Connect with us

Gulf

യുഎഇയുടെ ഓര്‍ഡര്‍ ഓഫ് സായിദ് ബഹുമതി പ്രധാനമന്ത്രി ഏറ്റുവാങ്ങി

Published

|

Last Updated

ദുബൈ: യുഎഇ ഗവണ്‍മെന്റിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. അബൂദബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാനാണ് പുരസ്‌കാരം സമ്മാനിച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം ശക്തമാക്കുന്നതിൽ വഹിച്ച പങ്കു മാനിച്ചാണ് ബഹുമതി. ബഹുമതി എല്ലാ ഇന്ത്യക്കാർക്കുമെന്ന് പ്രധാനമന്ത്രി പിന്നീട് ട്വിറ്റ് ചെയ്തു.  ഇതോടെ യു എ ഇ യുടെ പരമോന്നത സിവിലിയൻ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ബഹുമതി മോദിക്ക് സ്വന്തമായി. ഏറെ വിനയത്തോടെ ഓർഡർ ഓഫ് സായിദ് മെഡൽ സ്വീകരിച്ചതായി നരേന്ദ്ര മോദി പറഞ്ഞു. വ്യക്തി എന്നതിലുപരി ഈ പുരസ്കാരം ഇന്ത്യയുടെ സംസ്കാരത്തിനാണെന്നും 130 കോടി ഇന്ത്യക്കാർക്ക് ഇത് സമർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. ഈ അംഗീകാരത്തിന് യു എ ഇ സർക്കാരിനോട് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-യുഎഇ ചരിത്രത്തിലെ പൊൻതിളക്കമാകുന്ന ഈ പുരസ്കാരം ഇവിടെയുള്ള 33 ലക്ഷം വരുന്ന പ്രവാസി ഇന്ത്യക്കാർക്കു കൂടിയുള്ള അംഗീകാരമാകും.

മാസ്റ്റര്‍ കാര്‍ഡിനും വിസ കാര്‍ഡിനും പകരമായി ഇന്ത്യ ഇറക്കിയ റുപേ കാര്‍ഡ് എമിറേറ്റ്‌സ് പാലസില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഇന്ത്യയില്‍ മാത്രം ഉപയോഗത്തിലുണ്ടായിരുന്ന റുപേ കാര്‍ഡ് ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്തേക്ക് എത്തുന്നത്.

ശൈഖ് മുഹമ്മദ് ഒരുക്കിയ ഉച്ചവിരുന്നില്‍ പങ്കെടുത്ത നരേന്ദ്ര മോദി ബഹ്‌റൈനിലേക്ക് തിരിച്ചു. വൈകീട്ട് അഞ്ചിന് ബഹ്‌റൈനില്‍ ഇന്ത്യന്‍ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. തുടര്‍ന്ന് ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ഈസാ അല്‍ ഖലീഫയുടെ അത്താഴ വിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും. റുപേ കാര്‍ഡ് ബഹ്‌റൈനിലും പുറത്തിറക്കുന്നുണ്ട്.