Connect with us

Malappuram

ആര്‍ച്ച മുഖ്യമന്ത്രിക്ക് കത്തെഴുതി;  റോഡിന് പണം അനുവദിച്ച വിവരവുമായി എം എല്‍ എ വീട്ടിലെത്തി

Published

|

Last Updated

എടക്കര | തന്റെ വീട്ടിലേക്കുള്ള തകര്‍ന്ന റോഡിനെ കുറിച്ച് അഞ്ചാം ക്ലാസുകാരി ആര്‍ച്ച മുഖ്യമന്ത്രിക്ക് കത്തഴുതി. റോഡിന് ഫണ്ടനുവദിച്ച വിവരവുമായി കഴിഞ്ഞ ദിവസം പി വി അന്‍വര്‍ എം എല്‍ എ അര്‍ച്ചയുടെ വീട്ടിലെത്തി.

റോഡ് തകര്‍ന്ന് കിടക്കുകയാണ്. ഇതുവഴിയാണ് ഞാനും ചേച്ചിയും സ്‌കൂളില്‍ പോകുന്നത്. വീട്ടില്‍ മുത്തശ്ശിമാരുണ്ട്. അവര്‍ക്ക് പുറത്തുപോകാന്‍ ഏറെ പ്രയാസം” മണിമൂളി സി കെ എച്ച് എസ് എസിലെ അഞ്ചാം ക്ലാസുകാരി ആര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തിലെ വരികളാണിത്.

കഴിഞ്ഞ ഫെബ്രുവരി അവസാനമാണ് ആര്‍ച്ച കത്തയച്ചത്. ഇപ്പോള്‍ അവളുടെ ദുരിതത്തിന് പരിഹാരമായി. റോഡുപണി അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും. ആര്‍ച്ചയുടെ കത്ത് കിട്ടിയ മുഖ്യമന്ത്രി വിദ്യാര്‍ഥിയുടെ അപേക്ഷയില്‍ പരിഹാരം കാണാന്‍ മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോടും കലക്ടറോടും ആവശ്യപ്പെട്ടിരുന്നു. കലക്ടറേറ്റ് ജീവനക്കാരും ഡയറക്ടറേറ്റ് ഓഫ് പഞ്ചായത്ത് ജീവനക്കാരും ആര്‍ച്ചയുടെ വീട്ടിലെത്തി.

ഒരുകിലോമീറ്റര്‍ ദൂരമുള്ള പുന്നക്കല്‍ മടത്തിന്‍കുന്നന്‍ റോഡിന്റെ പുനര്‍നിര്‍മാണത്തിനായി സര്‍വേയും എസ്റ്റിമേറ്റും പൂര്‍ത്തിയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് പി വി അന്‍വര്‍ എം എല്‍ എ ആസ്തി വികസന ഫണ്ടില്‍നിന്ന് റോഡിന് പത്ത് ലക്ഷം രൂപ അനുവദിച്ചു. പ്രളയത്തില്‍ കാരക്കോടന്‍ പുഴ കരകവിഞ്ഞ് ആര്‍ച്ചയുടെ വീട്ടിലും പ്രദേശത്തെ 60 ഓളം വീടുകളിലും വെള്ളം കയറിയിരുന്നു.

വെള്ളം ഇറങ്ങിയപ്പോള്‍ ഏക യാത്രാമാര്‍ഗമായ റോഡ് കല്ലും മണ്ണും വന്നടിഞ്ഞ് തകര്‍ന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ആലുവ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ജീവനക്കാരന്‍ സന്തോഷാണ് അച്ഛന്‍. പാലേമാട് വിവേകാനന്ദ കോളജ് ജീവനക്കാരി സ്മിതയാണ് മാതാവ്.

Latest