Connect with us

Alappuzha

ആലപ്പുഴയുടെ കലക്ടർ ഡോക്ടർ

Published

|

Last Updated

ആലപ്പുഴ ജില്ല പിറവിയെടുത്ത് 51 വർഷം പിന്നിടുമ്പോൾ അമ്പതാമത്തെ ജില്ലാ കലക്ടറാണ് ഈയടുത്ത് ചുമതലയേറ്റത്. അതായത് ഒരു കലക്ടർക്ക് ശരാശരി ഒരു വർഷം. ഭൂമി കൈയേറ്റം, അനധികൃത മണൽഖനനം, തോടും പുഴയും കൈയേറൽ, കായൽ കൈയേറ്റം, തണ്ണീർത്തടങ്ങൾ നികത്തൽ തുടങ്ങിയ “കൃഷി”കൾക്കും വളക്കൂറുള്ള മണ്ണാണ് ആലപ്പുഴയിലേത്. കലക്ടർമാർ ദീർഘകാലം വാഴുന്ന ജില്ലയല്ല ആലപ്പുഴയെന്ന ദുഷ്‌പേര് രാഷ്ട്രീയക്കാർ നേരത്തെ തന്നെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മലബാറിൽ നിന്ന് സിവിൽ സർവീസ് പരീക്ഷ പാസാകുന്ന ആദ്യ മുസ്‌ലിം വനിതയായ കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഡോ.അദീല അബ്ദുല്ല ആലപ്പുഴയുടെ കലക്ടറാകുന്നത്.

രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നടക്കുന്ന നിയമലംഘനങ്ങൾക്കെതിരെ ഈ യുവ വനിതാ ഐ എ എസ് ഉദ്യോഗസ്ഥ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന ഉറച്ച വിശ്വാസമാണ് നാട്ടുകാർക്കുള്ളത്. സ്ഥാനത്തുള്ളിടത്തോളം നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നും വിശിഷ്യാ ജില്ലയുടെ വികസന സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി മുന്നിട്ടിറങ്ങുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഫോർട്ട് കൊച്ചി സബ് കലക്ടറായിരിക്കുമ്പോൾ അത് തെളിയിച്ചതിനാൽ അവരുടെ വാക്കുകളിൽ വിശ്വാസമർപ്പിക്കുന്നു ജനം.

അട്ടപ്പാടിയിൽ മുളപൊട്ടിയ
ഐ എ എസ് മോഹം

ആതുരസേവന രംഗത്ത് സജീവമായിരിക്കുമ്പോഴാണ് മെഡിക്കൽ ബിരുദധാരിയായ അദീലക്ക് ഐ എ എസ് മോഹം മുളപൊട്ടിയത്. പിന്നെ ഒട്ടും വൈകിയില്ല, ആതുരസേവനത്തോടൊപ്പം സിവിൽ സർവീസ് പരിശീലനവും ആരംഭിച്ച അവർക്ക് സ്വപ്‌നസാക്ഷാത്കാരത്തിനായി അധിക നാൾ കാത്തിരിക്കേണ്ടി വന്നില്ല. നാല് മാസത്തെ പ്രയത്‌നം മാത്രമെ ഐ എ എസ് എത്തിപ്പിടിക്കാൻ തനിക്ക് വേണ്ടിവന്നുള്ളൂവെന്ന് ഡോ. അദീല പറയുന്നു.

അട്ടപ്പാടിയിൽ ആതുരസേവനത്തിലേർപ്പെട്ടിരിക്കെയാണ് സിവിൽ സർവീസിനോട് താത്പര്യം തോന്നിയത്. സമൂഹത്തിന് കൂടുതൽ സേവനം ചെയ്യാൻ സിവിൽ സർവീസ് ഉപകരിക്കുമെന്ന തിരിച്ചറിവാണ് പുതിയ വഴി തേടാൻ കാരണമായത്. ഡോക്ടറുടെ ജോലിയേക്കാൾ വിശാലമായ ലോകമാണെന്ന് കണ്ടാണ് സിവിൽ സർവീസ് പരീക്ഷയെഴുതിയത്. അട്ടപ്പാടിയിലെ അധഃസ്ഥിത വിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ട ഡോ. അദീലക്ക് ഗ്രാമീണ മേഖലക്കായി തന്നാലാകുന്ന എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരുന്നു. പക്ഷെ, സിവിൽ സർവീസിലെത്തിയതോടെ സേവന മേഖലയായി ലഭിച്ചതെല്ലാം നഗര കേന്ദ്രങ്ങൾ. എങ്കിലും സമൂഹത്തിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് മുഖ്യപരിഗണന നൽകിയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഡോ.അദീല തെളിയിച്ചുകഴിഞ്ഞു. തീരുമാനങ്ങളെടുക്കാനുള്ള കരുത്തും കാര്യങ്ങൾ വിശകലനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കിൽ സിവിൽ സർവീസ് മികച്ച സേവന രംഗമാണെന്ന ബോധ്യമാണ് തന്നെ ഇതിലേക്കെത്തിച്ചതെന്നും അനുഭവത്തിന്റെ വെളിച്ചത്തിൽ തനിക്കിത് കൂടുതൽ ബോധ്യപ്പെട്ടതായും ഡോ. അദീല വ്യക്തമാക്കുന്നു.

ഗൗരിയമ്മയുടെ 101-ാം പിറന്നാളിന് ഗവർണർ പി സദാശിവത്തിന്റെ ആശംസാപത്രം കലക്ടർ അദീല അബ്ദുല്ല കൈമാറുന്നു.

ഡോ. അദീലയെ ആലപ്പുഴ ജില്ലാ കലക്ടറായി തീരുമാനിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം വന്നത് മുതൽ സമൂഹമാധ്യമങ്ങളിൽ, കുറഞ്ഞ കാലത്തെ അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള നിരവധി സന്ദേശങ്ങളാണ് പ്രചരിച്ചത്. സന്ദേശങ്ങളത്രയും യുവ ഐ എ എസ് ഓഫീസറുടെ ധീരകൃത്യങ്ങളും സാധാരണക്കാർക്ക് ആവേശം പകരുന്നതുമായിരുന്നു.

കണ്ണൂരിൽ സബ് കലക്ടർ ട്രെയിനിയായാണ് തുടക്കം. പിന്നീട് തിരൂരിൽ സബ് കലക്ടർ ആയി ആദ്യ നിയമനം. ശേഷം ഫോർട്ട് കൊച്ചി സബ് കലക്ടറായി. കൊച്ചിയിലെ പൊന്നുംവിലയുള്ള സർക്കാർ ഭൂമി കൈയേറിയവർക്കെതിരെയും കൈയേറ്റക്കാരുടെ പട്ടിക ആവശ്യപ്പെട്ടുള്ള വിവരാവകാശ രേഖ നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരെയുമെടുത്ത നടപടികളിലൂടെയാണ് ഡോ. അദീല കേരളത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായത്. ഫോർട്ട് കൊച്ചിയിൽ നിന്ന് പോയത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ അസാപ് ഡയറക്ടറായിട്ടാണ്. അവധിയിലിരിക്കെയാണ് ആലപ്പുഴയിൽ പുതിയ ചുമതല ഡോ.അദീലയെ തേടിയെത്തിയത്.

ആദ്യ സന്ദർശനം
ആശുപത്രിയിലേക്ക്

ആദ്യമായാണ് ആലപ്പുഴയിൽ മെഡിക്കൽ ബിരുദധാരിയായ ഒരാൾ ജില്ല ഭരിക്കാനെത്തുന്നത്- കലക്ടറുടെ ചേംബറിലെ ബോർഡിൽ നോക്കി ഡോ.അദീല അബ്ദുല്ല പറഞ്ഞു. ജില്ലാ കലക്ടർ എന്ന നിലയിലുള്ള വിപുലമായ ഉത്തരവാദിത്തങ്ങൾ അർപ്പണബോധത്തോടെ ഏറ്റെടുത്ത്, ആലപ്പുഴയിലെ സാധാരണക്കാരുടെയടക്കമുള്ള പ്രശ്‌നങ്ങളിൽ ഡോ.അദീല ഇടപെട്ട് തുടങ്ങി. ചുമതലയേറ്റയുടൻ തനിക്ക് ഏറ്റവും താത്പര്യമുള്ള ആതുരമേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാനാണ് മുന്നിട്ടിറങ്ങിയത്. ഇതിന്റെ ഭാഗമായി ചേർത്തല താലൂക്കാശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി. ആതുര സേവനം നടത്തിയ അട്ടപ്പാടിയിലെ തന്റെ അനുഭവം ഏറെ വലുതാണ്. ആലപ്പുഴ പോലുള്ള ഒരു ജില്ലക്ക് തന്റെ മെഡിക്കൽ ബിരുദം ഗുണകരമാകുമെന്നും കലക്ടർ പറയുന്നു. ആരോഗ്യമേഖലക്ക് കൂടുതൽ ഊന്നൽ നൽകും.

ഈ മേഖലയിലെ ജില്ലയിലെ സ്ഥിതിഗതികൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. കടലും കായലും തോടുകളും പുഴകളും നിറഞ്ഞ ആലപ്പുഴ സാംക്രമിക രോഗങ്ങളുടെ വിളനിലമാണ്. ഏത് കാലാവസ്ഥയിലും, പ്രത്യേകിച്ച് മഴക്കാലത്ത്, പൊട്ടിപ്പുറപ്പെടുന്ന സാംക്രമിക രോഗങ്ങളുടെ പ്രഭവ കേന്ദ്രം മിക്കവാറും ആലപ്പുഴയായിരിക്കും. ഈ സാഹചര്യത്തിൽ ഒരു മെഡിക്കൽ ബിരുദധാരി തന്നെ ആലപ്പുഴയുടെ കലക്ടറായെത്തിയതിൽ ഏറെ സന്തുഷ്ടരാണ് നാട്ടുകാർ.

പൊതുവിദ്യാലയങ്ങളിലെ പ്രശ്‌നങ്ങൾ നേരിട്ടറിയാൻ വിവിധ സ്‌കൂളുകളിൽ മിന്നൽ സന്ദർശനവും നടത്തി. പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾക്കാണ് തന്റെ മുന്തിയ പരിഗണനയെന്ന് കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്. പുരനധിവാസ പ്രവർത്തനങ്ങളിൽ വന്ന താളപ്പിഴവുകളും മറ്റും നേരിട്ടു മനസ്സിലാക്കാനുള്ള ശ്രമത്തിലാണ്. കലക്ടർക്ക് ഉറച്ച പിന്തുണയുമായി ഉദ്യോഗസ്ഥ വൃന്ദവുമുണ്ട്.
പുതിയ കാലത്ത് ഐ എ എസ് ഉൾപ്പെടെയുള്ള ഉന്നത സ്ഥാനങ്ങളിലെത്താൻ ആഗ്രഹിക്കുന്നവർക്ക് ഉപദേശവും കലക്ടറുടെ പക്കലുണ്ട്. ഏതെങ്കിലും ഒരു വിഷയം പഠിക്കുന്നതിനൊപ്പം കാലത്തിനൊത്ത മാറ്റം ഉൾക്കൊള്ളണം.

ഐ എ എസ് എന്നല്ല ഏത് പഠനവും സ്മാർട്ടും പാഷനുമാക്കുകയാണ് വേണ്ടത്. കുറ്റ്യാടി ഗുഡ്‌ഫെയ്ത്ത് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ചാത്തമംഗലം എം ഇ എസ് രാജാ റസിഡൻഷ്യൽ സ്‌കൂളിൽ തുടർ വിദ്യാഭ്യാസം. ശേഷം പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളജിൽ എം ബി ബി എസ് ബിരുദം. 2012ലാണ് 230ാം റാങ്കോടെ ഐ എ എസ് പാസ്സായത്.
പിതാവ് കുറ്റ്യാടി വളയം നെല്ലിക്കണ്ടി അബ്ദുല്ല വ്യവസായിയാണ്. മാതാവ് ബിയ്യാത്തു നാദാപുരം ടി ഐ എം ഗേൾസ് ഹൈസ്‌കൂൾ പ്രധാനാധ്യാപിക. സഹപാഠിയും ഗൈനക്കോളജിസ്റ്റുമായ പെരിന്തൽമണ്ണ ഏലംകുളം കുന്നക്കാവ് സ്വദേശി ഡോ. റബീഹാണ് ഭർത്താവ്. ഐറ, ഹയ്‌സൺ മക്കളാണ്.

എം എം ശംസുദ്ദീൻ • mmshamsudheen@gmail.com

.

Latest