Connect with us

Kerala

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലുവ പാലസില്‍ രഹസ്യ യോഗം

Published

|

Last Updated

ആലുവ: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലുവ പാലസില്‍ രഹസ്യ കൂടിക്കാഴ്ച. ഇന്നലെ വൈകിട്ട് ആണ് 107ാം നമ്പര്‍ മുറിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ധനമന്ത്രി കെ എം മാണി, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ജോസ് കെ മാണി, അഡ്വക്കേറ്റ് ജനറല്‍ കെ ദണ്ഢപാണി എന്നിവര്‍ യോഗം ചേര്‍ന്നത്. എന്നാല്‍ ഒരു മണിക്കൂറോളം നേരം നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല. ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് മുഖ്യമായും നടന്നതെന്നാണ് അറിയുന്നത്. ചര്‍ച്ചക്ക് ശേഷം ആദ്യം വെളിയില്‍ വന്ന രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും തങ്ങള്‍ മുല്ലപ്പെരിയാര്‍ വിഷയമാണ് ചര്‍ച്ച ചെയ്തതെന്നും കൂടുതല്‍ വിശദാംശങ്ങള്‍ മുഖ്യമന്ത്രി നല്‍കുമെന്നുമറിയിച്ചു. തൊട്ടുപിന്നാലെ പുറത്തിറങ്ങിയ മുഖ്യമന്ത്രിയാകട്ടെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ബാര്‍ കോഴ വിവാദമാണോ ചര്‍ച്ച ചെയ്തതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ തനിക്ക് അതുമാത്രമല്ല പണി എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കെ എം മാണിയും, ജോസ് കെ മാണിയും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പി വൈ ഐപ്പുമായി പ്രത്യേകമായി ചര്‍ച്ച നടത്തി.

Latest