Connect with us

National

ജയലളിതയുടെ ആരോഗ്യം മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുന്നു. ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ ചിത്രങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ഭരണകക്ഷിയായ എ ഐ എ ഡി എം കെ നേതാക്കള്‍ വ്യക്തമാക്കി. ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് എല്ലാ ദിവസവും മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുന്നുണ്ടെന്നും എ ഐ എ ഡി എം കെ വക്താവ് സി ആര്‍ സരസ്വതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ ദിവസവും മന്ത്രിമാര്‍ ആശുപത്രിയിലെത്തി മുഖ്യമന്ത്രിയുമായി സംസാരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
അതേസമയം, ജയലളിതയുടെ ആരോഗ്യം മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പുറത്തുവിട്ട കുറിപ്പില്‍ അറിയിച്ചു. ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും കുറച്ചുദിവസം കൂടി ചികിത്സയില്‍ കഴിയേണ്ടി വരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ ഡി എം കെ നേതാവ് കരുണാനിധിയാണ് ചിത്രങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇതേ ആവശ്യവുമായി കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ ആശുപത്രി അധികൃതരും സംസ്ഥാന സര്‍ക്കാറും പുറത്തുവിടണമെന്ന് പൊന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ഓഡിയോ, വീഡിയോ പുറത്തുവിടണമെന്നാണ് പി എം കെ നേതാവ് രാംദോസിന്റെ ആവശ്യം.
അതിനിടെ, ആക്ടിംഗ് ഗവര്‍ണര്‍ സി എച്ച് വിദ്യാസാഗര്‍ റാവു ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെത്തി ജയലളിതയെ സന്ദര്‍ശിച്ചു. പനി, നിര്‍ജലീകരണം തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്ന് സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടറായ റിച്ചാര്‍ഡ് ജോണ്‍ ബെയ്ല്‍ ജയലളിതയെ പരിശോധിച്ചിരുന്നു. കുറച്ചു ദിവസം കൂടി ജയലളിത ആശുപത്രിയില്‍ കിടക്കേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

---- facebook comment plugin here -----

Latest