Connect with us

National

മണിപ്പൂരില്‍ വീണ്ടും സ്‌ഫോടനം; പാലം തകര്‍ന്നു, പരുക്കോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Published

|

Last Updated

ഇംഫാല്‍|രണ്ടാം ഘട്ട വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ മണിപ്പൂരില്‍ വീണ്ടും സ്ഫോടനം. ഇന്ന് പുലര്‍ച്ചെ 1.15ഓടെയാണ് ഇടത്തരം തീവ്രതയുള്ള മൂന്ന് സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോടനത്തില്‍ പാലം തകര്‍ന്നു. കാങ്‌പോക്പി ജില്ലയിലെ സപോര്‍മീനക്കടുത്താണ് സംഭവം. സംഭവത്തില്‍ ഇതുവരെ പരുക്കോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇംഫാലിനെയും നാഗാലാന്‍ഡിലെ ദിമാപൂരും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത രണ്ടില്‍ ഗതാഗത തടസം നേരിട്ടു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സുരക്ഷാ സേന സമീപ പ്രദേശങ്ങളും മറ്റ് പാലങ്ങളിലും തിരച്ചില്‍ ആരംഭിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വിവിധ പോളിങ് ബൂത്തുകളില്‍ വെടിവെപ്പും വോട്ടിങ് യന്ത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. മൊയ്രാംഗില്‍ കോണ്‍ഗ്രസ്സ് ബൂത്ത് ഏജന്റിനെ സായുധസംഘം പിടിച്ചിറക്കിക്കൊണ്ടുപോയിരുന്നു. നാല് സ്ഥലങ്ങളില്‍ നാല് വോട്ടിങ് മെഷിനുകള്‍ അക്രമികള്‍ തകര്‍ത്തു. ഒരു ബൂത്തിലെ വോട്ടിങ് മെഷിന്‍ തീയിട്ടു.

അക്രമികളെ തുരത്താന്‍ പോലീസ് വെടിയുതിര്‍ത്തിരുന്നു. ഇതോടെ പോളിങ് നിര്‍ത്തി ബൂത്ത് അടച്ചു. തുടര്‍ന്ന് ഈ ബൂത്തുകളില്‍ നടന്ന വോട്ടെടുപ്പ് അസാധുവാക്കാനും പുതിയ തിരഞ്ഞെടുപ്പ് നടത്താനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതേതുടര്‍ന്ന് 11 പോളിങ് കേന്ദ്രങ്ങളില്‍ ഏപ്രില്‍ 22ന് വീണ്ടും വോട്ടെടുപ്പ് നടത്തി.

 

 

Latest