Connect with us

Kerala

ബജറ്റിനെയും ഭിന്നിപ്പിൻെറ രാഷ്ട്രീയത്തിനെതിരായ പ്രതിരോധമാക്കി കേരളം

Published

|

Last Updated

തിരുവനന്തപുരം | 2020-2021 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പോലും സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ പ്രതിരോധമാക്കി കേരളം. കേന്ദ്ര സര്‍ക്കാറിന്റെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരെ കൃത്യമായ സന്ദേശമാണ് ബജറ്റിന്റെ കവര്‍ ചിത്രം മുതല്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയത്.

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി വെടിയേറ്റ് വീണ ചിത്രമാണ് ബജറ്റിന്റെ കവറായി ഉള്‍പ്പെടുത്തിയത്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ ചെര്‍ച്ച ചെയ്യപ്പെടുന്നതാണ് ഈ കവര്‍ ചിത്രം. ഹിന്ദുത്വ വര്‍ഗീയവാദിയായ നാഥൂറാം ഗോഡ്‌സെയുടെ വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെടുന്നത്. അതേ ഗോഡ്‌സെയുടെ ആശയം പിന്‍പറ്റുന്ന വലിയ ഒരു വിഭാഗം ഇന്ന് രാജ്യം ഭരിക്കുന്നവരിലുണ്ട്. അവര്‍ ഗാന്ധിജിയുടെ ചിത്രത്തില്‍ പ്രതീകാത്മകമായി വെടിവെക്കുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. ഗോഡ്‌സയെ ദേശീയവാദിയായി ഉയര്‍ത്തിക്കാട്ടുന്നു. ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരം നാടകമാണെന്ന് പ്രചരിപ്പിക്കുന്നു. ഇത്തരത്തില്‍ ചരിത്രം തന്നെ മാറ്റി എഴുതാനുള്ള നീക്കങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ഗാന്ധി വെടിയേറ്റ് വീണ ചിത്രവുമായി കേരളം പ്രതിരോധം തീര്‍ക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ സ്വാതന്ത്ര്യ സമരം ഒരു നാടകമായിരുന്നെന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ബി ജെ പി എം പി അനന്ത ഹെഡ്ഗെ പറഞ്ഞത്. ഗാന്ധിജി അടക്കമുള്ള നേതാക്കള്‍ക്കൊന്നും ഒരിക്കല്‍ പോലും പോലീസിന്റെ തല്ല് കിട്ടിയിട്ടില്ല. ഗാന്ധിജി നടത്തിയത് യഥാര്‍ഥ പോരാട്ടമല്ലായിരുന്നില്ല. ഇതിനാല്‍ അദ്ദേഹത്തെ “മഹാത്മാ” എന്ന് വിശേഷിപ്പിക്കാനാകില്ല എന്നൊക്കെയായിരുന്നു അനന്ത് കുമാര്‍ ഹെഡ്ഗെയുടെ വിമര്‍ശനങ്ങള്‍.

കഴിഞ്ഞ ജനുവരി മൂന്നിന് ഗുജറാത്തിലെ അംറേലിയിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ക്കുന്ന സാഹചര്യം വരെയുണ്ടായി. അംറേലി ജില്ലയിലെ ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതിചെയ്യുന്ന പ്രതിമയാണ് അജ്ഞാതര്‍ തകര്‍ത്തത്. ഗാന്ധി എങ്ങനെയാണ് ആത്മഹത്യ ചെയ്തതെന്ന് വിശദീകരിക്കാനാവശ്യപ്പെട്ട് ഗുജറാത്തിലെ സ്വകാര്യ സ്‌കൂളിലെ പരീക്ഷക്ക് ചോദ്യം തയ്യാറാക്കിയതും അടുത്തിടെ വിവാദമായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ മന്ത്രി ഇത്തരം ഒരു ചിത്രം ഉള്‍പ്പെടുത്തിയത്.

കൂടാതെ ബജറ്റിന്റെ തുടക്കം തന്നെ രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക അവസ്ഥയിലുള്ള ആശങ്കകള്‍ പങ്കുവെക്കുന്നതായിരുന്നു. രാജ്യത്ത് സേച്ഛാധിപത്യവും ജനാധിപത്യവും നേര്‍ക്കുനേര്‍ നല്‍ക്കുകയാണ്. വെറുപ്പിന്റേയും ഭിന്നിപ്പിന്റേയും ഭാഷ മാത്രം ഭരണകര്‍ത്താക്കള്‍ പറയുന്നു. ഹിംസയും ആക്രമവും മാത്രമാണ് കര്‍മമെന്ന് ഇവരുടെ അണികള്‍ കരുതുന്നു. പൂര്‍ണമായി വര്‍ഗീയ വത്ക്കരിക്കപ്പെട്ട ഒരു ഭരണമാണ് ഇന്നത്തെ ഇന്ത്യയെന്നും ഉണര്‍ത്തിയാണ് മന്ത്രി തുടങ്ങിയത്. പൗരത്വ നിയമ ഭേദഗതിയില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക, ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനുള്ള നീക്കത്തിനെതിരായ പ്രതിരോധം, ഇത്തരത്തില്‍ രാജ്യത്ത് ഉയര്‍ന്നുവന്ന സമരങ്ങളിലുള്ള പ്രതീക്ഷ പങ്കുവെക്കല്‍, രാജ്യത്തെ ഫെഡറല്‍ സംവിധാനം തകര്‍ത്ത് സംസ്ഥാനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ വിര്‍ശനം എല്ലാം ബജറ്റിന്റെ ഭാഗമായിരുന്നു.

ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനും വിദ്വേഷ നയങ്ങള്‍ക്കുമെതിരെ പ്രമുഖ എഴുത്തുകാര്‍ മുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍വരെ കുറിച്ച ചിന്തകള്‍ ബജറ്റിലുടനീളം മന്ത്രി പങ്കുവെച്ചു. വര്‍ഗീയ ഫാസിസത്തിനെതിരെ രാജ്യത്തെ ക്യാമ്പസുകളില്‍ ഉയര്‍ന്നുവരുന്ന പ്രതിരോധത്തെ പ്രശംസിച്ച് പ്രസംഗത്തില്‍ പ്രമുഖര്‍ കുറിച്ച വരികള്‍ ഇടക്കിടക്ക് മന്ത്രി ഉണര്‍ത്തി. “ഭയം ഒരു രാജ്യമാണ്. അവിടെ നിശബ്ദത ഒരു ആഭരണമാണ്” എന്ന വയനാട് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ദ്രുപത് ഗൗതമിന്റെ വാക്കുകള്‍, “ഞങ്ങളാണ് ഞങ്ങളാണ് യൗവ്വനം. നിങ്ങള്‍ വീണിടാതെ വയ്യ ആ ചവറ്റ്കൂനയില്‍” എന്ന റഫീഖ് അഹമ്മദിന്റെ വരികള്‍, “ഇന്നലെവരെ ഒരു ജാഥയില്‍ നിന്നിട്ടെല്ലെങ്കിലെന്ത് ? ഇന്ന് ജാഥയുടെ മുന്നില്‍ കയറി നിന്ന് മുഷ്ടി ചുരുട്ടുന്നു പടുവൃദ്ധന്‍. ചരിത്രം പഠിക്കാന്‍ പോയ കുട്ടികള്‍ തെരുവുകളില്‍ സ്വന്തം ചോരകൊണ്ട് ചരിത്രം സൃഷ്ടിക്കുന്നു”വെന്ന വിഷ്ണു പ്രസാദിന്റെ വരികള്‍ എന്നിവ മന്ത്രിയുടെ പ്രസംഗത്തില്‍ നിറഞ്ഞ് നിന്ന ചിലത് മാത്രം.

Latest