National
സോണിയയുടെ എസ് പി ജി സുരക്ഷ പിന്‍വലിച്ചതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കും മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്കുള്ള എസ് പി ജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ) സുരക്ഷ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ്. സോണിയക്കും കുടുംബത്തിനും ജീവനു ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ക്കുള്ള എസ് പി ജി സുരക്ഷ പിന്‍വലിക്കാന്‍ പാടില്ലാത്തതാണെന്നും ലോക്‌സഭയില്‍ വിഷയമവതരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അഥിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. സോണിയക്കും രാഹുലിനും മറ്റും സാധാരണ സുരക്ഷ മാത്രം നല്‍കിയാല്‍ പോര. അടല്‍ ബിഹാരി വാജ്‌പെയ് പ്രധാന മന്ത്രിയായിരുന്ന കാലത്ത് ഗാന്ധി കുടുംബത്തിന് എസ് പി ജി സുരക്ഷ നല്‍കിയിരുന്നതാണെന്നും ചൗധരി വ്യക്തമാക്കി.
അതേസമയം, വിഷയത്തില്‍ നോട്ടീസ് നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ ശൂന്യവേളയില്‍ ഇത്തരമൊരു കാര്യമുന്നയിക്കാന്‍ ചൗധരിക്ക് അവകാശമില്ലെന്ന് പാര്‍ലിമെന്ററി കാര്യം സഹ മന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ പറഞ്ഞു. പ്രതികാര രാഷ്ട്രീയവും സ്വേച്ഛാധിപത്യവും അവസാനിപ്പിക്കുക, ഞങ്ങള്‍ക്കു നീതി വേണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലുയര്‍ത്തി.
സി ആര്‍ പി എഫിന്റെ ഇസഡ് പ്ലസ് സുരക്ഷയാണ് ഇനി സോണിയക്കും മക്കള്‍ക്കും ലഭിക്കുക. രാജ്യത്ത് എസ് പി ജി സുരക്ഷയുള്ള ഒരേയൊരാള്‍ ഇനി പ്രധാന മന്ത്രി നരേന്ദ്ര മോദി മാത്രമാകും. സുരക്ഷാ അവലോകനത്തിനു ശേഷമാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനമെന്ന് പേരു വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഒരുയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സഭക്കു പുറത്തും കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി രംഗത്തെത്തി. സര്‍ക്കാര്‍ വ്യക്തിവൈരാഗ്യം കാണിക്കുകയാണെന്ന് പാര്‍ട്ടി ആരോപിച്ചു. നടപടി പ്രതികാര ബുദ്ധിയോടെയുള്ളതും ഞെട്ടലുളവാക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പ്രതികരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്കു പുറത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
പ്രധാന മന്ത്രിമാര്‍ക്കും മുന്‍ പ്രധാന മന്ത്രിമാര്‍ക്കും വേണ്ടിയാണ് എസ് പി ജി സുരക്ഷ കൊണ്ടുവന്നിരുന്നത്. മുന്‍ പ്രധാന മന്ത്രിമാരുടെ കുടുംബത്തിനും ഈ സുരക്ഷ ലഭിക്കുന്ന രീതിയില്‍ പിന്നീട് നിയമം ഭേദഗതി ചെയ്യുകയായിരുന്നു. മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് 1991 ഒക്ടോബറിലാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് എസ് പി ജി സുരക്ഷ ഏര്‍പ്പെടുത്തിയത്.