Connect with us

National

സിഖ് വിരുദ്ധ കലാപവും രാജീവും: വാക്ക് യുദ്ധം മുറുകി

Published

|

Last Updated

ഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ അഞ്ച് ഘട്ടങ്ങളിലും പാക്കിസ്ഥാനിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കും, തീവ്രദേശീയതയും ന്യൂനപക്ഷ വിരുദ്ധതയും വിശ്വാസ ആചരങ്ങളുമെല്ലാമായി പ്രചാരണം മുന്നോട്ടുകൊണ്ടുപോയ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അജന്‍ഡ അവസാന രണ്ട് ഘട്ടത്തില്‍ മാറുന്നു. 12ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും 19ന് കോണ്‍ഗ്രസ് ഭരണം നിലനില്‍ക്കുന്ന പഞ്ചാബിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ വിമര്‍ശനം ബി ജെ പി മുഖ്യ പ്രചാരണ അജന്‍ഡയായി മാറ്റുകയാണ്.

രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് നടന്ന രാഷ്ട്രീയ തീരുമാനങ്ങളും അദ്ദേഹവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമെല്ലാം പ്രചാരണത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് ബി ജെപി. ഡല്‍ഹി, പഞ്ചാബ് വോട്ടര്‍മാരില്‍ സിഖ് വിഭാഗത്തിനുള്ള സ്വാധീനമാണ് ഇതിന് ബി ജെ പിയെ പ്രേരിപ്പിക്കുന്ന ഒരു ഘടകം. 1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയെ തുടര്‍ന്ന് പഞ്ചാബികള്‍ക്കിടയിലുണ്ടായ വൈകാരികതയും കോണ്‍ഗ്രസിനോടും നെഹ്‌റു കുടുംബത്തോടുമുണ്ടായ വിരോധവും വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട് കഴിഞ്ഞു. മറ്റ് നേതാക്കളും പിന്നാലെയുണ്ട്. ബി ജെ പിയുടെ ഐ ടിസെല്ലും പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ്. ഏറ്റവും ഒടുവിലയി ബി ജെ പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴി രാജീവ് വിമര്‍ശം കടുപ്പിച്ചു.

ബി ജെ പിയുടെ നീക്കത്തില്‍ ഡല്‍ഹിയിലും പഞ്ചാബിലും മറ്റ് വിഷയങ്ങളൊന്നും പ്രചാരണ ആയുധമാക്കാന്‍ കഴിയാതെ രാജീവ് വിമര്‍ശനത്തെ പ്രതിരോധിച്ച് നില്‍ക്കേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്.

1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലക്ക് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ നേതൃത്വം നല്‍കുകയായിരുന്നെന്ന് ബി ജെ പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പറയുന്നത്. കലാപത്തിന് ആഹ്വാനം ചെയ്തത് രാജീവ് ഗാന്ധിയാണെന്നും കലാപത്തെക്കുറിച്ച് അന്വേഷിച്ച് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഭരണകൂട പങ്ക്‌
വ്യക്തമാക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. രാജീവും കോണ്‍ഗ്രസ് നേതാക്കളും ചെയ്ത കര്‍മത്തിന് ഫലം നല്‍കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നുമാണ് ട്വീറ്റ്. ഡല്‍ഹിയില്‍ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ സജ്ജന്‍ കുമാര്‍ അടക്കമുള്ളവര്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ഈ വിമര്‍ശനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസങ്ങളിലെ തിരഞ്ഞെടുപ്പ്പ്പ് ക്യാമ്പയിനുകളില്‍ നരേന്ദ മോദിയുടെ ശ്രദ്ധയും രാജീവിനും നെഹ്‌റു കുടുംബത്തിനുമെതിരായ കടന്നാക്രമണത്തിലായിരുന്നു. രാജീവ് ഒന്നാം നമ്പര്‍ അഴിമതിക്കാരനാണെന്ന് പറഞ്ഞായിരുന്നു മോദിയുടെ തുടക്കം. ബോഫോഴ്‌സ് കേസില്‍ ആരോപണ വിധേയനായ രാജീവിന്റെ പേരില്‍ വോട്ട് ചോദിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോയെന്നും മോദി ചോദിച്ചു. കഴിഞ്ഞ ദിവസം രാജീവിന്റെ കുടുംബത്തെ ഒട്ടാകെ മോദി വിമര്‍ശിച്ചു. രാജീവ് പ്രധാനമന്ത്രിയായിരിക്കെ നാവികസേനയുടെ കപ്പല്‍ കുടുംബത്തിന് ടൂര്‍ പോകാന്‍ ഉപയോഗിച്ചതായും ആരോപിച്ചു. പത്ത് ദിവസത്തെ അവധിക്കാല ടൂറിനായാണ് നാവികസേനയുടെ ഐ എന്‍ എസ് വിരാട് കപ്പലിനെ രാജീവ് ഗാന്ധിയും കുടുംബവും ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സമാന അഭിപ്രയവുമായി മുതിര്‍ന്ന ബി ജെ പി നേതാവും ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയും രംഗത്തെത്തി. രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെ പോരാടേണ്ട ഇന്ത്യന്‍ നാവിക സേനയുടെ സംവിധാനങ്ങള്‍ വ്യക്തിപരമായ ആഘോഷത്തിന് രാജീവ് ഗാന്ധി വിനിയോഗിച്ചതായി ജെയ്റ്റ്‌ലി പറഞ്ഞു.

ബി ജെ പിയുടെ രാജീവ് വിമര്‍ശം കടുത്തതോടെ മുഴുവന്‍ ശക്തിയും എടുത്ത് പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് നീക്കം. രാജീവ് ഗാന്ധിയുടെ മരണത്തില്‍ ബി ജെ പിക്കും പങ്കുണ്ടോയെന്ന് സംശയിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് വക്താവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. രാജീവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും ബി ജെ പി പിന്തുണയുള്ള വി പി സിംഗ് സര്‍ക്കാര്‍ അധിക സുരക്ഷ ഒരുക്കിയില്ലെന്ന് അഹമ്മദ് പട്ടേല്‍ ആരോപിച്ചു. എന്നാല്‍ ഇതിന് മറുപടിയുമായി അരുണ്‍ ജെയ്റ്റ്‌ലി വീണ്ടും രംഗത്തെത്തി. 1991ല്‍ തമിഴ്‌നാട്ടില്‍വെച്ച് രാജീവ് കൊല്ലപ്പെടുമ്പോള്‍ കോണ്‍ഗ്രസ് പിന്തുണയുള്ള ചന്ദ്രശേഖര്‍ സര്‍ക്കാറായിരുന്നു രാജ്യം ഭരിച്ചതെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. നേരത്തെ രാജീവിന്റെ കൊലപാതകത്തില്‍ ദ്രാവിഡ പാര്‍ട്ടിയ പ്രതിരോധത്തില്‍ നിര്‍ത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ബി ജെ പിക്കെതിരെ തിരിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

തൊട്ടുപിന്നാലെ കോണ്‍ഗ്രസ് വീണ്ടും തിരിച്ചടിച്ചു. ജീവിച്ചിരിക്കുന്നവരെ വിട്ട് മരിച്ചവരുമായി പോരാടാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. നോട്ട് നിരോധനത്തിന് നേട്ടം പറഞ്ഞ് പ്രധാനമന്ത്രി വോട്ട് ചോദിക്കൂമോയെന്നും കോണ്‍ഗ്രസ് ചോദിച്ചു.

ആറാംഘട്ട വോട്ടടെുപ്പിന്റെ പരസ്യ പ്രചാരണം സമാപിക്കാന്‍ ഒരു ദിവസം ബാക്കിയിരിക്കെ സിഖ് വിരുദ്ധ കലാപവും മറ്റും മുന്‍നിര്‍ത്തിയുള്ള കോണ്‍ഗ്രസ് ബി ജെ പി വാക്ക് യുദ്ധം കൂടുതല്‍ ശക്തമായേക്കും. എന്നാല്‍ ഇതിന്റെ ഗുണഭോക്താക്കള്‍ ആരെന്ന് അറിയാന്‍ ഈ മാസം 23വരെ കാത്തിരിക്കണം.

എ പി ശമീര്‍

Latest