Connect with us

Kerala

മാണിയുടെ പിന്‍ഗാമി ആരെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ തര്‍ക്കം

Published

|

Last Updated

കോട്ടയം: മന്ത്രിസ്ഥാനം രാജിവെച്ചാല്‍ കെ എം മാണിയുടെ പിന്‍ഗാമി ആരെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ തര്‍ക്കം ഉടലെടുത്തു. പാര്‍ട്ടി കടിഞ്ഞാന്‍ നഷ്ടമായാല്‍ പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രബല വിഭാഗം കേരള കോണ്‍ഗ്രസില്‍ ആധിപത്യമുറപ്പിക്കുകയും ജോസ് കെ മാണി അടക്കമുള്ളവരുടെ രാഷ്ട്രീയ ഭാവി അപടകടത്തിലാകുമെന്നും മാണി അനുകൂലികള്‍ ഭയപ്പെടുന്നു. ജോസ് കെ മാണിയെ പകരക്കാരനായി യു ഡി എഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുന്നതിന് ഔദ്യോഗികപക്ഷം ചില തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയെങ്കിലും ജോസഫ് വിഭാഗം ഈ പാക്കേജ് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇതോടെയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സി എഫ് തോമസിന് മാണിയുടെ കൈവശമുള്ള ധനവകുപ്പ് അടക്കമുള്ള സുപ്രധാന വകുപ്പുകള്‍ നല്‍കാന്‍ ഔദ്യോഗിക പക്ഷം നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
എന്നാല്‍ കേരള കോണ്‍ഗ്രസിലെ രണ്ടാമനായ പി ജെ ജോസഫിനെ പിന്തള്ളി സി എഫ് തോമസിന് ധനമന്ത്രിസ്ഥാനം നല്‍കുന്നതിനോട് ജോസഫ് വിഭാഗത്തിന് ശക്തമായ അമര്‍ഷം ഉണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പി ജെ ജോസഫിന് പാര്‍ട്ടിക്ക് അനുവദിച്ചിരിക്കുന്ന സുപ്രധാന വകുപ്പുകള്‍ നല്‍കണമെന്ന് ജോസഫ് വിഭാഗം നേതാവും മുന്‍ എം എല്‍ എയുമായ പി സി ജോസഫ് ആവശ്യപ്പെട്ടത് പാര്‍ട്ടിയില്‍ ഇക്കാര്യത്തിലുള്ള വ്യത്യസ്ത അഭിപ്രായമായിട്ടാണ് വ്യാഖാനിക്കപ്പെടുന്നത്. കോടതി പരാമര്‍ശത്തിന്റെ പേരില്‍ മാണി രാജിവെക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നോമിനികളായ മന്ത്രി പി ജെ ജോസഫ്, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ തത്സ്ഥാനം രാജിവെക്കണമെന്ന നിലപാടുകാരും പാര്‍ട്ടിയിലുണ്ട്. എന്നാല്‍ അഴിമതി ആരോപണം തന്റെ പേരില്‍ ഇല്ലെന്നും മന്ത്രിസ്ഥാനം ബലികഴിക്കാന്‍ ഒരുക്കമല്ലെന്നുമാണ് പി ജെ ജോസഫ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. മാണി വിഭാഗത്തിലെ പ്രമുഖനായ തോമസ് ഉണ്ണിയാടന്‍ മാണിക്കൊപ്പം രാജി നല്‍കാന്‍ സന്നദ്ധനാണെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. പാര്‍ട്ടി അംഗങ്ങളെ കൂട്ടമായി പിന്‍വലിച്ച് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനുള്ള മാണി വിഭാഗത്തിന്റെ നീക്കങ്ങളോട് ജോസഫ് വിഭാഗം സമ്മതം മൂളാത്തത് ഇന്നത്തെ യോഗത്തില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചേക്കും.
അതിനിടെ യു ഡി എഫ് സര്‍ക്കാറില്‍ കേരള കോണ്‍ഗ്രസിന് ലഭിച്ച കോര്‍പറേഷന്‍ ബോര്‍ഡ് സ്ഥാനങ്ങളും മറ്റ് സര്‍ക്കാര്‍ പദവികളും രാജിവെച്ച് മാണിക്ക് ഐക്യദാഢ്യം പ്രകടിപ്പിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അടുത്ത കാലത്തായി ജോസ് കെ മാണി പാര്‍ട്ടിയില്‍ കൂടുതല്‍ പിടിമുറുക്കുന്നത് കേരള കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. പി സി ജോര്‍ജ് അടക്കമുള്ളവര്‍ പരസ്യമായി ജോസ് കെ മാണിയുടെ നേതൃത്വത്തെ അംഗീകരിക്കാന്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജോസ് കെ മാണി പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് മാത്രം പറഞ്ഞ് ജോസഫ് വിഭാഗം നേതാക്കള്‍ കൂടുതല്‍ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. ബാര്‍ കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കെ എം മാണി പാര്‍ട്ടിയില്‍ ദുര്‍ബലനായതോടെ ജോസ് കെ മാണിയെ ഈ സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ ശ്രമങ്ങള്‍ ചിലപ്പോള്‍ വലിയ പൊട്ടിത്തെറികളിലേക്ക് പാര്‍ട്ടിയെ എത്തിച്ചേക്കുമെന്ന ആശങ്കയും മാണി വിഭാഗം നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു.

---- facebook comment plugin here -----

Latest