Connect with us

Business

ഏലക്ക സംഭരണം ശക്തം; മഴയിൽ റബ്ബർ ടാപ്പിംഗ് തടസ്സപ്പെട്ടു

Published

|

Last Updated

കൊച്ചി: ബലി പെരുന്നാൾ അടുത്തതോടെ ആഭ്യന്തര വിദേശ വ്യാപാരികൾ ഏലക്ക സംഭരണം ശക്തമാക്കി. കനത്ത മഴയിൽ റബ്ബർ ടാപ്പിംഗ് തടസ്സപ്പട്ടിട്ടും ടയർ ലോബി നിരക്ക് ഉയർത്തിയില്ല. കർഷക രക്ഷ മുൻ നിർത്തി തമിഴ്‌നാട് അരലക്ഷം ടൺ കൊപ്ര സംഭരിക്കും. സ്വർണം റെക്കോർഡ് പ്രകടനം കാഴ്ച്ചവെക്കുകയാണ്.

ബക്രീദ് അടുത്തതോടെ ഏലത്തിന് ആഭ്യന്തര വിദേശ ആവശ്യം ഉയരുന്നിരിക്കുകയാണ്. ഉത്തരേന്ത്യയിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നും സുഗന്ധറാണിക്ക് ഓർഡറുകളെത്തുന്നുണ്ട്. കഴിഞ്ഞ പല ദിവസങ്ങളിലും ലേലത്തിന് എത്തിയ ഏലക്ക പുർണമായി ലേലം കൊണ്ടു.
കാർഷിക മേഖലയിൽ ലഭ്യത കുറഞ്ഞതിനിടയിൽ ഏലക്ക വില കിലോ 5,450 രൂപ വരെ ഉയർന്നു. ഇതിനിടയിൽ കാലവർഷം സജീവമായത് തോട്ടം മേഖലക്ക് അനുകൂലമാണ്. സെപ്തംബറിൽ പുതിയ ഏലക്ക വിൽപ്പനക്ക് സജ്ജമാക്കുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം കർഷകർ.

തമിഴ്‌നാട് കൊപ്ര സംഭരണം ആരംഭിച്ചത് നാളികേര കർഷർക്ക് നേട്ടമാകും. ജനുവരി മുതൽ കനത്ത വില തകർച്ചയുടെ പിടിയിലായിരുന്നു കൊപ്ര ഇനിയുള്ള ദിവസങ്ങളിൽ തിരിച്ചു വരവിന് രശമം നടത്തും. തമിഴ്‌നാടും അരലക്ഷം ടൺ കൊപ്ര ഉത്പാദകരിൽ നിന്ന് താങ്ങ് വിലക്ക് സംഭരിക്കും. പച്ചതേങ്ങയും കൊപ്രയും കേരളവും സംഭരിക്കുന്നുണ്ട്.

വിപണിക്ക് അനുകുലമായ വാർത്തകളെ തുടർന്ന് തമിഴ്‌നാട്ടിൽ കൊപ്ര 200 രൂപ ഉയർന്ന് 8,550 രൂപയായി. കൊച്ചിയിൽ കൊപ്ര 8,890 ലും വെളിച്ചെണ്ണ 13,300 ലുമാണ്. മഴ കനത്തതേടെ പകൽ താപനില കുറഞ്ഞത് കൊപ്രയിലെ ജലാംശതോത് ഉയർത്തും. വെളിച്ചെണ്ണക്ക് പ്രദേശിക ആവശ്യം ഓണം വരെ പ്രതീക്ഷിക്കാം.

കുരുമുളകിന് അമേരിക്കയിൽ നിന്നും യുറോപ്പിൽ നിന്നും ഓർഡറുകൾ നിലച്ചത് വിലക്കയറ്റത്തിന് തടസ്സമായി. ഉത്തരേന്ത്യൻ വാങ്ങലുകാരെ മാത്രം ആശ്രയിച്ചാണ് കറുത്തപൊന്ന് നിലകൊള്ളുന്നത്. ഇറക്കുമതി ചരക്ക് സുലഭമായതിനാൽ ഹൈറേഞ്ച് കുരുമുളകിന് ഡിമാൻഡ് മങ്ങി. അൺ ഗാർബിൾഡ് മുളക് വില 33,400 രൂപ.
മഴയുടെ വരവ് മൂലം പല ഭാഗങ്ങളിലും റബ്ബർ ടാപ്പിംഗ് തടസ്സപ്പട്ടു. മാസാവസാനം പുതിയ ഷീറ്റ് വിൽപ്പനക്ക് ഇറക്കനാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഉത്പാദകർ.
കാർഷിക മേഖലകളിൽ ഷീറ്റ് സംസ്‌കരണം ഊർജിതമായി നടക്കുന്നുണ്ട്. പുതിയ റബ്ബർ ഷീറ്റ് വിൽപ്പനക്ക് ഇറക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇതിനിടയിൽ ടയർ നിർമാതാക്കൾ ആ എസ് എസ് നാലാം ഗ്രേഡ് റബ്ബർ 14,900 രൂപക്കും അഞ്ചാം ഗ്രേഡ് 14,700 നും ശേഖരിച്ചു.

ടോക്കോം എക്‌സ്‌ചേഞ്ചിൽ ഓപ്പേറേറ്റർമാരിൽ നിന്നുള്ള വിൽപ്പന സമ്മർദത്തെ തുടർന്ന് റഹിഹർ ഒരുമാസത്തെ താഴ്ന്ന റേഞ്ചിലേക്ക് നീങ്ങി. ബാങ്കോക്കിൽ റബ്ബർ വില 12,173 രൂപയിലാണ്. രാജ്യാന്തര വില താഴ്ന്നതിനാൽ വ്യവസായികൾ ഇറക്കുമതിക്ക് നീക്കം തുടങ്ങും.
സ്വർണം പുതിയ റെക്കോർഡ് രേഖപ്പെടുത്തി. ആഭരണ വിപണികളിൽ പവൻ 25,800 ൽ നിന്ന് ചരിത്രത്തിൽ ആദ്യമായി 26,120 ലേക്ക് ഉയർന്നു. വാരാന്ത്യം പവന് 400 രൂപ ഇടിഞ്ഞ് 25,720 രൂപയായി.