Connect with us

Editorial

എണ്ണവിപണിയില്‍ തീവെട്ടിക്കൊള്ള

Published

|

Last Updated

കൊവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക സ്രോതസ്സുകളും വരുമാന മാര്‍ഗങ്ങളും അടഞ്ഞ് ജനം കൊടിയ സാമ്പത്തിക പ്രയാസത്തിലായിരിക്കെ ഇന്ധനവില ദിനംപ്രതി വര്‍ധിപ്പിച്ച് ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞുകൊണ്ടിരിക്കുകയാണ് രാജ്യത്തെ എണ്ണക്കമ്പനികള്‍. 82 ദിവസത്തെ ഇടവേളക്ക് ശേഷം ഞായറാഴ്ച മുതല്‍ കഴിഞ്ഞ അഞ്ച് ദിവസമായി ദിനംപ്രതി പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ.് പെട്രോളിന് 2.75 രൂപയും ഡീസലിന് 2.70 രൂപയുമാണ് അഞ്ച് ദിവസത്തിനകം വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 74.16 രൂപയും ഡീസലിന് 68.41 രൂപയുമാണ് ബുധനാഴ്ചത്തെ വില. ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ അയവു വരുത്തിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ നിരത്തുകളില്‍ ഇറങ്ങാന്‍ തുടങ്ങിയതോടെയാണ് വിലയും ഉയരാന്‍ തുടങ്ങിയത്. എണ്ണ ഉത്പാദനം കുറക്കാനുള്ള തീരുമാനം ഒപെക് രാജ്യങ്ങള്‍ തുടരുകയും കൊവിഡ് പ്രതിരോധത്തിന്റെ പേരുപറഞ്ഞ് വര്‍ധിപ്പിച്ച നികുതി സര്‍ക്കാര്‍ കുറക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വില ഇനിയും ഉയരുകയും 80-85 രൂപയില്‍ എത്തുകയും ചെയ്‌തേക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം.

അസംസ്‌കൃത എണ്ണക്ക് രാജ്യാന്തര വിപണിയില്‍ വില അല്‍പ്പം വര്‍ധിച്ചതാണ് പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനു കമ്പനികള്‍ പറയുന്ന ന്യായീകരണം. എന്നാല്‍ 2013ലെയും ഇപ്പോഴത്തെയും അസംസ്‌കൃത എണ്ണയുടെ വിലകളിലെ അന്തരവും ഈ രണ്ട് ഘട്ടങ്ങളിലെ ഇന്ധന വിലയും പരിശോധിച്ചാല്‍ ഈ ന്യായവാദം തീര്‍ത്തും അസംബന്ധമാണെന്നു വ്യക്തമാകും. ഇന്നത്തേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലുണ്ടായിരുന്നു 2013ല്‍ അസംസ്‌കൃത എണ്ണയുടെ വില. അഥവാ ബാരലിന് 147 ഡോളര്‍ വരെ എത്തിയിരുന്നു. അക്കാലത്ത് 78 രൂപയായിരുന്നു കേരളത്തില്‍ പെട്രോള്‍ വില. അതേസമയം ബാരലിന് 41 ഡോളറാണ് ബുധനാഴ്ച അസംസ്‌കൃത എണ്ണയുടെ വില. 2013നെ അപേക്ഷിച്ച് വില 30 ശതമാനത്തില്‍ താഴെ മാത്രം. എന്നിട്ടും പെട്രോള്‍ വിലയില്‍ കാര്യമായ മാറ്റമില്ല. നേരിയൊരു വര്‍ധനവ് മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണക്കുണ്ടായത്. ഇതുമൂലം എണ്ണക്കമ്പനികളുടെ ഭീമമായ ലാഭത്തില്‍ അല്‍പ്പം കുറവ് അനുഭവപ്പെടുമെന്നല്ലാതെ അവര്‍ക്ക് പിടിച്ചു നില്‍ക്കാനാകാത്ത സ്ഥിതിവിശേഷം സംജാതമാകുകയോ നഷ്ടത്തിലേക്ക് എത്തുകയോ ചെയ്തിട്ടില്ല.

സര്‍ക്കാറിന്റെ അടിക്കടിയുള്ള നികുതി വര്‍ധനവാണ് പെട്രോള്‍ ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വിലവര്‍ധനവിന്റെയും അന്താരാഷ്ട്ര മാര്‍ക്കറ്റിലെ അസംസ്‌കൃത എണ്ണയുടെ വിലയിടിവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാകാത്തതിന്റെയും കാരണം. ഗതാഗതച്ചെലവ്, എക്‌സൈസ് തീരുവ, ഡീലര്‍മാരുടെ കമ്മീഷന്‍, സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ മൂല്യവര്‍ധിത നികുതി (വാറ്റ്) എന്നിവ ചേര്‍ന്നതാണ് പെട്രോള്‍ വില. ഇവയെല്ലാം മാറ്റിനിര്‍ത്തിയാല്‍ പെട്രോളിന് പതിനെട്ട് രൂപയും ഡീസലിന് പതിനെട്ടര രൂപയും മാത്രമാണ് അടിസ്ഥാന വില. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ നികുതി ഇനങ്ങളിലായി ഒരു ലിറ്ററിന് ഈടാക്കുന്നത് 50 രൂപയോളമാണ്. ആറ് വര്‍ഷം മുമ്പ് മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു എക്‌സൈസ് തീരുവ. ഇന്നത് യഥാക്രമം 32.98 രൂപയും 31.83 രൂപയുമായി ഉയര്‍ന്നു.

അസംസ്‌കൃത എണ്ണക്ക് വില വര്‍ധിക്കുമ്പോള്‍ നികുതിയിനങ്ങളില്‍ ഇളവ് വരുത്തിയാല്‍ പെട്രോള്‍ വില വര്‍ധന നിയന്ത്രിക്കാവുന്നതേയുള്ളൂ. എന്നാല്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുകയും രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറയാനുള്ള സാഹചര്യം ഉടലെടുക്കുകയും ചെയ്യുമ്പോള്‍ നികുതി അടിക്കടി വര്‍ധിപ്പിച്ച് വിലക്കുറവിന്റെ ആനുകൂല്യം സാധാരണക്കാരനു നിഷേധിക്കുകയും അസംസ്‌കൃത എണ്ണയുടെ വില കൂടുമ്പോള്‍ യഥേഷ്ടം വിലകൂട്ടാന്‍ കമ്പനികളെ അനുവദിക്കുകയും ചെയ്യുന്ന കോര്‍പറേറ്റ് അനുകൂലവും ജനവിരുദ്ധവുമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഏപ്രില്‍ അവസാനത്തോടെ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 16 ഡോളറിലേക്ക് ഇടിഞ്ഞു. സമീപ കാലത്തെ ഏറ്റവും വലിയ വിലക്കുറവിലെത്തിയപ്പോള്‍ പെട്രോള്‍ നിരക്കില്‍ ചുരുങ്ങിയത് പത്ത് രൂപയുടെ കുറവെങ്കിലും വരുത്താന്‍ സാധിക്കുമായിരുന്നു. ഈ ഘട്ടത്തില്‍ എക്‌സൈസ് തീരുവയും റോഡ്‌സെസുമായി പെട്രോളിന് പത്ത് രൂപയും ഡീസലിന് 13 രൂപയും വര്‍ധിപ്പിച്ച് ആ ആനുകൂല്യം പൊതുസമൂഹത്തിന് നിഷേധിക്കുകയായിരുന്നു സര്‍ക്കാര്‍.

അടുത്തിടെ നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാന്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ലിറ്ററിന് 15 രൂപ വീതം കുറവ് വരുത്തി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വിലക്കുറവിന്റെ ഗുണഫലങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് എന്ന ആമുഖത്തോടെയാണ് പാക്കിസ്ഥാന്‍ ഭരണകക്ഷിയായ തെഹ്‌രീകെ ഇന്‍സാഫ് വിലക്കുറവ് പ്രഖ്യാപിച്ചത്. ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി മറ്റു അയല്‍ രാജ്യങ്ങളിലും ഇന്ത്യയെ അപേക്ഷിച്ച് എണ്ണവില കുറവാണ്. ഇന്ത്യയെ അപേക്ഷിച്ച് ഏറെ ദരിദ്രമാണ് പാക്കിസ്ഥാനും ബംഗ്ലാദേശുമെല്ലാം. എന്നിട്ടും അവിടെ വിലയില്‍ കുറവ് വരുത്തുന്നത് ഭരണകൂടങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ജനപ്രതിബദ്ധത ഉള്ളതുകൊണ്ടാണ്. ഓയില്‍ ആന്‍ഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി (ഓഗ്ര) എന്ന ഔദ്യോഗിക സ്ഥാപനമാണ് പാക്കിസ്ഥാനില്‍ എണ്ണവില നിര്‍ണയിക്കുന്നത്.

ഇന്ത്യയില്‍ വിലനിര്‍ണയാധികാരം റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ കൂടി ഉള്‍ക്കൊള്ളുന്ന രാജ്യത്തെ പെട്രോളിയം കമ്പനികള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. സര്‍ക്കാറും പെട്രോള്‍ കമ്പനികളും തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ എണ്ണവില നിര്‍ണയത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും സബ്‌സിഡി എടുത്തു കളഞ്ഞു. പിന്നീട് സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള വിലനിര്‍ണയ സമിതിയെ ഒഴിവാക്കി. ശേഷം വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തു. അങ്ങനെ തീവെട്ടിക്കൊള്ള നടത്താന്‍ എണ്ണക്കമ്പനികള്‍ക്ക് അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നു സര്‍ക്കാര്‍. പെട്രോളിന്റെ സബ്‌സിഡി 2010 ജൂണില്‍ യു പി എ സര്‍ക്കാറിന്റെ കാലത്തും ഡീസലിന്റെ സബ്‌സിഡി മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷവുമാണ് എടുത്തുകളഞ്ഞത്. കോര്‍പറേറ്റ് സേവയില്‍ രണ്ട് വിഭാഗവും തുല്യരാണല്ലോ.

Latest