Religion
പകർച്ചവ്യാധി

cആരോഗ്യമുള്ള വിശ്വാസികളെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന ഒരു ആദര്‍ശമെന്ന നിലയില്‍ ഇസ്‌ലാം രോഗങ്ങളെ ഗൗരവപൂര്‍വമാണ് കാണുന്നത്. ജനങ്ങളുടെയും സമൂഹത്തിന്റെയും ശാരീരികവും ആത്മീയവുമായ ആരോഗ്യസംരക്ഷണം ഇസ്്ലാം ലക്ഷ്യം വെക്കുന്നു. തിന്മയില്‍ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവരെയും ശുദ്ധിയുള്ളവരെയുമാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്” (അൽ-ബഖറ:222) എന്ന ഖുർആനികാധ്യാപനം ആരോഗ്യത്തിന്റെ ആണിക്കല്ലായ ശുദ്ധിയുടെ പ്രാധാന്യമാണ് ബോധ്യപ്പെടുത്തുന്നത്.
പ്രവാചകന്‍(സ) നൂറ്റാണ്ടുകൾക്ക് മുമ്പ് തന്റെ അനുചരന്മാര്‍ക്ക് പകര്‍ന്നു നല്‍കിയ വൃത്തിയുടെയും ശുദ്ധിയുടെയും സംസ്‌കാരം പുതിയ കാലത്തും ഏറെ സ്വീകാര്യമാണ്. പകർച്ചവ്യാധികൾ വ്യാപിച്ച പുതിയ കാലത്ത് വിശേഷിച്ചും. തിരു നബി (സ) തുമ്മുമ്പോൾ കൈകൊണ്ടോ വസ്ത്രം കൊണ്ടോ മുഖം പൊത്തുമായിരുന്നു (തുർമുദി, അബൂ ദാവൂദ് ) എന്ന അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഹദീസ് സാംക്രമിക രോഗങ്ങളുടെ പ്രതിരോധം കൂടി പഠിപ്പിക്കാനുള്ളതാണ്. വായ പൊത്താതെ തുമ്മുന്നതും ചുമക്കുന്നതും ബാക്ടീരിയകളും വൈറസുകളും പടരാന്‍ കാരണമാകുമല്ലോ.
പകര്‍ച്ചവ്യാധികള്‍ തടയാന്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മാര്‍ഗങ്ങളെല്ലാം ദീര്‍ഘവീക്ഷണത്തോടു കൂടിയതാണ്. ചില നബി വചനങ്ങൾ കാണുക: “വല്ല സ്ഥലത്തും പ്ലേഗുണ്ടെന്ന് കേട്ടാൽ നിങ്ങൾ അങ്ങോട്ടു പ്രവേശിക്കരുത്. നിങ്ങൾ താമസിക്കുന്നിടത്ത് രോഗം വന്നാൽ നിങ്ങൾ അവിടെ നിന്ന് പോവുകയും ചെയ്യരുത് (സ്വഹീഹ് മുസ് ലിം 2218) “ആരോഗ്യമുള്ള മൃഗങ്ങളുടെ ഉടമ തന്റെ മൃഗങ്ങളെ വെള്ളം കുടിപ്പിക്കുന്ന ജലാശയത്തിലേക്ക് രോഗമുള്ള മൃഗങ്ങളുടെ ഉടമ തന്റെ മൃഗങ്ങളെ കൊണ്ടു വരരുത്” ( സ്വഹീഹുൽ ബുഖാരി :5771)
പകര്‍ച്ചവ്യാധികൾ സൂക്ഷിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യത തന്നെയാണ്. രോഗം പകരില്ലെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം തനിക്ക് ബാധകമല്ലെന്നും ഒരു സത്യവിശ്വാസിയും ചിന്തിച്ചു കൂടാ. അതിനോട് സഹകരിക്കാനും പൊതുസേവനരംഗം സജീവമാക്കാനും നാം സന്നദ്ധരാകണം. ഏതു പ്രവര്‍ത്തനത്തിന്റെ പിന്നിലെയും ആത്യന്തിക ശക്തിയായ അല്ലാഹുവിന്റെ തീരുമാന പ്രകാരമേ രോഗമുണ്ടാവുകയും പകരുകയും ചെയ്യുകയുള്ളൂ എന്ന ദൃഢവിശ്വാസം സദാ സമയത്തും വിശ്വാസിക്കുണ്ടാവുകയും വേണം.
ഒട്ടകത്തെ അഴിച്ചുവിട്ട് “ഞാന്‍ ഒട്ടകത്തിന്റെ കാര്യം അല്ലാഹുവിനെ ഏല്‍പ്പിച്ചു” എന്ന് പറഞ്ഞവനോട് ‘ആദ്യം ഒട്ടകത്തെ കെട്ടിവെക്കുക, എന്നിട്ട് അല്ലാഹുവില്‍ ഭരമേൽപ്പിക്കുക’ എന്നാണ് നബി (സ) നിര്‍ദേശിച്ചത്. രോഗവും മരണവും അല്ലാഹു ഉദ്ദേശിച്ചാൽ എവിടെയായിരുന്നാലും ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടൊപ്പം ആവശ്യമായ പ്രതിരോധങ്ങളും വിശ്വാസികൾ കൈക്കൊള്ളണമെന്ന് ചുരുക്കം.
സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ
zainraza313@gmail.com