Connect with us

National

ഹൈദരാബാദ്‌: നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം

Published

|

Last Updated

ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം. സ്‌ഫോടനം നടന്ന സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ കൃത്യമായ തെളിവുകള്‍ നല്‍കുമെന്ന സൂചനയാണ് എന്‍ ഐ എ വൃത്തങ്ങള്‍ നല്‍കുന്നത്. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് സംശയകരമായ രീതിയില്‍ മൂന്ന് പേര്‍ ബോംബ് വെച്ച സൈക്കിളിന് സമീപം നില്‍ക്കുന്നതായി സി സി ടി വി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ഇത് കൂടുതല്‍ പരിശോധിച്ചുവരികയാണ്.

അതിനിടെ, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ട് ലശ്കറെ ത്വയ്യിബയുടെ കത്ത് ലഭിച്ചതായി സംസ്ഥാന ബി ജെ പി പ്രസിഡന്റ് ജി കിഷന്‍ റെഡ്ഢി അവകാശപ്പെട്ടു. നഗരത്തിലെ തന്നെ മറ്റൊരു തിരക്കേറിയ വ്യാപാര കേന്ദ്രമായ ബീഗം ബസാറാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് കത്തില്‍ പറയുന്നുണ്ട്. ഇംഗ്ലീഷിലും ഉറുദുവിലുമായി എഴുതി എന്ന് പറയപ്പെടുന്ന കത്ത് പോലീസിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു. കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ അ ദ്ദേഹം വിസമ്മതിച്ചു. കത്ത് ലഭിച്ചിട്ടുണ്ടെന്നും ഇത് കൂടുതല്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
അതിനിടെ,

സ്‌ഫോടനം നടന്ന ദില്‍സൂഖ് നഗര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്നലെ സന്ദര്‍ശിച്ചു. രാവിലെ 11 മണിയോടെ ബീഗംപേട്ട് വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി, ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പിന്നീട് പ്രത്യേക ഹെലികോപ്‌റിലാണ് ദില്‍സൂഖ് നഗറിലെത്തിയത്. സ്‌ഫോടന സ്ഥലം സന്ദര്‍ശിച്ച അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ആരാഞ്ഞു. അതിനുശേഷം സ്‌ഫോടനത്തില്‍ പരുക്കേറ്റ് യശോദ, ഓമ്‌നി ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.

ഇതിനു ശേഷം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഡി ജി പി. വി ദിനേഷ് റെഡ്ഢി യടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകന യോഗവും ചേര്‍ന്നു.
വ്യാഴാഴ്ച വൈകീട്ട് മിനുട്ടുകളുടെ വ്യത്യാസത്തിലാണ് ദില്‍സൂഖ് നഗറില്‍ ഇരട്ടസ്‌ഫോടനം നടന്നത്. സ്‌ഫോടനങ്ങളില്‍ 16 പേര്‍ മരിക്കുകയും 117 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest