ നടത്തിയ ഗള്‍ഫ് സമൂഹത്തിന്റെ മനസ്സിനെ ആവശ്യമുള്ളപ്പോള്‍ ഉപയോഗിച്ച് വലിച്ചെറിയാനുള്ള ആ മനോഗതി ശരിയല്ല. ഇത് തിരുത്തപ്പെടണം. ഗള്‍ഫിലെ മലയാളികളല്ല ഇത് ചെയ്യേണ്ടത്. മറിച്ച് കേരളത്തിലെ സാംസ്‌കാരിക മണ്ഡലമാണ്. അവിടെപ്പോലും ശക്തിപ്പെട്ടുവരുന്ന മൗനം ഗള്‍ഫ് സമൂഹത്തെ അത്ഭുതപ്പെടുത്തുകയാണ്. ഗള്‍ഫിലെ മലയാളികള്‍ കലയിലും സാഹിത്യത്തിലും നടത്തിയ ഇടപെടല്‍ എന്നും മാതൃകാപരമാണ്. അതിന്റെ ഭാഗമായിത്തീരാന്‍ കേരളത്തില്‍ ഒട്ടുമുക്കാല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്മാര്‍ക്കും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, സ്വന്തം വീട്ടിലേക്ക് പാതിരാത്രിയില്‍ കയറിവരുന്ന ഗള്‍ഫ് സമൂഹത്തിന്റെ പരിതാപകരമായ അവസ്ഥ കണ്ട് പ്രബുദ്ധ കേരളം ഇതുവരെയും ഞെട്ടിയിട്ടില്ല. അതിനാല്‍, സ്വന്തം നാടിനേക്കാള്‍ സുരക്ഷിതത്വവും ചേര്‍ത്തുപിടിക്കലും ഗള്‍ഫിലാണ് എന്നൊരു തോന്നല്‍ ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന രംഗങ്ങള്‍ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാ
ണ്.

Latest