Connect with us

International

ഇസ്‌റാഈലില്‍ ഫലസ്തീനികളുടെ കൂട്ടക്കുഴിമാടം കണ്ടെത്തി

Published

|

Last Updated

ടെല്‍അവീവ്: ഇസ്‌റാഈല്‍ അധിനിവേശത്തിന്റെ ക്രൂരത തുറന്നുകാട്ടുന്ന പുതിയ തെളിവുകള്‍ വെളിച്ചത്ത്. 1948ലെ ഇസ്‌റാഈല്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെതെന്ന് സംശയിക്കുന്ന കൂട്ടക്കുഴിമാടം കണ്ടെത്തി. ഇസ്‌റാഈല്‍ തലസ്ഥാനമായ ടെല്‍ അവീവിലെ ജാഫയിലാണ് കുഴിമാടം കണ്ടെത്തിയത്. നിര്‍മാണ പ്രവൃത്തികള്‍ക്കിടെ ബുധനാഴ്ചയാണ് കുഴിമാടം കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
വാര്‍ത്ത മൂന്ന് ദിവസത്തിന് ശേഷം ഇന്നലെയാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. കുഴിമാടത്തില്‍ നൂറ് കണക്കിന് മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, 1948ലെ യുദ്ധത്തിന്റെ അവസാനം ജാഫയില്‍ ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്‌റാഈല്‍ സൈന്യം കൂട്ടത്തോടെ തള്ളിയിരുന്നതായി ജാഫാ നിവാസിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ മൃതദേഹങ്ങള്‍ തന്നെയാണ് കുഴിമാടത്തിലുള്ളതെന്ന് ജാഫയിലെ മത്സ്യ കച്ചവടക്കാരനായ അതാര്‍ സൈനാബ് പറഞ്ഞു.
യുദ്ധക്കാലത്ത് ഫലസ്തീനിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള പ്രദേശമായിരുന്നു ജാഫ. ഇവിടെ ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തുകയും സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിനു പേരെ കൂട്ടകൊല നടത്തുകയായിരുന്നുവെന്ന് സൈനാബ് വ്യക്തമാക്കി. കുഴിമാടം കണ്ടെത്തിയ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ടെല്‍അവീവ് ഭരണകൂടമോ ഇസ്‌റാഈല്‍ സര്‍ക്കാറോ സന്നദ്ധമായിട്ടില്ല. ഇപ്പോള്‍ പൂര്‍ണമായും ഇസ്‌റാഈല്‍ അധീനതയിലുള്ള പ്രദേശമായ ജാഫയില്‍ നിന്ന് 1948-50 കലായളവില്‍ ഇസ്‌റാഈല്‍ ആക്രമണം ഭയന്ന് 76,0000ത്തിലധികം ഫലസ്തീന്‍ പൗരന്‍മാര്‍ പലായനം ചെയ്തിട്ടുണ്ട്.