cover
test
***

മഴക്കാലത്ത് ഇഷ്ടംപോലെ വെള്ളം, വേനലില്‍ വെള്ളത്തിനായി നെട്ടോട്ടം. മഴ പെയ്തു കിട്ടുന്ന വെള്ളത്തിന്റെ മുക്കാല്‍ ഭാഗവും ഉപയോഗപ്പെടുത്താതെ നമ്മുടെ കണ്‍മുന്നിലൂടെ ഒഴുകി കടലിലേക്കു പോകുന്നു. ഇവിടെ ഒരു കൊല്ലം പെയ്യുന്ന മഴ, ഒഴുകി പോകാനനുവദിക്കാതെ കെട്ടിനിര്‍ത്തുകയാണെങ്കില്‍ കേരളത്തിന്റെ ഉപരിതലത്തില്‍ ഏകദേശം മൂന്ന് മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ടാകുമെന്ന് വിദഗ്ധപക്ഷം. ദേശീയ ശരാശരിയേക്കാള്‍ 2.78 ഇരട്ടി മഴ കിട്ടിയിട്ടും എന്തുകൊണ്ട് കേരളം വരളുന്നു. കുടിവെള്ളത്തിനായി മൂന്ന് മാസം ടാങ്കറുകളുടെ ഹോണ്‍ വിളികേള്‍ക്കാന്‍ കാത് കൂര്‍പ്പിച്ചിരിക്കുന്നു.

നൂറ്റാണ്ടിലെ തന്നെ വലിയ വരള്‍ച്ചക്കാലം കടന്നുവരുന്ന മലയാളി ഇനിയെങ്കിലും ഈ ചോദ്യം അഭിമുഖീകരിക്കേണ്ടതല്ലേ. മഴവെള്ളക്കൊയ്ത്ത് എന്നത് ഒരു പ്രയോഗമായി മാറിയതില്‍ ആശ്വസിക്കാം. എന്നാല്‍, അത് എത്രമാത്രം ഫലപ്രദമാണ്? ശാസ്ത്രീയമാണ്? പരമ്പരാഗതമായി ഗ്രാമീണ മേഖലയില്‍ അനുവര്‍ത്തിച്ചു വരുന്ന ജലസംഭരണ മാര്‍ഗങ്ങള്‍ തിരിച്ചുപിടിക്കേണ്ടതല്ലേ.

മഴക്കാലം പകര്‍ച്ചവ്യാധികളുടെ കാലമായി മാറുന്നതാണ് കേരളത്തിന്റെ അനുഭവം. പലതരം രേഗങ്ങള്‍ ശക്തിയാര്‍ജിച്ച് കടന്നുവരുന്നു. ജീവിതശൈലിയില്‍ വന്ന മാറ്റം ഈ രോഗങ്ങളെ അതിജയിക്കുന്നതിന് തടസ്സമാകുന്നു.

അതുകൊണ്ട് മഴക്കാലം വരള്‍ച്ചയിലേക്കുള്ള കാത്തുവെപ്പാകണം. രോഗങ്ങളെ കരുതിയിരിക്കുകയും വേണം. ജലസംരക്ഷണത്തിന്റെ പ്രായോഗിക പാഠങ്ങളും മഴക്കാല രോഗങ്ങള്‍ക്കെതിരായ പ്രതിരോധവും ചര്‍ച്ച ചെയ്യുന്ന പരമ്പര.