Connect with us

Health

തൂവാല വെറുമൊരു തുണിയല്ല

Published

|

Last Updated

കോഴിക്കോട്: എച്ച്1 എൻ1 വ്യാപനം തടയാൻ “തൂവാല വെറുമൊരു തുണിയല്ല” ക്യാമ്പയിൻ നടപ്പിലാക്കാൻ ആരോഗ്യ വകുപ്പ്. മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായി കേരളത്തിൽ എച്ച്1 എൻ1 വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങളിലും വിദ്യാർഥികളിലും അവബോധം സൃഷ്ടിക്കാൻ ക്യാമ്പയിൻ നടപ്പാക്കുന്നത്.
ആദ്യ ഘട്ടത്തിൽ ജൂൺ മുതൽ കോട്ടയം ജില്ലയിൽ നടപ്പാക്കിയ ക്യാമ്പയിൻ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.
എച്ച്1 എൻ1 ബാധയെ തുടർന്ന് സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 42 പേരാണ് മരിച്ചത്. 821 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ മാസം മാത്രം ഇതുവരെ മൂന്ന് പേർ മരിച്ചുവെന്നാണ് കണക്ക്.

ഈ സാഹചര്യത്തിലാണ് വായുവിലൂടെ പകരുന്ന രോഗത്തിന്റെ വ്യാപനം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ക്യാമ്പയിൻ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ നിർദേശം നൽകിയതെന്ന് എച്ച്1 എൻ1 സംസ്ഥാന നോഡൽ ഓഫീസർ അമർ ഫെറ്റ്ൽ സിറാജിനോട് പറഞ്ഞു.

കോട്ടയം ജില്ലയിൽ എയ്ഡഡ്, അൺ എയ്ഡഡ്, സർക്കാർ വിദ്യാലയങ്ങൾ ഉൾപ്പെടെ എണ്ണൂറോളം സ്‌കൂളുകളിൽ ക്യാമ്പയിൻ പൂർത്തിയാക്കി. വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ക്യാമ്പയിൻ നടത്തുന്നത്. സ്‌കൂളിലെ ഓരോ കുട്ടിക്കും രണ്ട് വീതം തൂവാലകൾ നൽകും. ഒന്ന് വൃത്തിഹീനമാകുമ്പോൾ ഉപയോഗിക്കാനാണ് രണ്ടാമത്തേത്.

തൂവാല ഉപയോഗിക്കുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കുകയാണ് ലക്ഷ്യം. അത് കുട്ടികളുടെയും കൂടെയുള്ളവരുടെയും കുടുംബത്തിന്റെയും ആരോഗ്യ സംരക്ഷണത്തിനും ഉപകരിക്കും. സ്‌കൂളിൽ തൂവാല വിതരണം ചെയ്യുന്നതോടെ വീടുകളിലും ഇതിന്റെ സന്ദേശമെത്തുമെന്ന് കോട്ടയം ഡി എം ഒ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു.

തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ തൂവാല ഉപയോഗിച്ച് വായ പൊത്തിപ്പിടിക്കണമെന്നാണ് “തൂവാല വെറുമൊരു തുണിയല്ല” ക്യാമ്പയിനിലൂടെ ആരോഗ്യ വകുപ്പ് കുട്ടികളെ ഉപദേശിക്കുന്നത്. ഒരു തൂവാല കൈയിൽ വെക്കുന്നത് കൊണ്ട് കുഷ്ഠം, ക്ഷയം, നിപ്പ, ജലദോഷം ഉൾപ്പെടെ വായുവിലൂടെ പകരുന്ന ഒട്ടുമിക്ക രോഗങ്ങളും ഒരു പരിധി വരെ തടയാനാകും.

തൂവാല സ്ഥിരമായി ഉപയോഗിച്ചാൽ മുഖത്തെ വിയർപ്പ് തുടച്ചു മാറ്റാം, ശരീരത്തിലോ വസ്ത്രത്തിലോ അഴുക്ക് പറ്റിയാൽ തുടക്കാം, വെയിൽ ഏൽക്കാതിരിക്കാൻ തലയിൽ ചൂടാം, മഴ ചാറിയാൽ നനയാതിരിക്കാം, യാത്ര ചെയ്യുമ്പോൾ മുഖവും ചെവിയും സംരക്ഷിക്കാം, ടിഷ്യൂ പേപ്പർ ഒഴിവാക്കാം തുടങ്ങിയ ഉപയോഗങ്ങളുണ്ടെന്ന സന്ദേശവും ആരോഗ്യ വകുപ്പ് നൽകുന്നു.

സ്‌പോൺസർഷിപ്പിലൂടെയാണ് വിദ്യാലയങ്ങളിൽ കുട്ടികൾക്ക് തൂവാല വിതരണം ചെയ്യുന്നത്. ഓരോ സ്‌കൂളുകളിലും നടക്കുന്ന ക്യാമ്പുകളിൽ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും. ബോധവത്കരണ ക്ലാസിന് പുറമേ ലഘുലേഖയും വിതരണം ചെയ്യുന്നുണ്ട്. തൂവാല ക്യാമ്പയിൻ വിദ്യാർഥികൾക്കിടയിൽ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കോട്ടയം ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജെ സിറാജിനോട് പറഞ്ഞു.
എച്ച്1 എൻ1 ഉൾപ്പെടെയുള്ള വായുവിലൂടെ പകരുന്ന അസുഖങ്ങൾക്കെതിരെയുള്ള ശക്തമായ സന്ദേശമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ചില മാസങ്ങളിൽ മാത്രം കണ്ടിരുന്ന എച്ച് വൺ എൻ വൺ ഈ വർഷം എല്ലാ മാസങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് 53 പേരാണ് എച്ച്1 എൻ1 ബാധിച്ച് മരിച്ചത്. 2017ൽ 76 പേരും മരിച്ചുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

ഈ വർഷം അസുഖം വ്യാപകമായ തോതിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രാജ്യത്താകമാനം ഒരു വർഷം നീളുന്ന ക്യാമ്പയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് മുതലായിരുന്നു ക്യാമ്പയിൻ. രോഗം വ്യാപകമായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇതിനാവശ്യമായ മരുന്ന് സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർമാരെ അറിയിച്ചതായി സംസ്ഥാന നോഡൽ ഓഫീസർ പറഞ്ഞു.

ഓരോ ജില്ലയിലും മരുന്ന് സ്റ്റോക്കുള്ള സർക്കാർ, സ്വകാര്യ മരുന്ന് വിൽപ്പന കേന്ദ്രങ്ങളുടെ പട്ടിക ഐ എം എ മുഖാന്തരവും ഡോക്ടർമാരിലെത്തിച്ചതായി അദ്ദേഹം പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തിന്റെ പശ്ചാത്തലത്തിൽ എച്ച്1 എൻ1 വർധിക്കാനുള്ള സാഹചര്യം മുൻനിർത്തി ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി നിരവധി പേരാണ് സംസ്ഥാനത്തുടനീളം കഴിയുന്നത്. ഈ സാഹചര്യത്തിൽ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്.
എല്ലാ ആശുപത്രികളും ആവശ്യമായ മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ട്. വായുവിലൂടെ പകരുന്ന രോഗമായതിനാൽ തുമ്മുമ്പോഴും ചുമക്കുമ്പോഴും നിർബന്ധമായും മൂക്കും വായും തൂവാല കൊണ്ട് മൂടണം. മരുന്നിന് പുറമേ ആരോഗ്യം പരിരക്ഷിക്കാൻ കൃത്യമായ ആഹാരം, ധാരാളം ചൂട് പാനീയങ്ങൾ എന്നിവ കഴിക്കണം. നാലഞ്ച് ദിവസത്തെ വിശ്രമവും ആവശ്യമാണ്.

Latest