Connect with us

National

രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ; ട്രെയിനിലെ പാന്‍ട്രി കാര്‍ അധികൃതര്‍ പരിശോധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി-ഭുവനേശ്വര്‍ രാജധാനി എക്‌സ്പ്രസിലെ 20 യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ. ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണം കഴിച്ച കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് വിഷബാധയേറ്റത്. ഇതേ തുടര്‍ന്ന് ട്രെയിന്‍ ബൊക്കാറോ സ്‌റ്റേഷനില്‍ നിര്‍ത്തി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവര്‍ക്ക് ചികിത്സ നല്‍കാന്‍ സംവിധാനമുണ്ടാക്കി. ട്രെയിനിലെ പാന്‍ട്രി കാറില്‍ അധികൃതര്‍ പരിശോധന നടത്തി.

സംഭവത്തില്‍ രോഷാകുലരായ യാത്രക്കാര്‍ സ്‌റ്റേഷനില്‍ ബഹളം വച്ചു. ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. ശനിയാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ച ട്രെയിനില്‍ രാത്രി നല്‍കിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് യാത്രക്കാര്‍ പറഞ്ഞു. ഭക്ഷണം കഴിച്ച് അല്‍പം കഴിഞ്ഞതോടെ ബി 3, ബി 5, ബി 7, ബി 9 എന്നീ കോച്ചുകളിലെ യാത്രക്കാര്‍ക്ക് വയറുവേദനയും ഛര്‍ദിയും വയറിളക്കവും മറ്റും അനുഭവപ്പെടുകയായിരുന്നു. ഇതില്‍ ചിലരുടെ നില വഷളായതിനെ തുടര്‍ന്നാണ് ട്രെയിന്‍ ബൊക്കാറോ സ്‌റ്റേഷനില്‍ നിര്‍ത്തി ചികിത്സ നല്‍കിയത്. ഒരുമണിക്കൂറോളം ഇവിടെ നിര്‍ത്തിയിട്ട ട്രെയിന്‍ അസ്വാസ്ഥ്യമനുഭവപ്പെട്ടവര്‍ക്കെല്ലാം മെഡിക്കല്‍ സഹായം ലഭ്യമാക്കിയ ശേഷമാണ് സ്റ്റേഷന്‍ വിട്ടത്.

Latest