Connect with us

National

ഏകീകൃത സിവില്‍ കോഡ്: നിയമ കമ്മീഷനെ തള്ളി മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്. നിയമ കമ്മീഷന്‍ നീക്കത്തെ തള്ളിയാണ് വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയെപ്പോലൊരു ബഹുസ്വര രാജ്യത്തിന്റെ സംസ്‌കാരത്തിന് ഒരു തരത്തിലും യോജിച്ചതല്ല ഏകീകൃത സിവില്‍ നിയമമെന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അഭിപ്രായപ്പെട്ടു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര നിയമ കമ്മീഷന്‍ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്‌കരിക്കണമെന്ന് ബോര്‍ഡ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വക്തമാക്കിയത്.
ഓരോരുത്തരുടെയും മതത്തിനനുസരിച്ച് അവരെ ജീവിക്കാന്‍ അനുവദിക്കണം. അമേരിക്കയിലുള്ളവരെല്ലാം അവരുടെ വ്യക്തി നിയമങ്ങള്‍ക്കനുസരിച്ചും സ്വത്വമനുസരിച്ചുമാണ് ജീവിക്കുന്നത്. എല്ലാ കാര്യത്തിലും അമേരിക്കയെ അനുകരിക്കാന്‍ തിടുക്കം കൂട്ടുന്ന ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് അമേരിക്കയെ പിന്തുടരാത്തതെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി വലി റഹ്മാനി ചോദിച്ചു. നിയമ കമ്മീഷന്‍ നിയമവിരുദ്ധമായാണ് കാര്യങ്ങള്‍ ചെയ്യുന്നത്. നിയമ കമ്മീഷന്റെത് സ്വതന്ത്രമായുള്ള പ്രവര്‍ത്തനമല്ല, കേന്ദ്രസര്‍ക്കാറിിന്റെ ആജ്ഞാനുവര്‍ത്തികളായാണ് അവര്‍ പെരുമാറുന്നത്. അതിനാല്‍ ചോദ്യാവലി ബഹിഷ്‌കരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതത്തില്‍ വിശ്വസിക്കാനും മതാചാരങ്ങള്‍ പാലിക്കാനും ഭരണഘടന മുസ്‌ലിംകള്‍ക്ക് അനുമതി നല്‍കുന്നുണ്ട്. ഏകീകൃത സിവില്‍ നിയമം നടപ്പാകുന്നത് രാജ്യത്തിന് ഗുണകരമാകില്ല. പല സംസ്‌കാരങ്ങളുള്ള രാജ്യത്ത് അവയെ ബഹുമാനിച്ചേ തീരൂ. എല്ലാവര്‍ക്കുമായി ഒരു പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം വിലപ്പോകില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ മറ്റുള്ളവരോളം തന്നെ പങ്കുചേര്‍ന്നവരാണ് മുസ്‌ലിംകളും. എന്നാല്‍, ഇതിനെ വിലകുറച്ചു കാണാനേ എല്ലാവരും ശ്രമിച്ചിട്ടുള്ളൂവെന്ന് ബോര്‍ഡ് നേതാക്കള്‍ പറഞ്ഞു. മുത്വലാഖിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടെടുത്തിരുന്നു.
ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പാക്കാന്‍ സര്‍ക്കാറിന് ശ്രമിക്കാമെന്ന് ഭരണഘടനയുടെ 44-ാം അനുച്ഛേദം പറയുന്നുവെന്നിരിക്കെ ഈ വിഷയത്തില്‍ തുടര്‍നടപടി ആവശ്യമാണെന്ന് കരുതുന്നുണ്ടോ, വിവിധ സമുദായങ്ങള്‍ക്ക് വ്യക്തിനിയമങ്ങളും കീഴ്‌വഴക്കങ്ങളും ഉണ്ടെന്നിരിക്കെ വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, ജീവനാംശം, പിന്തുടര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഏക സിവില്‍ കോഡിന്റെ പരിധിയില്‍ വരേണ്ടതുണ്ടോ തുടങ്ങി ഏക സിവില്‍കോഡിന്റെ കാര്യത്തില്‍ പൊതുജനാഭിപ്രായം തേടിയ നിയമ കമ്മീഷന്‍ 16 ചോദ്യങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം