Connect with us

Articles

മലിനീകരണം: നാം ചെയ്യേണ്ടതെന്ത്?

Published

|

Last Updated

നമ്മുടെ തലസ്ഥാന നഗരിയെ മുള്‍മുനയില്‍ നിര്‍ത്തിയ കുറെ ദിവസങ്ങള്‍ കടന്നുപോയത് ഈയടുത്താണ്. ഡല്‍ഹിയില്‍ വിദ്യാഭ്യാസ അടിയന്തരാവസ്ഥ പോലും പ്രഖ്യാപിക്കുകയുണ്ടായി. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടായിരുന്നില്ല അത്. രാഷ്ട്രീയത്തേക്കാള്‍ നമ്മെയൊക്കെ ആകുലപ്പെടുത്തേണ്ട ഒരു വിഷയമായി അന്തരീക്ഷ മലിനീകരണം മാറിയിരിക്കുന്നതിന്റെ ആപത്‌സൂചനകളായിരുന്നു ഡല്‍ഹി കണ്ടത്. മനുഷ്യ ജീവിതത്തിന് വലിയ ഭീഷണി ഉയര്‍ത്തിക്കൊണ്ടാണ് അന്തരീക്ഷ മലിനീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനകള്‍ മുന്നറിയിപ്പ് തന്നിട്ട് വര്‍ഷങ്ങളായെങ്കിലും ഇതിനെ പ്രതിരോധിക്കാനുള്ള വഴികളൊന്നും ഇന്ത്യ ഇനിയും ഫലപ്രദമായി ചെയ്തു തുടങ്ങിയിട്ടില്ല. ഇന്ത്യയുടെ മാത്രം വിഷയമല്ല അന്തരീക്ഷ മലിനീകരണം എന്നതുകൊണ്ട് അത് ഒരു രാഷ്ട്രവൃത്തത്തിനുള്ളില്‍ തീര്‍ക്കേണ്ട പരിഹാരവുമല്ല. അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം ഭീകരമായ തോതില്‍ വായുമലിനീകരണം സംഭവിക്കുകയും അതിന് ഉത്തരവാദി ഇന്ത്യയാണെന്ന് ആ രാജ്യം കുറ്റപ്പെടുത്തുകയും ചെയ്തത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യ പാക്കിസ്ഥാനെയും പാക്കിസ്ഥാന്‍ ഇന്ത്യയെയും പഴിചാരി തത്കാലം മുഖം രക്ഷിക്കുകയാണ് ഈ വിഷയത്തില്‍ കാലങ്ങളായി ചെയ്തുപോരുന്നത്.

നല്ല വായുവും നല്ല വെള്ളവും മനുഷ്യന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ആവശ്യമാണ്. ഭരണകൂടം ഒരു പൗരന് ഇവ രണ്ടും നല്‍കാന്‍ ബാധ്യസ്ഥമാണെങ്കിലും ഭൂമി കനിഞ്ഞാലല്ലാതെ എവിടെനിന്ന് നാമത് കണ്ടെത്തുമെന്ന ചോദ്യം ഒരു ഭാഗത്തുണ്ട്. നിരന്തരം മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് വെള്ളവും വായുവും. അതിന് കാരണക്കാര്‍ മനുഷ്യരുമാണ്. പലപ്പോഴും ഒരു വ്യക്തി ചെയ്തുകൂട്ടുന്ന ഹീനകൃത്യങ്ങള്‍ക്ക് ബലിയാടാവാന്‍ വിധിക്കപ്പെടുകയാണ് കുറ്റം ചെയ്യാത്തവര്‍ പോലും. പുകവലിക്കുന്നവന്‍ സ്വയം ആരോഗ്യം കേട് വരുത്തുന്നതോടൊപ്പം മറ്റുള്ളവരുടെയും ആരോഗ്യം ദുഷിപ്പിക്കുന്നതുപോലെയാണ് അന്തരീക്ഷ മലിനീകരണവും ജല മലിനീകരണവും. ഇവിടെയാണ് മനുഷ്യന്‍ നിസ്സഹായനായി തീരുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ സംഭവിക്കുന്ന അന്തരീക്ഷ മലിനീകരണ പ്രശ്‌നം അവിടുത്തെ ഭരണകൂടങ്ങള്‍ ദീര്‍ഘദൃഷ്ടിയോടെയും ശാസ്ത്രജ്ഞാനത്തിന്റെയും പിന്‍ബലത്തില്‍ പരിഹരിക്കുന്നു. എന്നാല്‍, ഇന്ത്യയിലത് നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ജലമലിനീകരണത്തേക്കാള്‍ ഭീകരമാണ് ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണ പ്രശ്‌നമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അമേരിക്ക ആ രാജ്യത്ത് അനുഭവപ്പെടുന്ന വായുമലിനീകരണത്തെ തടയിടാന്‍ വേണ്ടി അയല്‍രാഷ്ട്രങ്ങളായ കാനഡ, മെക്‌സിക്കോ എന്നിവയുമായി സഹകരിച്ചും ചര്‍ച്ചകള്‍ നടത്തിയുമാണ് പരിഹരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇങ്ങനെയൊരു പാരമ്പര്യം നിലനില്‍ക്കുന്നില്ല. യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ വായുമലിനീകരണത്തെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനും ഭാവി പദ്ധതികള്‍ ആവിഷ്‌കരിക്കാനും വേണ്ടി ഉടമ്പടികള്‍ നിലവിലുണ്ട്. ഇന്ത്യയിലെ വായുമലിനീകരണ തോത് ഇതര രാജ്യങ്ങളെ അപേക്ഷിച്ച് 30 ശതമാനത്തിലേറെയാണെന്നാണ് പറയുന്നത്.

ഒരു രാജ്യത്ത് വായു മലിനീകരണം സംഭവിക്കാന്‍ പല കാരണങ്ങളുമുണ്ട്. കാര്‍ഷിക വൃത്തിയും അന്തരീക്ഷ മലിനീകരണവും തമ്മില്‍ ബന്ധമുണ്ട്. കൊയ്ത്ത് കഴിഞ്ഞ് അവശിഷ്ടങ്ങളായി വരുന്നത് പാടത്തു വെച്ചുതന്നെ കത്തിക്കുന്ന രീതിയാണ് കര്‍ഷകര്‍ അവലംബിക്കാറ്. ഇത് അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നുവെന്നാണ് ശാസ്ത്രം പറയുന്നത്. കഴിഞ്ഞ തവണ പാക്കിസ്ഥാനിലെ ലാഹോറില്‍ വായു മലിനീകരണം ഒരു ആരോഗ്യ പ്രശ്‌നമായി ഉയര്‍ന്നുവന്നപ്പോള്‍ ആ രാജ്യം ഇന്ത്യയെയാണ് ആരോപണ വിധേയമാക്കിയത്. അതിര്‍ത്തിയിലെ കര്‍ഷക ഗ്രാമത്തില്‍ നിന്നാണ് ലാഹോറിലേക്ക് അശുദ്ധ വായു പ്രവഹിച്ചതെന്ന് അവര്‍ കുറ്റപ്പെടുത്തി. പുകയും ചാരവും തങ്ങളുടെ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നുണ്ടെന്ന് അന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പഴിചാരുകയുണ്ടായി. ഇന്ത്യയും പാക്കിസ്ഥാനും മാത്രമല്ല ഈ വിഷയവുമായി ബന്ധപ്പെട്ട് ലോകത്ത് തര്‍ക്ക വിതര്‍ക്കങ്ങള്‍ നടത്തിയത്. ഈ വര്‍ഷം തന്നെ ആഫ്രിക്കന്‍ രാജ്യങ്ങളായ നിക്കരഗ്വയും കോസ്റ്റാറിക്കയും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടക്കുകയുണ്ടായി. പെറു എന്ന കൊച്ചു രാജ്യവും ഇക്വഡോറും തമ്മിലുള്ള വാക്‌പോരാട്ടങ്ങളും വായുമലിനീകരണത്തെ സംബന്ധിച്ചു തന്നെയായിരുന്നു. കാടും ആവാസ വ്യവസ്ഥയുമാണ് ഈ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള വാഗ്വാദങ്ങളെ മുന്നോട്ടു നയിച്ചത്.

ഒരു രാജ്യം ജൈവകൃഷിയെ ഉപേക്ഷിച്ച് പൂര്‍ണമായും രാസവള പ്രയോഗങ്ങളിലേക്ക് നീങ്ങുമ്പോള്‍ ഓര്‍ക്കുക: ആ രാജ്യത്ത് അതിവിദൂരമല്ലാത്ത കാലത്ത് വായു മലിനീകരണവും ജല മലിനീകരണവും സംഭവിക്കുമെന്ന്. മണ്ണില്‍ അമിതമായി പ്രയോഗിക്കുന്ന കീടനാശിനികള്‍, രാസവളങ്ങള്‍ എന്നിവ ഒരുപോലെ ജലത്തെയും വായുവിനെയും നേരിട്ട് മലിനപ്പെടുത്തുന്നു. നമ്മുടെ കേരളം ജൈവകൃഷിയുടെ ഈറ്റില്ലമായിരുന്നു ഒരു കാലത്തെങ്കില്‍, ഇന്നത് പാടെ മാറി തീര്‍ത്തും രാസവള പ്രയോഗത്തിലേക്ക് ചുവടുറപ്പിച്ചതിന്റെ ഫലം ജനം ഇന്നനുഭവിക്കുന്നു. കീടങ്ങളെ നശിപ്പിക്കാന്‍ വേണ്ടി തോട്ടങ്ങളില്‍ അടിക്കുന്ന രാസവസ്തുക്കള്‍ ഒരു മധ്യവര്‍ത്തിയുമില്ലാതെയാണ് മനുഷ്യന്റെ ശ്വസനപ്രക്രിയയിലേക്ക് കടക്കുന്നത്. ഇത് പുറത്തുവിടുന്ന അപകടകരമായ ഗ്യാസ് അന്തരീക്ഷത്തെ ആഴത്തില്‍ മുറിപ്പെടുത്തുന്നുണ്ട്. മണ്ണും വിണ്ണും ഒരുപോലെ കളങ്കിതമാകുന്ന ഒരു പ്രവര്‍ത്തനമാണിത്. അതേപോലെ കല്‍ക്കരി കത്തിക്കുമ്പോഴും ഫോസിലുകളുടെ ജ്വലനവും സള്‍ഫര്‍ ഡൈ ഓക്‌സൈഡിനെ ധാരാളമായി അന്തരീക്ഷത്തില്‍ കലര്‍ത്തുന്നു. അന്തരീക്ഷ മലിനീകരണത്തിന്റെ ഏറ്റവും വലിയ മറ്റൊരു വില്ലന്‍ പെട്രോളിയം ഉത്പന്നങ്ങളാണ്. ഇന്ത്യയിലും കേരളത്തിലും ദിവസേന വര്‍ധിച്ചുവരുന്ന വാഹനപ്പെരുപ്പം ഒന്നു മാത്രം മതി അന്തരീക്ഷ വായുവിനെ കളങ്കപ്പെടുത്താന്‍. അതുകൊണ്ടാണ് സുപ്രീം കോടതി തന്നെ ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് പുതിയ ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. ട്രക്കുകള്‍, ജീപ്പുകള്‍, കാറുകള്‍ എന്നിവക്ക് ഇന്ത്യന്‍ നിരത്തുകളില്‍ നിയന്ത്രണം വേണമെന്ന് കോടതി പറയുകയുണ്ടായി. ഇന്ത്യയില്‍ തന്നെ വന്‍ വ്യവസായമായി വളര്‍ന്നുവന്ന ഖനന ജോലികളും വായുവിനെ അശുദ്ധമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ഖനന സമയത്ത് അന്തരീക്ഷത്തില്‍ ഇടകലരുന്ന പൊടിയും കെമിക്കലും മനുഷ്യരില്‍ പല രോഗങ്ങള്‍ക്കും ക്യാന്‍സറിനും വരെ കാരണമാക്കുന്നുവെന്ന് ഈയിടെ ഒരു മെഡിക്കല്‍ ജേര്‍ണലില്‍ വരികയുണ്ടായി.

പതിനെട്ടാം നൂറ്റാണ്ടിനു ശേഷം ത്വരിതഗതി പ്രാപിച്ച വ്യവസായവത്കരണം ലോകത്തെ പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി സഹായിച്ചിട്ടുണ്ടെങ്കിലും, ആ രാജ്യത്തെ ജനതയുടെ ആരോഗ്യ സ്ഥിതിയെ തളര്‍ത്തുകയാണുണ്ടായത്. ഇന്ന് ലോകത്ത് പ്രചാരത്തിലുള്ള പല രോഗങ്ങളുടെയും ഉത്ഭവസ്ഥാനം വ്യവസായ വത്കരണമാണെന്നു കാണാം. ഫാക്ടറികളില്‍ നിന്നും പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് എത്രമാത്രം ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് പറയേണ്ടതില്ലല്ലോ. വ്യവസായ വത്കരണം ഒരു രാജ്യത്തിന്റെ പുരോഗതിയുടെ അടയാളമായി പരിഗണിക്കുമ്പോഴും ആ രാജ്യത്തെ വനവത്കരണത്തിന്റെ അന്ത്യം കുറിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. ഗ്രാമങ്ങള്‍ പോലും അനുദിനം നഗരങ്ങളായി മാറുന്ന ഒരു കാലത്ത് അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് സംസാരിക്കുന്നതു പോലും ബാലിശമായി തീരുന്നുണ്ട്. അന്തരീക്ഷത്തിലെ അശുദ്ധ വായുവിനെ ശുദ്ധീകരിക്കുന്നതില്‍ വനങ്ങള്‍ വഹിക്കുന്ന പങ്ക് അറിയാഞ്ഞിട്ടല്ല നാം വ്യവസായവത്കരണത്തിന്റെ പേരില്‍ അവ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

വായു മലിനീകരണവും ജലമലിനീകരണവും ഒരു രാജ്യത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. വായുവും ജലവും സഞ്ചരിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടാണ് ഇവ രണ്ടും നിയന്ത്രിക്കാനും വരുതിയില്‍ കൊണ്ടുവരാനും രാജ്യങ്ങളുടെ സഹവര്‍ത്തിത്വവും പരസ്പര ധാരണയും ആവശ്യമാണെന്ന് പറയുന്നത്. പലവിധ ശത്രുതകളാല്‍ ഇതു രണ്ടും ഇന്ന് രാജ്യങ്ങള്‍ തമ്മില്‍ സാധ്യമല്ലാതായിരിക്കുന്നു. അതിനിടയില്‍ ചില ശുഭകരമായ കാല്‍വെപ്പുകളും കണ്ടുവരുന്നുണ്ട്. 1996-ല്‍ ഉണ്ടാക്കിയ ഒരു ഉടമ്പടി പ്രകാരം ഇന്ത്യയും ബംഗ്ലാദേശും ജലവിനിയോഗത്തിലും അത് ശുദ്ധമായി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിലും ഊന്നി സഹകരിക്കുന്നുണ്ട്. “ഇവ്‌റോസ്” നദിയിലെ ജല വിനിയോഗത്തെ ചൊല്ലി തുര്‍ക്കിയും ഗ്രീസും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഇന്ന് അവസാനിച്ചിരിക്കുകയാണ്. ഇനിയും ഇതേ പാത പിന്തുടരുന്നതിലേക്ക് പല രാജ്യങ്ങളും മുന്നോട്ട് വരേണ്ടതായിട്ടുണ്ട്. അത് രാജ്യങ്ങളുടെ നിലനില്‍പ്പിനെ മാത്രമല്ല, ലോകത്തിന്റെ ആയുസ്സിനെ തന്നെ നിര്‍ണയിക്കും. ഇങ്ങനെ സാധ്യമാവണമെങ്കില്‍ ഒരു രാജ്യം ചില ത്യാഗങ്ങളെല്ലാം ചെയ്യേണ്ടിവരും. അതിന് ആദ്യമേ ചെയ്യേണ്ടത് രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനമാണ്. അതില്ലാത്തിടത്തോളം കാലം വായു മലിനീകരണങ്ങളും ജല മലിനീകരണങ്ങളും നിയന്ത്രിക്കാന്‍ കഴിയില്ല. ക്വാട്ടോ ഉടമ്പടിയില്‍ ലോകമത് കണ്ടതാണ്. അമേരിക്കയുടെ ലോക പോലീസ് ചമയലാണ് അതിന് തടസ്സമായി നിന്നത്. ജൈവകൃഷി നിലനിര്‍ത്തുക, ഇലക്ട്രിക് നിയന്ത്രിത വാഹനങ്ങളുടെ നിര്‍മാണം പ്രോത്‌സാഹിപ്പിക്കുക, കാട് സംരക്ഷിക്കുക, വ്യവസായവത്കരണത്തെ നിയന്ത്രിക്കുക തുടങ്ങി ചില അവശ്യ നീക്കങ്ങള്‍ നടത്തിയാല്‍ മാത്രം രക്ഷപ്പെടുത്താവുന്നതാണത്. അല്ലാത്തപക്ഷം മനുഷ്യന്‍ വീടിനുള്ളില്‍ പോലും സുരക്ഷിതമല്ലാത്ത കാലത്തെ അഭിമുഖീകരിക്കേണ്ടിവരും.

 

---- facebook comment plugin here -----

Latest