Connect with us

National

നമോ ടി വിയിലെ പരിപാടികള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: നമോ ടി വിയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ തിരഞ്ഞെടുപ്പു ചട്ടം ലംഘിക്കുന്നവയാണോ എന്നു പരിശോധിക്കാന്‍ ഡല്‍ഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്‍കി. പ്രധാനമായും തിരഞ്ഞെടുപ്പു ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിന് വേണ്ടി രൂപവത്കരിക്കപ്പെട്ട തിരഞ്ഞെടുപ്പു നിരീക്ഷക സമിതിയുടെ അനുമതി നമോയുടെ പരിപാടികള്‍ക്കുണ്ടോയെന്ന കാര്യവും പരിശോധിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളും പരസ്യങ്ങളും സംപ്രേഷണം ചെയ്യുന്നതിന് മാധ്യമങ്ങള്‍ സമിതിയുടെ അനുമതി വാങ്ങേണ്ടതുണ്ട്.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയും പ്രത്യേക പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥവുമുള്ള പരിപാടികളാണ് നമോ ടി വിയില്‍ സംപ്രേഷണം ചെയ്യുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികള്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് തിരഞ്ഞെടുപ്പു കമ്മീഷന്‍ വിവരങ്ങള്‍ തേടിയിരുന്നു.

Latest