National
തെലങ്കാനയില്‍ സൂര്യാഘാതത്തില്‍ മരിച്ചത് 16 പേര്‍; നാല് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
സംസ്ഥാനത്ത് താപനില വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്
ഹൈദരാബാദ് | തെലങ്കാനയില്‍ സൂര്യഘാതം മൂലം ഇതുവരെ ജീവന്‍ നഷ്ടമായത് 16 പേര്‍ക്ക് . സംസ്ഥാനത്ത് താപനില വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാതത്താല്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം തെലങ്കാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഴ് ജില്ലകളിലായി നിരവധി ജീവനുകള്‍ കവര്‍ന്ന സൂര്യാഘാത സാഹചര്യം വിലയിരുത്തുന്നതിനായി തെലങ്കാന മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി ശനിയാഴ്ച സെക്രട്ടേറിയറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം ചേര്‍ന്നിരുന്നു.താപനില അസാധാരണമാംവിധം ഉയരുന്ന സാഹചര്യത്തിലും, അടുത്ത മൂന്ന് ദിവസത്തേക്ക് ഉഷ്ണതരംഗം കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലും ജാഗ്രത പാലിക്കാനും അടിയന്തര ദുരിതാശ്വാസ നടപടികള്‍ ഉറപ്പാക്കാനും ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 16 പേരാണ് സൂര്യഘാതം മൂലം മരണപ്പെട്ടത്. ജയശങ്കര്‍ ഭൂപാലപ്പള്ളിയില്‍ നാലും, വാറങ്കല്‍ അര്‍ബന്‍, കരിംനഗര്‍, നിസാമാബാദ് എന്നിവിടങ്ങളില്‍ മൂന്ന് വീതവും, ജോഗുലാംബ ഗദ്വാള്‍, രംഗറെഡ്ഡി, സൂര്യപേട്ട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ് മരണപ്പെട്ടത്.
പ്രതിസന്ധി നേരിടുന്നതിനായി, പൊതുസ്ഥലങ്ങളില്‍ തണുത്ത കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാനും, ഒആര്‍എസ് പാക്കറ്റുകളും മോരും വിതരണം ചെയ്യാനും, അടിയന്തര വൈദ്യസഹായ സംവിധാനങ്ങള്‍ പൂര്‍ണ്ണസജ്ജമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം കണക്കിലെടുത്ത്, ഗ്രാമങ്ങളിലും നഗരങ്ങളിലും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായി കുടിവെള്ള സൗകര്യം ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്്.







