Connect with us

Articles

മുത്വലാഖ് ബില്‍: കണ്ണില്‍ പൊടിയിട്ടതാര്?

Published

|

Last Updated

ലോകത്ത് ആചാരങ്ങളുടെ പേരില്‍ ഏറ്റവും കൂടുതല്‍ ക്രൂരതകള്‍ക്ക് വിധേയമായതും ഇപ്പോഴും അതിന് വിധേയമായിക്കൊണ്ടിരിക്കുന്നതും ഹിന്ദു സ്ത്രീകളാണെന്ന വസ്തുത എല്ലാവര്‍ക്കുമറിയാം. നല്ല സ്ത്രീ എന്ന് സംസ്‌കൃത ഭാഷയില്‍ അര്‍ഥം കല്പിക്കുന്ന സതി എന്ന ഓമനപ്പേരില്‍ ലക്ഷക്കണക്കിന് വിധവകളെ തീയിലെറിഞ്ഞ ചരിത്രം ഇവിടെയുണ്ട്. വിധവയായതിന്റെ പേരില്‍ കാശിയില്‍ കൊണ്ടുതള്ളിയ പതിനായിരങ്ങള്‍ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി യാചിച്ച് നടക്കുന്നുണ്ട് ഇപ്പോഴും. ഇതിനിടയിലും മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളാണ് ചിലരുടെ ആശങ്കയും ചര്‍ച്ചാ വിഷയവും.

സ്ത്രീയും പുരുഷനും തമ്മില്‍ ചേരാന്‍ ഇസ്‌ലാം മുന്നോട്ടുവെച്ച നികാഹ് പോലെ, അനിവാര്യ കാരണങ്ങള്‍ക്ക് വേണ്ടി അവര്‍ തമ്മിലുള്ള ബന്ധം വിച്ഛേദിക്കാന്‍ ഇസ്‌ലാം മുന്നോട്ടുവെച്ച രണ്ട് പ്രക്രിയകളാണ് ത്വലാഖും ഫസ്ഖും. ത്വലാഖ് ആണിന്റെ ഭാഗത്ത് നിന്നാണെങ്കില്‍ പെണ്ണിന്റെ ഭാഗത്ത് നിന്ന് വിവാഹബന്ധം ഒഴിവാക്കാനുള്ള വഴിയാണ് ഫസ്ഖ്. ത്വലാഖില്‍ പാലിക്കേണ്ട ധാരാളം മര്യാദകള്‍ ഖുര്‍ആന്‍ പറയുന്നുണ്ട്. ഇത്തരം യാഥാര്‍ഥ്യങ്ങളൊന്നും ഉള്‍ക്കൊള്ളാതെയാണ് നമ്മുടെ ജനപ്രതിനിധികള്‍ ത്വലാഖിനെ സമീപിച്ചതെന്നത് തീര്‍ത്തും നിരാശാജനകമാണ്.
The Muslim Women (Protection of Rights on Marriage) Bill, 2019 എന്ന പേരില്‍ പാര്‍ലിമെന്റില്‍ ജൂണ്‍ 21ന് അവതരിപ്പിച്ച ബില്ലിന്റെ രണ്ടാം അധ്യായം മൂന്നാം ഖണ്ഡിക ഇങ്ങനെ വായിക്കാം: “Any pronouncement of talaq by a Muslim husband upon his wife, by words, either spoken or written or in electronic form or in any other manner whatsoever, shall be void and illegal”. അഥവാ ഒരു മുസ്‌ലിം ഭര്‍ത്താവ് തന്റെ ഭാര്യയെ ത്വലാഖ് എന്ന പദമുപയോഗിച്ച് മൊഴിചൊല്ലിയാല്‍ അതൊരിക്കലും ത്വലാഖാകില്ലെന്നും നിയമപരമായി സാധുതയില്ലാത്തതുമാണെന്നു സാരം. ഈ ഭാഗം എടുത്തു മാറ്റാന്‍ ഒരു മുസ്‌ലിം എം പി പോലും ശബ്ദിച്ചതായി കണ്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

ഒരാള്‍ക്ക് ഇസ്‌ലാം സ്വീകരിക്കാനുള്ള അവകാശം അയാളുടെ തിരഞ്ഞെടുപ്പാണ്. നിര്‍ബന്ധപൂര്‍വം ഇസ്‌ലാമിലേക്ക് ആരെയും ചേര്‍ക്കില്ലെന്ന പോലെത്തന്നെ നികാഹിനും ത്വലാഖിനും ഇസ്‌ലാമിക നിയമങ്ങള്‍ തന്നെ സ്വീകരിക്കണമെന്നുള്ളതും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് വിടേണ്ടതാണ്. നികാഹിലും ത്വലാഖിലും ഇസ്‌ലാമിക നിയമം പാലിക്കാത്ത മുസ്‌ലിമിനെ ഇസ്‌ലാം പറഞ്ഞത് അനുസരിക്കാത്തയാളായി വിലയിരുത്തപ്പെടും. ഇസ്‌ലാമിക നിയമങ്ങള്‍ അനുസരിച്ചു തന്നെ നികാഹും ത്വലാഖും വേണമെന്ന് ശഠിക്കുന്ന മുസ്‌ലിമിന് അതുപ്രകാരം ജീവിക്കാനുള്ള അവകാശം ഈ രാജ്യം എക്കാലവും അനുവദിച്ചിട്ടുണ്ട്. അതിന്മേലാണ് ബി ജെ പി സര്‍ക്കാര്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇടപെടുന്നത്. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശത്തിനു വേണ്ടി ശബ്ദിക്കുന്നവര്‍ ഇതിനു പിന്നിലെ ലോജിക് അന്വേഷിക്കുന്നതിന് പകരം ഈ ഖണ്ഡിക പൂര്‍ണമായും എടുത്തു മാറ്റുന്നതു വരെ സമരഗോദയിലിറങ്ങുകയാണ് വേണ്ടത്.

തൊട്ടുടനെയുള്ള ഖണ്ഡിക ഇങ്ങനെ വായിക്കാം: Any Muslim husband who pronounces talaq referred to in section 3 upon his wife shall be punished with imprisonment for a term which may extend to three years, and shall also be liable to fine. അഥവാ ഇത്തരം ത്വലാഖ് ചൊല്ലുന്ന ഭര്‍ത്താവിനെ മൂന്ന് വര്‍ഷം വരെ ജയിലിലടക്കണമെന്നും അതോടൊപ്പം പിഴ ഈടാക്കാമെന്നും ചുരുക്കം. ഈ മൂന്ന് വര്‍ഷത്തെ ജയില്‍ ജീവിതത്തെ മാത്രം അനാവരണം ചെയ്താണ് ചര്‍ച്ചകളെല്ലാം നടന്നത്. പക്ഷേ, ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരിക്കലും എം പിമാര്‍ ചിന്തിച്ചില്ലെന്ന് മാത്രമല്ല, സമൂഹവും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. ഈ വിഷയത്തില്‍ സര്‍ക്കാറിനു മുമ്പില്‍ ഉന്നയിക്കപ്പെടേണ്ടുന്ന ചില ചോദ്യങ്ങളുണ്ട്. ആദ്യം പറഞ്ഞ ഖണ്ഡികയനുസരിച്ച് ആണും പെണ്ണും പരസ്പരം ബന്ധം വിച്ഛേദിക്കപ്പെടുന്നില്ല എന്നിരിക്കെ എന്തിനാണ് പുരുഷന് ജയില്‍ ശിക്ഷ ശിപാര്‍ശ ചെയ്യുന്നത്.? ഇതിലൂടെ ഇദ്ദേഹത്തിന്റെ ഭാര്യ മൂന്ന് വര്‍ഷം ഭര്‍ത്താവില്ലാത്ത ജീവിതം അനുഭവിക്കേണ്ടി വരുന്നു. ഇക്കാലയളവില്‍ ഭര്‍ത്താവില്‍ നിന്നുള്ള മുഴുവന്‍ ഇടപെടലുകളും ഭാര്യക്ക് നിഷേധിക്കപ്പെടുന്നു. മറ്റൊരു ഭര്‍ത്താവിനെ കണ്ടെത്താനും വഴിയില്ല. കാരണം ആദ്യ ബന്ധം ഈ നിയമമനുസരിച്ച് ഇപ്പോഴും നിലനില്‍ക്കുന്നു. ഒരേ സമയം അസാധുവാണെന്ന് പ്രഖ്യാപിക്കുകയും നിയമപരമായി ഇഫക്ട് ഇല്ല എന്ന് വ്യക്തമാക്കുകയും ചെയ്ത ഒരു വാക്കിനെ അഥവാ ത്വലാഖിനെ ക്രിമിനല്‍വത്കരിക്കുന്നതിന്റെ ഔചിത്യമെന്താണെന്ന് മനസ്സിലാകുന്നില്ല. സൈറാ ബാനു കേസിലെ കോടതി വിധിയിലോ നിരീക്ഷണത്തിലോ ഒരിടത്തും മുത്വലാഖിനെ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശമില്ല. മുത്വലാഖിനെ ക്രിമിനല്‍വത്കരിക്കേണ്ട സാഹചര്യവും നിലവിലില്ല. സമൂഹത്തെ വലിയ തോതില്‍ ബാധിക്കുന്ന കാര്യങ്ങളെയാണ് ക്രിമിനല്‍ കുറ്റമായി ഇതുവരെ പരിഗണിച്ചു പോരുന്നത് എന്നിരിക്കെ, സ്വകാര്യമായതും നിയമ സാധുതയില്ലാത്തതുമായ ഒന്നിനെ എങ്ങനെയാണ് ക്രിമിനല്‍ കുറ്റമായി കണക്കാക്കുക. ഇത് ക്രിമിനല്‍ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഇന്ത്യന്‍ പീനല്‍ കോഡ് (IPC) പ്രകാരം വൈവാഹിക കുറ്റകൃത്യങ്ങളില്‍ പരാതിക്കാരന്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ പരാതി നല്‍കുകയും അത് മജിസ്‌ട്രേറ്റ് വിശദമായി പരിശോധിച്ച ശേഷം പോലീസിന് റഫര്‍ ചെയ്യുകയും വേണം. എന്നാല്‍ ത്വലാഖ് വിഷയത്തില്‍ ഇതൊന്നും പരിഗണിക്കപ്പെടുന്നില്ല. പരാതിക്കാരിയോ അല്ലെങ്കില്‍ അടുത്ത ബന്ധുക്കളോ പോലീസില്‍ വിവരം അറിയിക്കുന്നതിലൂടെ സ്വമേധയാ കേസെടുക്കാന്‍ നിയമം അനുവദിക്കുന്നു. ഇതുവഴി പുരുഷന്റെ വ്യക്തിസ്വാതന്ത്ര്യം വലിയ തോതില്‍ ഹനിക്കപ്പെടുന്നു. ഇത്തരം നിരവധി ചോദ്യങ്ങളും അവ്യക്തതകളും ബാക്കിനിര്‍ത്തിയാണ് ലോക്‌സഭയില്‍ ബില്‍ പാസായതെന്ന വസ്തുത ഖേദകരം തന്നെയാണ്.

ഹിന്ദു സമുദായത്തിലെ സ്ത്രീകളും ധാരാളം കഷ്ടതകള്‍ അനുഭവിച്ചു കൊണ്ടിരിക്കെ തന്നെ മുസ്‌ലിം സ്ത്രീയുടെ പുരോഗതിയെ കുറിച്ച് വാചാലമാകുന്നത് തീര്‍ത്തും ഹിന്ദു പ്രീണനത്തിന്റെ ഭാഗമാണ്. അല്ലെങ്കില്‍ ഹിന്ദു സമുദായത്തില്‍ നിന്നുള്ള വിധവകള്‍ക്കും അവര്‍ണര്‍ക്കുമാണ് മോദി ആദ്യം നിയമം കൊണ്ടുവരേണ്ടിയിരുന്നത്. മുസ്‌ലിംകളുടെ ശരീഅത്ത് നിയമങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി ആത്മാര്‍ഥമായി നിലപാടെടുക്കുകയും ഗൗരവമായ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുകയും ചെയ്യുന്നതില്‍ സഭയിലെ കക്ഷികളെല്ലാം പരാജയപ്പെട്ടുവെന്നു വേണം കരുതാന്‍. മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടി മാത്രമല്ല നിയമം വേണ്ടതെന്നാണ് ശശി തരൂര്‍ പറഞ്ഞത്. പ്രേമചന്ദ്രനും ഉവൈസിക്കും മൂന്ന് വര്‍ഷത്തെ ജയില്‍ ജീവിതത്തില്‍ മാത്രമേ ആശങ്കയുള്ളൂ. കേരളത്തിലെ സമുദായപാര്‍ട്ടിയാകട്ടെ വേറെയും ധാരാളം പ്രശ്‌നങ്ങളുള്ളപ്പോള്‍ ഇതുമാത്രം ഉയര്‍ത്തുന്നതില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് കണ്ണില്‍ പൊടിയിടുകയും ചെയ്യുന്നു. ഈ ബില്‍ നടപ്പാക്കുന്നതിലൂടെ മുസ്‌ലിംകള്‍ നേരിടേണ്ടി വരുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ ചര്‍ച്ചക്ക് വന്നില്ലെന്നതാണ് സത്യം. രാജ്യസഭയിലും പുറത്തുമെല്ലാം ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നുവരുമെന്ന് ആശിക്കാം.

Latest