Connect with us

Articles

കരുണാ നാളുകളില്‍ കാരുണ്യക്കൈനീട്ടം

Published

|

Last Updated

ഭൂമി മനുഷ്യരുടെ പരീക്ഷാ ഹാളാണ്. ജീവിതം ഒരു പരീക്ഷയും. ആരോഗ്യവും രോഗവും സമ്പത്തും ദാരിദ്ര്യവും സന്തോഷവും ദുഖവും ക്ഷേമവും ക്ഷാമവുമെല്ലാം പരീക്ഷയിലെ ചോദ്യങ്ങളാണ്. ലഭിച്ച അനുഗ്രഹങ്ങളെല്ലാം മറ്റുള്ളവര്‍ക്കും പങ്കുവെക്കുമ്പോഴാണ് നാം വിജയികളില്‍ പെടുന്നത്. അല്ലാഹു നമുക്ക് ആരോഗ്യം തന്നത് ദുര്‍ബലനെ ഇടിച്ചു വീഴ്ത്താനല്ല. വീഴുന്നവനെ പിടിച്ചുയര്‍ത്താനാണ്. സമ്പത്തു തന്നത് പാവപ്പെട്ടവനെ സഹായിക്കാനാണ്.

അഹങ്കരിക്കാനല്ല. ജീവിത കാലത്ത് നാം ചെലവഴിക്കുന്നതാണ് നമുക്കുള്ളത്. സൂക്ഷിച്ചുവെക്കുന്നത് മറ്റാര്‍ക്കോ ഉള്ളതാണ്. “സമ്പത്തില്‍ നിന്ന് നിങ്ങള്‍ ചെലവഴിച്ച ഒന്ന് അതു നിങ്ങള്‍ക്കുള്ളതാണ്”(അല്‍ ബഖറ).
സ്വഹാബത്തിന്റെ കാലം മുതല്‍ തന്നെ നന്‍മയുടെ വഴിയില്‍ സമ്പത്തുകള്‍ ചെലവഴിക്കുന്ന സംസ്‌കാരം മുസ്‌ലിംകളില്‍ വ്യാപകമായിട്ടുള്ളതാണ്. മഹാനായ ഉമര്‍(റ)തനിക്ക് ഖൈബറില്‍ ലഭിച്ച ഭൂമി വഖ്ഫ് ചെയ്തു കൊണ്ടാണിതിനു തുടക്കം കുറിച്ചത്. തുടര്‍ന്നു അബൂബക്കര്‍ സ്വിദ്ദീഖ് (റ), ഉസ്മാന്‍(റ), അലി(റ), സുബൈര്‍ (റ) തുടങ്ങിയവരെല്ലാം ഭൂമികള്‍ വഖ്ഫ് ചെയ്തു. ഈ സംസ്‌കാരം മത സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് പുതിയ മാതൃക സൃഷ്ടിച്ചു.

 

മുസ്‌ലിംകളുടെ ദാന ശീലത്തിലൂടെ ഉയര്‍ന്ന നിരവധി സംരംഭങ്ങള്‍ ലോകത്ത് നമുക്ക് കാണാന്‍ കഴിയും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പള്ളികള്‍ തന്നെയാണ്. ലോകത്തുള്ള ലക്ഷക്കണക്കായ പള്ളികളില്‍ മഹാഭൂരിപക്ഷവും പാരത്രിക ലോകത്ത് പ്രതിഫലം ലഭിക്കുമെന്ന വിശ്വാസത്തോടെ വിശ്വാസികള്‍ ദാനം ചെയ്ത ഭൂമിയില്‍ നിര്‍മിച്ചതാണ്. മസ്ജിദുകളും സാധാരണക്കാരുടെയും കഴിവുള്ളവരുടെയും സംഭാവന കൊണ്ടാണ് പണിതുകൊണ്ടിരിക്കുന്നത്. തുടര്‍ന്ന് ഖബറടക്കാനുള്ള ഏക്കർക്കണക്കിനു ഭൂമികള്‍ പലരും ദാനം ചെയ്തു. കേരളത്തിലടക്കം ഇത്തരം ഖബർസ്ഥാനുകളിലാണ് മുസ്‌ലിംകളെ മറമാടപ്പെടുന്നത്.

മദ്‌റസകള്‍, ആശുപത്രികള്‍, യാത്രക്കാര്‍ക്കുള്ള വിശ്രമ പുരകള്‍, ശൗച്യാലയങ്ങള്‍, ജലപാനത്തിനുള്ള മുറികള്‍, വഴിയോര ഇരിപ്പിടങ്ങള്‍, ചരക്കുകള്‍ ഇറക്കാനുള്ള സൗകര്യങ്ങള്‍, പൊതുകിണറുകള്‍, യുവതീ യുവാക്കളുടെ വിവാഹം തുടങ്ങി മൃഗങ്ങളുടെ ചികിത്സക്കു വരെ സമ്പത്തുകള്‍ വഖ്ഫ് ചെയ്യുന്ന രീതി മുസ്‌ലിം ലോകത്ത് നമുക്ക് കാണാന്‍ സാധിക്കും.

ഇന്ന് പട്ടിണിയേക്കാള്‍ വലിയ പരീക്ഷണം രോഗങ്ങളാണ്. ക്യാന്‍സര്‍, ഹാര്‍ട്ട്, കിഡ്‌നി തുടങ്ങി തലച്ചോറിനടക്കം മാരകമായ രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഭക്ഷണത്തേക്കാള്‍ മരുന്നു കഴിക്കുന്ന സ്ഥിതിയാണ്. കുടുംബത്തില്‍ ഒരാള്‍ ഡയാലിസിസിന് വിധേയനാകേണ്ടി വന്നാല്‍ ആ കുടുംബം ദാരിദ്ര്യത്തിന്റെ നീര്‍ച്ചുഴിയിലെറിയപ്പെട്ടു എന്നു പറയാം. ഇത്തരം രോഗികള്‍ക്കു വേണ്ടിയാണ് ഇന്ന് നാം കൂടുതല്‍ പണം ചെലവഴിക്കേണ്ടത്. ഒരാള്‍ രോഗിയാകുന്നതോടെ അയാള്‍ മാത്രമല്ല പ്രയാസപ്പെടുന്നത്. കുടുംബത്തിലെ മറ്റുള്ളവരും അയാള്‍ക്കു വേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടി വരുമ്പോള്‍ അവരുടെ കൂടി തൊഴിലും വരുമാനവും നിലച്ചു പോകുകയാണ്. പല കുടുംബങ്ങളിലും രണ്ടംഗങ്ങള്‍ മാത്രമാണുള്ളത് എന്നതിനാല്‍ കൂടെ നില്‍ക്കാന്‍ പോലും ആളില്ലാത്ത സ്ഥിതിയാണ്.

ആഴ്ചകളും മാസങ്ങളും ആശുപത്രിയില്‍ കഴിയുന്നവരും കൂട്ടിരിപ്പുകാരും കഷ്ടപ്പെടുന്നത് പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് എസ് വൈ എസ് എന്ന യുവജന പ്രസ്ഥാനമാണ്. ദിവസവും ആയിരക്കണക്കിന് രോഗികള്‍ ചികിത്സക്കെത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് “സഹായി” എന്ന പേരില്‍ രോഗികളെ സഹായിക്കാനുള്ള എളിയ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു.
ഇപ്പോള്‍ സൗജന്യ ഭക്ഷണം, മരുന്ന്, സൗജന്യ നിരക്കില്‍ ഡയാലിസിസ്, ആംബുലന്‍സ് സേവനം, വളണ്ടിയര്‍ സേവനം തുടങ്ങി നോമ്പു തുറയും അത്താഴവും മയ്യിത്ത് പരിപാലനവും മെഡിക്കല്‍ കോളജിലെ വാര്‍ഡു നവീകരണങ്ങളില്‍ വരെ എത്തി നില്‍ക്കുന്നു സേവനങ്ങള്‍.

തിരുവനന്തപുരം ആർ സി സി ക്ക് സമീപം പ്രവർത്തന സജ്ജമായ സാന്ത്വന കേന്ദ്ര

ഇതില്‍ ഏറ്റവും സന്തോഷകരമായിട്ടുള്ളത് ഈ മാതൃക പിന്തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും സേവന രംഗത്തേക്കു കടന്നുവന്നു എന്നതാണ്. എന്നാല്‍ ഇതിനോടകം എസ് വൈ എസ് അതിന്റെ സേവന മേഖല കൂടുതല്‍ വിപുലപ്പെടുത്തി. മറ്റു മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ തുടങ്ങി തിരുവനന്തപുരം ആര്‍ സി സിയില്‍ വരെ എത്തിനില്‍ക്കുന്നു. ആര്‍ സി സിയുടെ വിളിപ്പാടകലെ നിര്‍മാണം പൂര്‍ത്തിയായ സാന്ത്വന കേന്ദ്രം അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കുകയാണ്. മൂവായിരത്തിലധികം യൂനിറ്റുകളില്‍ സാന്ത്വന കേന്ദ്രങ്ങളും സാന്ത്വനം വളണ്ടിയര്‍മാരും സജ്ജീകരിക്കപ്പെട്ടുകഴിഞ്ഞു.

ഇതിനെല്ലാം പ്രചോദനമായിട്ടുള്ളത് പ്രവാചകരുടെയും അനുയായികളുടെയും സാന്ത്വന സേവന പ്രവര്‍ത്തനങ്ങളാണ്. നബി(സ്വ) പറഞ്ഞു. “വിധവകള്‍ക്കും അഗതികള്‍ക്കും വേണ്ടി അധ്വാനിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അധ്വാനിക്കുന്നവനെപ്പോലെയും, തളരാതെ പകല്‍ മുഴുവന്‍ നോമ്പെടുക്കുകയും, ക്ഷീണമില്ലാതെ രാത്രിയിലുടനീളം നിസ്‌കരിക്കുന്നവനെപ്പോലെയുമാണ്” (ബുഖാരി).

ഗതിയില്ലാത്തവരെ കണ്ടില്ലെന്നു നടിക്കാന്‍ വിശ്വാസികള്‍ക്കാകില്ല. നാടോടികളുടെ ടെന്റില്‍ ചെന്ന് അവരുടെ പട്ടിണിയെ കുറിച്ച് കേട്ടു കരഞ്ഞ രണ്ടാം ഖലീഫ ഉമര്‍ (റ) ഭക്ഷ്യഗോഡൗണില്‍ ചെന്ന് അവര്‍ക്കുള്ള ഭക്ഷ്യ ധാന്യങ്ങള്‍ ചാക്കില്‍ നിറച്ച് തന്റെ വേലക്കാരന്റെ സഹായത്തോടെ തലയില്‍ ചുമന്ന,് അവര്‍ക്കുള്ള ഭക്ഷണം സ്വന്തം കൈകൊണ്ട് പാകം ചെയ്തു കൊടുത്ത, കോരിത്തരിപ്പിക്കുന്ന ചരിത്രം നമ്മുടെ മുമ്പിലുണ്ട്. നമ്മുടെ സമ്പത്തും കര്‍മശേഷിയും മാത്രമല്ല നമ്മുടെ സ്വാധീന ശക്തികൂടി പാവപ്പെട്ടവര്‍ക്കായി നാം ഉപയോഗപ്പെടുത്തണം.
ഒരു പ്രയാസക്കാരന്റെ ആവശ്യം നിറവേറ്റാന്‍ അവനോടൊപ്പം പോകുന്നത് എന്റെ പള്ളിയില്‍ 30 ദിവസം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാള്‍ പുണ്യമുള്ളതാണെന്ന തിരുവചനം നമുക്ക് പ്രചോദനമാകണം. ആയിരക്കണക്കിന് നിത്യ രോഗികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കാനും ആയിരം ദാറുല്‍ ഖൈര്‍ ഭവന പദ്ധതി പൂര്‍ത്തീകരിക്കാനും തിരുവനന്തപുരത്ത് നിര്‍മാണം കഴിഞ്ഞ സാന്ത്വന കേന്ദ്രത്തില്‍ പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നു നല്‍കാനും ഇന്ന് നാം കാരുണ്യ കൈനീട്ടത്തിനായി ജനങ്ങളിലേക്കിറങ്ങുകയാണ്. രോഗം കൊണ്ട് ക്ഷീണിച്ച സാമ്പത്തിക പ്രതിസന്ധിമൂലം തളര്‍ന്നു കഴിയുന്ന പാവപ്പെട്ടവരുടെ കൈ പിടിക്കാന്‍, പാര്‍ക്കാന്‍ കൂരയില്ലാതെ വിവാഹം പോലും മുടങ്ങിയ നിര്‍ധനര്‍ക്ക് ആശ്വാസം പകരാന്‍, കടുത്ത ചൂടും പ്രളയങ്ങളും കടന്നാക്രമിച്ചവരെ കരകയറ്റാന്‍ ഹൃദയത്തില്‍ സ്‌നേഹം കിനിയുന്ന, കണ്ണില്‍ ചോരയുള്ള എല്ലാ സുമനസ്സുകളും നമ്മോട് സഹകരിക്കും. ജുമുഅക്കു ശേഷം പള്ളികളിലും തുടര്‍ന്ന് ടൗണുകളും വീടുകളും കേന്ദ്രീകരിച്ചും ഈ സദുദ്യമം വിജയിപ്പിക്കുക.

(എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

---- facebook comment plugin here -----

Latest