Connect with us

Articles

അതിജീവനത്തിന് ഇസ്‌ലാമിക ബദല്‍

Published

|

Last Updated

ജീവിതത്തില്‍ വരുന്ന പ്രയാസങ്ങളെയൊക്കെയും തരണം ചെയ്യാന്‍ മനുഷ്യനെ മാനസികമായും ശാരീരികമായും സജ്ജമാക്കുകയാണ് ഇസ്‌ലാം. പ്രതിസന്ധികളില്ലാത്ത രാജ്യം സ്വര്‍ഗരാജ്യം മാത്രമാണ്. ഇഹലോകത്ത് നിരന്തരം പ്രതിസന്ധികള്‍ മനുഷ്യനെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. ഇത്തരം പ്രതിസന്ധികളാണ് മനുഷ്യന്റെ ഊര്‍ജം. പ്രതിസന്ധികളെ അതിജീവിക്കാന്‍ മനുഷ്യന്‍ നടത്തിയ ശ്രമങ്ങളാണ് മനുഷ്യന്റെയും ലോകത്തിന്റെയും വികാസത്തിലേക്കും അഭിവൃദ്ധിയിലേക്കും നയിച്ചത്. ഇങ്ങനെ തുടങ്ങിയ ധാരാളം കാര്യങ്ങള്‍ മനുഷ്യരാശിയെ ഇസ്‌ലാം ഉണര്‍ത്തി. കൊവിഡാനന്തര സമൂഹം അതിഭീതിദമായി അഭിമുഖീകരിക്കാനുള്ള സാമ്പത്തിക പ്രതിസന്ധി ഇത്തരം അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ നേരിടാനും അതിജയിക്കാനും നാം തയ്യാറാകേണ്ട സമയമാണിപ്പോള്‍.

മനുഷ്യന്‍ കാലങ്ങളായി പല സാമ്പത്തിക സംവിധാനങ്ങളെയും പരീക്ഷിച്ചിട്ടുണ്ട്. സാധനങ്ങള്‍ക്കു പകരം സാധനങ്ങള്‍ കൈമാറുന്ന ബാര്‍ട്ടര്‍ സംവിധാനം മുതല്‍ നവ മുതലാളിത്തം വരെ. എല്ലാ സംവിധാനങ്ങളും ചില പ്രത്യേക കാലഘട്ടം പിന്നിട്ടാല്‍ പരാജയപ്പെടുകയാണ് പതിവ്. ലോകത്ത് മുതലാളിത്ത വാഴ്ചയാരംഭിച്ചതു മുതല്‍ നിരന്തരം മാന്ദ്യങ്ങളും തകര്‍ച്ചയും സംഭവിച്ചുകൊണ്ടേയിരുന്നു. തൊഴിലില്ലായ്മയും അസമത്വവും ക്രമാതീതമായി വര്‍ധിച്ചു. അത്തരം ഘട്ടങ്ങളിലൊക്കെ മുതലാളിത്തത്തിനു പകരം പലതും അന്വേഷിച്ചപ്പോഴൊക്കെ ചെന്നെത്തിയത് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥിതിയിലായിരുന്നു. ഇന്ന് കമ്മ്യൂണിസവും സോഷ്യലിസവുമെല്ലാം നവ മുതലാളിത്തത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായി മാറിയതുകൊണ്ടുതന്നെ ഇനി ലോകത്ത് രണ്ട് സാമ്പത്തിക വ്യവസ്ഥിതികളേ നിലവിലുള്ളൂ; മുതലാളിത്തവും ഇസ്‌ലാമിക സംവിധാനവും. മുതലാളിത്തം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലാണിപ്പോള്‍. ലാഭം മുന്നില്‍ കണ്ട് നെയ്തുണ്ടാക്കിയ മുഴുവന്‍ സിദ്ധാന്തങ്ങളും മനുഷ്യനെ രക്ഷിക്കാന്‍ സാധ്യമല്ലെന്നും പണമല്ല മനുഷ്യനെന്നുമുള്ള ബോധം കൊവിഡ് മഹാമാരി ആഗോള മുതലാളിത്തത്തിനു സമ്മാനിച്ചിരിക്കുന്നു.
ദിവസങ്ങളോളം മനുഷ്യരൊക്കെയും ജോലിയില്ലാതെയിരുന്നുവെന്നതാണ് ഈ സമയത്തിന്റെ പ്രത്യേകത. ജനങ്ങളുടെ വാങ്ങാനുള്ള കഴിവ് (Purchasing Power) നശിച്ചുപോയിരിക്കുകയോ അല്ലെങ്കില്‍ അങ്ങേയറ്റം ശോഷിക്കുകയോ ചെയ്തിരിക്കും. കാരണം കൈയില്‍ പണമില്ലാത്തവരാകും ബഹുഭൂരിഭാഗവും ആളുകള്‍. ഏത് സാമ്പത്തിക വ്യവസ്ഥിതിയുടെയും തകര്‍ച്ചയുടെ തുടക്കം ഇങ്ങനെയാണ് ആരംഭിക്കുക. ജനങ്ങളുടെ കൈകളിലേക്ക് പണം ലഭ്യമാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ കാണാന്‍ മുതലാളിത്തത്തിന് സാധ്യമാകുന്നില്ല. അമേരിക്ക, ഇന്ത്യ തുടങ്ങിയ ഒട്ടുമിക്ക സര്‍ക്കാറുകളും കൂടുതല്‍ കറന്‍സിയടിച്ച് വിതരണം ചെയ്യുന്നത് നിരസിച്ചിരിക്കുകയാണ്. കോര്‍പറേറ്റുകളെ സഹായിക്കലാണ് കോര്‍പറേറ്റുകള്‍ നിര്‍മിച്ച മുതലാളിത്ത സിദ്ധാന്തമനുസരിച്ച് മാന്ദ്യം അതിജയിക്കാനുള്ള പ്രധാന വഴി. ഇത് പട്ടിണി മരണങ്ങളും തൊഴിലില്ലായ്മയും ഗണ്യമായി വര്‍ധിക്കാനിടവരുത്തുമെങ്കിലും മുതലാളിത്തം നിര്‍മിച്ച മാപിനികളിലെ കണക്കുകളനുസരിച്ച് ഉയര്‍ന്ന കണക്ക് കാണിക്കും. വികസനം എന്നുപറഞ്ഞാല്‍ ഈ കണക്കുകളാണല്ലോ. ഇവിടെയാണ് ഇസ്‌ലാമിന്റെ ഇന്‍ഡക്‌സും ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കാനുള്ള സംവിധാനവും ശ്രദ്ധേയമാകുന്നത്.

പണമായും ഭക്ഷണമായും ജീവിതോപാധിയായുമാണ് സകാത്ത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ ഇസ്‌ലാം കല്‍പ്പിച്ചത്. നിശ്ചിത സമ്പത്ത് ചില നിബന്ധനകള്‍ പാലിച്ചാല്‍ നിര്‍ബന്ധമായും പണമായിട്ടുതന്നെ ആദ്യം ആ നാട്ടിലെ പാവങ്ങള്‍ക്കും ശേഷം അന്യനാടുകളിലേക്കും വിതരണം ചെയ്യണം. ചില സകാത്തുകള്‍ ഭക്ഷണ ധാന്യങ്ങളായാണ് വിതരണം ചെയ്യേണ്ടത്. ചിലതാകട്ടെ ജീവിതോപാധിയായാണ്. അഥവാ കന്നുകാലികളെ. മുതലാളിമാരൊക്കെയും നിബന്ധനകള്‍ക്ക് വിധേയമായി പണത്തിന്റെയും നിക്ഷേപങ്ങളുടെയും കച്ചവടത്തിന്റെയും രണ്ടര ശതമാനം സകാത്ത് പണമായി സര്‍ക്കാര്‍ മേല്‍നോട്ടത്തിലോ അല്ലാതെയോ പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്താല്‍ തന്നെ പാവങ്ങളുടെ വാങ്ങല്‍ശേഷി പ്രശ്‌നത്തിന് അറുതിവരുമെന്നുറപ്പാണ്. സ്വര്‍ണ-വെള്ളി ശേഖരങ്ങളുടെയും രണ്ടര ശതമാനം സകാത്ത് നല്‍കണം. കൂടാതെ, ധാന്യമായി നല്‍കുന്ന ഫിതർ സകാത്ത്, കൃഷിയിലെ സകാത്ത് എന്നിവ ഭക്ഷ്യപ്രശ്‌നങ്ങള്‍ പൂര്‍ണമായും അകറ്റും. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കിടയില്‍ കന്നുകാലികളെ വിതരണം ചെയ്യുന്നതോടുകൂടി അവരുടെ സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്താനാകും. ആധുനിക സര്‍ക്കാറുകള്‍ പിന്തുടരുന്ന നികുതി സംവിധാനങ്ങള്‍ ഒരിക്കലുമിതിന് പരിഹാരമേകുന്നില്ല. നികുതിപ്പണം കൂടുതലും എങ്ങനെയാണ് ചെലവഴിക്കുന്നതെന്നു വ്യക്തമാണല്ലോ. സബ്‌സിഡിയായും മറ്റും ചിലതൊക്കെ പാവങ്ങളിലെത്തുന്നുവെങ്കിലും തുലോം കുറവായതു കൊണ്ടുതന്നെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കാന്‍ ഇവക്കാകുന്നില്ല.
കോര്‍പറേറ്റുകളുടെ കടങ്ങള്‍ തന്നെ എഴുതിത്തള്ളാന്‍ മുതലാളിത്ത സര്‍ക്കാറുകള്‍ തയ്യാറാകുമ്പോള്‍ പാവങ്ങളെടുത്ത വായ്പയുടെ പലിശപോലും എഴുതിത്തള്ളാന്‍ ആരും തയ്യാറാകുന്നില്ല. ഒന്നരലക്ഷം കോടി രൂപയാണ് ഇന്ത്യയില്‍ മാത്രം പലിശയുള്ളത്. ഇതെല്ലം പാവങ്ങളുടേത് കൂടിയായിരിക്കുമെന്ന വിവരമാണ് കൂടുതല്‍ ദയനീയം. മുതലാളിമാര്‍ നിക്ഷേപിച്ച് പലിശയടക്കം തിരിച്ചുവാങ്ങുന്നു. പാവങ്ങള്‍ വായ്പയെടുത്ത് പലിശയോടുകൂടി തിരിച്ചടക്കുന്നു. ഇത്തരമൊരു സംവിധാനത്തിന് ലോകത്തൊരിക്കലും ദാരിദ്ര്യം തുടച്ചുനീക്കാനോ സമത്വം സൃഷ്ടിക്കാനോ സാധിക്കില്ല. പലിശയെ പൂര്‍ണമായും വിപാടനം ചെയ്യുമ്പോഴാണ് സാമൂഹിക നീതിയിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥിതിയുടെ നട്ടെല്ല് നിവരുന്നത്. പ്രത്യേകിച്ചും കൊവിഡിന് ശേഷമുള്ള ഈ മഹാപ്രതിസന്ധി സമയത്ത്. ഇസ്‌ലാം നിഷ്‌കര്‍ഷിച്ചതുപോലുള്ള പലിശരഹിത വായ്പാ സംവിധാനം നാടൊട്ടുക്കും വ്യാപൃതമായാല്‍ ജനങ്ങള്‍ക്ക് ആശ്വാസവും പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള ഊര്‍ജവുമാകും. അങ്ങനെ പെട്ടെന്നുള്ള ഒരു അതിജീവനം സാധ്യമാകുകയും ചെയ്യും.

ഇവിടെ കൂട്ടിവായിക്കേണ്ടത് പലിശാധിഷ്ഠിത സംവിധാനങ്ങള്‍ക്ക് പകരം ഇസ്‌ലാം മുന്നോട്ടുവെച്ച ചില ബദല്‍ സംവിധാനങ്ങളാണ്. ബില്യണ്‍ കണക്കിന് വിറ്റുവരവുള്ള കമ്പനിയെക്കാളും സമൂഹത്തിനു വേണ്ടതും സമൂഹത്തില്‍ ഇന്നും ജീവവായുവായി പ്രവര്‍ത്തിക്കുന്നതും ചെറുകിട-ഇടത്തരം സംവിധാനങ്ങളാണെന്ന ബോധം ഇസ്‌ലാമിന്റെ പലിശരഹിത സംവിധാനങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു. ശിര്‍കത്ത്, ഖിറാള്, സലം, ഇജാറ തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഓരോ മനുഷ്യനും തൊഴിലും വരുമാനവും ഉറപ്പിക്കുന്നു. പണവും അധ്വാനവും ഇരുകൂട്ടരുമെടുത്ത് തുടങ്ങുന്ന സംരംഭങ്ങളാണ് ശിര്‍കത്ത്. പണം ഒരു കൂട്ടരും അധ്വാനം മറ്റൊരു കൂട്ടരുമെടുക്കുമ്പോള്‍ അത് ഖിറാളില്‍ പെടുന്നു. കര്‍ഷകര്‍ക്കും മറ്റും നേരത്തേ പണം വാങ്ങി കൃഷിയും മറ്റും ചെയ്യാന്‍ സഹായിക്കുന്ന പദ്ധതിയാണ് സലം. വാടക സംരംഭങ്ങള്‍ക്കാണ് ഇജാറയെന്നു പറയുന്നത്. ഇതല്ലാത്ത ധാരാളം സംവിധാനങ്ങള്‍ വേറെയുമുണ്ട്. ഇവയെല്ലാം ഗ്രാമതലം മുതല്‍ ജനങ്ങള്‍ക്ക് അവബോധം നല്‍കി തുടങ്ങാനുള്ള ശ്രമങ്ങളാണ് വേണ്ടത്. കാരണം ഇവകള്‍ ചെറുകിട- ഇടത്തരം സംവിധാനങ്ങള്‍ മുതല്‍ വന്‍കിട സംവിധാനങ്ങള്‍ക്കു വരെ ഉപകാരപ്പെടുന്ന രൂപത്തിലാണുള്ളത്. കൂടാതെ തീര്‍ത്തും മൂല്യാധിഷ്ഠിതവും ജനങ്ങള്‍ക്കുവേണ്ടിയുള്ളതുമാണ്.

ആവശ്യങ്ങളെ ക്രമാതീതമായി സൃഷ്ടിച്ച് അവക്കെല്ലാം വ്യവസായങ്ങള്‍ തുടങ്ങി ലാഭം കൊയ്യുന്ന മുതലാളിത്ത സംവിധാനമല്ല ഇസ്‌ലാമിന്റേത്. മനുഷ്യന്റെ ആവശ്യങ്ങളെ ഇസ്‌ലാം തരം തിരിച്ചിട്ടുണ്ട്. ഈ മൂല്യ വിചാരത്തില്‍ നിന്ന് സംസാരിച്ചതുകൊണ്ടുതന്നെ ഏറ്റവും ഉന്നതമായ ജോലി ഇസ്‌ലാം പ്രകാരം കൃഷിയാണ്. ഒരാള്‍ ഒരു മരം നട്ട് അതിന്റെ വിത്തില്‍ നിന്ന് അടുത്ത മരമുണ്ടായി അന്ത്യനാള്‍ വരെ വൃക്ഷങ്ങള്‍ സംക്രമണം ചെയ്യുകയും ജനങ്ങള്‍ക്കോ മറ്റു മൃഗങ്ങള്‍ക്കോ അവ ഉപകാരപ്പെടുകയും ചെയ്താല്‍ അതിന്റെ പ്രതിഫലം മരം നട്ടയാള്‍ക്ക് ലഭിക്കുമെന്ന് ഇസ്‌ലാം പരിചയപ്പെടുത്തി. അഥവാ ഇന്നൊരു മരം നടുന്നവന് നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ എണ്ണിത്തിട്ടപ്പെടുത്താനാകാത്ത പ്രതിഫലമായിരിക്കും പരലോകത്ത് ലഭിക്കുക. ജീവിക്കാനാവശ്യം ഭക്ഷണമാണ് എന്ന് കൊറോണ സമൂഹത്തെ ബോധ്യപ്പെടുത്തിയ ഇക്കാലത്ത് ഇസ്‌ലാമിന്റെ ഈ അധ്യാപനങ്ങള്‍ വളരെ ശ്രദ്ധേയമാണ്. അവശ്യ വസ്തുക്കളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനും വിതരണത്തിനും ഇസ്‌ലാം തൊട്ടടുത്ത സ്ഥാനം നല്‍കി ആദരിച്ചു. മനുഷ്യന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള ഉത്പാദനവും വ്യാപാരവുമാണ് വേണ്ടതെന്നു ചുരുക്കം. കര്‍ഷകനെയും വ്യാപാരിയെയും വ്യവസായിയെയും സംരക്ഷിക്കുന്ന നൂറുകൂട്ടം നിര്‍ദേശങ്ങള്‍ ഇസ്‌ലാമിലുണ്ട്. അവ കൂടി ഇവിടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
തൊഴിലില്ലായ്മ രൂക്ഷമായിരിക്കെ ഇസ്‌ലാം നിഷ്‌കര്‍ഷിച്ചതുപോലെയുള്ള ചില തൊഴില്‍ ചട്ടങ്ങളും ഇന്ന് ആവശ്യമുണ്ട്. ആണും പെണ്ണും എന്ത് ജോലിയുമെടുക്കാമെന്ന മുതലാളിത്ത നിലപാട് തൊഴിലാളികളുടെ സമരം മൂലം യൂറോപ്പില്‍ വന്നതാണെങ്കിലും അത് ചില അസമത്വങ്ങള്‍ സൃഷ്ടിച്ചു. ചില കുടുംബങ്ങളിലെ ആണിനും പെണ്ണിനും നല്ല ജോലിയായപ്പോള്‍ മറ്റു കുടുംബങ്ങളില്‍ പുരുഷനു പോലും ജോലിയില്ലാതെയായി. കുടുംബ പശ്ചാത്തലവും മറ്റും പരിഗണിച്ചായിരിക്കണം സ്ത്രീകള്‍ക്ക് ജോലി നല്‍കേണ്ടത്. കാരണം കുടുംബ നാഥന്മാരായ ധാരാളം മിടുക്കരായ പുരുഷന്മാര്‍ തൊഴില്‍രഹിതരായിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് നമുക്കുള്ളത്. എല്ലാ ജോലിയും എല്ലാവര്‍ക്കുമെന്നുമാറ്റി ചില മുന്‍ഗണനകളും സംവരണവും നിര്‍മിക്കേണ്ടിയിരിക്കുന്നു. ഇസ്‌ലാം അതിന് വ്യക്തവും വിവേചനരഹിതവുമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ ജനങ്ങളെയും സമ്പദ്് വ്യവസ്ഥയെയും നിവര്‍ത്താനും സംരക്ഷിക്കാനും ഇത്തരം ധാരാളം കല്‍പ്പനകളും നിര്‍ദേശങ്ങളുമടങ്ങിയതാണ് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം. സര്‍ക്കാറുകളും മത സംഘടനകളും വളരെ ജാഗ്രതയോടെ പഠിക്കുകയും നടപ്പാക്കുകയും ചെയ്താല്‍ കൊവിഡാനന്തര പ്രതിസന്ധിയെ നമുക്ക് നിഷ്പ്രയാസം അതിജയിക്കാനാകും.

Latest