Connect with us

International

തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുമെന്ന് തായ്‌ലാന്‍ഡ് പ്രധാനമന്ത്രി

Published

|

Last Updated

ബാങ്കോക്ക്: തായ്‌ലാന്‍ഡില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരികൊള്ളവെ തിരഞ്ഞെടുപ്പുമായി മുന്നോട്ടു പോകുമെന്ന് പ്രധാനമന്ത്രി യിംഗ്‌ലുക് ഷിനാവത്ര. അടുത്ത രണ്ടിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തിയിരുന്നു. ജനങ്ങളുടെ അവകാശമാണ് പ്രധാനമെന്നും തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാക്കളുമായി തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി പ്രക്ഷോഭത്തിന് പിന്തുണ നല്‍കുന്ന പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയ്യാറായത്. പീപ്പിള്‍സ് കൗണ്‍സില്‍ എന്ന കൂട്ടായ്മയും പ്രതിപക്ഷം രൂപവത്കരിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഭരണപക്ഷത്തിന്റെ അടവു തന്ത്രമാണെന്നാണ് പ്രക്ഷോഭകരുടെ പരാതി. പ്രധാനമന്ത്രിയുടെ രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു നേരത്തെ പ്രതിപക്ഷം. എന്നാല്‍ സര്‍ക്കാര്‍ അയയുന്നില്ലെന്ന് കണ്ട് നിലപാട് മയപ്പെടുത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന നിലപാടാണ് ഒടുവില്‍ അവര്‍ സ്വീകരിച്ചത്.
തിരഞ്ഞെടുപ്പോടെ രാജ്യത്തെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. സര്‍ക്കാര്‍ നിലപാട് എതിര്‍ക്കപ്പെടേണ്ടതാണെങ്കില്‍ ജനങ്ങള്‍ക്ക് അത് ബാലറ്റിലൂടെ അറിയിക്കാമല്ലോ എന്നായിരുന്നു പ്രധാനമന്ത്രി ഷിനാവത്രയുടെ നിലപാട്.
ബാങ്കോക്കില്‍ 20,000 പോലീസുകാരെയും സൈനികരെയും നിയമിച്ചിട്ടുണ്ടെന്നും ഏറ്റുമുട്ടലുകളോ ആക്രമണങ്ങളോ ഉണ്ടായാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
രാജ്യത്തിന്റെ ഭരണം മുന്‍ പ്രധാനമന്ത്രിയും ഷിനാവത്രയുടെ സഹോദരനുമായ തക്‌സിന്‍ ഷിനാവത്രയുടെ നിയന്ത്രണത്തിലാണെന്ന ആരോപണത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പ് സുദേബിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചത്.

 

---- facebook comment plugin here -----

Latest