Connect with us

Kerala

അമൃത് പദ്ധതിയില്‍ പത്തനംതിട്ട നഗരത്തിന് 15 കോടി

പദ്ധതി തുകയുടെ 50 ശതമാനം കേന്ദ്ര വിഹിതവും ബാക്കിയുള്ള ആകെ തുകയുടെ 80 ശതമാനം സംസ്ഥാന സര്‍ക്കാരും 20 ശതമാനം പത്തനംതിട്ട നഗരസഭയും നല്‍കും.

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട നഗരത്തില്‍ ശുദ്ധജല വിതരണത്തിനായി ആധുനിക ശുദ്ധീകരണ പ്ലാന്റ് എന്ന നിവാസികളുടെ ചിരകാലസ്വപ്നം യാഥാര്‍ഥ്യമാകുന്നു. അമൃത് 2.0 പദ്ധതിയില്‍ പത്തനംതിട്ടയ്ക്ക് 15 കോടി രൂപ ലഭിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അറിയിച്ചു. 12.38 കോടി രൂപയാണ് പ്രാരംഭമായി അനുവദിച്ചത്. എന്നാല്‍, നഗരസഭയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സ്റ്റേറ്റ് മിഷന്‍ നടത്തിയ ചര്‍ച്ചയില്‍ പദ്ധതിയുടെ അടങ്കല്‍ 15 കോടി ആയി ഉയര്‍ത്തുകയായിരുന്നു.പദ്ധതി തുകയുടെ 50 ശതമാനം കേന്ദ്ര വിഹിതവും ബാക്കിയുള്ള ആകെ തുകയുടെ 80 ശതമാനം സംസ്ഥാന സര്‍ക്കാരും 20 ശതമാനം പത്തനംതിട്ട നഗരസഭയും നല്‍കും.

പ്രതിദിനം 20 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന പ്ലാന്റാണ് വിഭാവനം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ 10 ദശലക്ഷം ലിറ്റര്‍ ശുദ്ധീകരണത്തിനുള്ള പ്ലാന്റ് നിര്‍മിക്കും. എന്നാല്‍ 20 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ കഴിയുന്ന അനുബന്ധ സൗകര്യങ്ങള്‍ ഒന്നാം ഘട്ടത്തില്‍ തന്നെ ഒരുക്കും. പാമ്പൂരി പാറയില്‍ നിലവിലുള്ള പ്ലാന്റിന് ആറര ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയാണുള്ളത്. എന്നാല്‍ നിലവിലുള്ള ഈ പ്ലാന്റില്‍ ശുദ്ധീകരണത്തിനായുള്ള ആധുനിക സംവിധാനങ്ങളില്ല. എയിറേഷന്‍, സെഡിമെന്റേഷന്‍, ഫില്‍ട്രേഷന്‍, ക്ലോറിനേഷന്‍ എന്നീ നാല് പ്രക്രിയകളും ഒരേ യൂണിറ്റില്‍ തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. ആധുനിക കുടിവെള്ള ശുദ്ധീകരണ ശാലകളില്‍ ഈ നാല് പ്രക്രിയകളും വ്യത്യസ്തമായ യൂണിറ്റുകളിലാണ് നടക്കുന്നത്. പാമ്പൂരിപാറയില്‍ പുതിയതായി സ്ഥാപിക്കുന്ന പ്ലാന്റില്‍ നിന്നും നഗരത്തിന്റെ ഏറ്റവും ഉയര്‍ന്ന മൂന്ന് പ്രദേശങ്ങളില്‍ നിര്‍മിക്കുന്ന ഓവര്‍ഹെഡ് ടാങ്കുകളിലേക്ക് ശുദ്ധജലം എത്തിക്കും.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ ടാങ്കുകളില്‍ നിന്നാണ് ജലം വിതരണം ചെയ്യുന്നത്. ഇതിനായി പതിറ്റാണ്ടുകള്‍ക്കുമുമ്പ് വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച വിതരണ പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കും. നഗരത്തിലെ വീടുകള്‍ക്ക് ഗാര്‍ഹിക കണക്ഷനിലൂടെ ശുദ്ധജലം എത്തിക്കാനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. നഗരത്തിലെ കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കാന്‍ മണിയാര്‍ ഡാമില്‍ നിന്നും വെള്ളമെത്തിക്കുന്ന പദ്ധതി അമൃത് പദ്ധതിയുമായി ബന്ധപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നതായി നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ പദ്ധതിയുടെ കരട് തയാറാക്കി സമര്‍പ്പിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞതിനാലാണ് തുക ലഭ്യമായത്. പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ കോര്‍കമ്മിറ്റിക്കും രൂപം നല്‍കി. പദ്ധതിയുടെ വിശദാംശങ്ങള്‍ ഇന്നു ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കും. നഗരത്തിന്റെ ഭാവി ആവശ്യങ്ങള്‍കൂടി കണക്കിലെടുത്ത് സമഗ്രമായ കുടിവെള്ള പദ്ധതിക്ക് ഇതാദ്യമായാണ് നഗരസഭ രൂപം നല്‍കുന്നത്. പുതിയ ശുദ്ധീകരണ ശാലയുടെ നിര്‍മാണത്തോടെ ഘട്ടംഘട്ടമായി നിലവിലുള്ള ശുദ്ധീകരണ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും.

 

Latest