ശബരിമലയില്‍ ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധി വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മതവിശ്വാസത്തിനും ആചാരാനുഷ്ടാനങ്ങള്‍ക്കും എതിരെ കോടതികള്‍ നിലപാടെടുക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും രാജ്യത്തിന്റെ മതേതര പൈതൃകം തകര്‍ക്കുമെന്നുമാണ് ഒരു വാദം. സ്ത്രീകള്‍ക്ക് തുല്യതക്ക് അവകാശമുണ്ടെന്നും സ്ത്രീകളുടെ അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് വിധിയെന്നും മറുവാദം.
ഇതിനിടയില്‍ വിധി തിടുക്കത്തില്‍ നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കുപോക്കുകള്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിമരുന്നിടുകയാണ്. പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പിച്ച് പറയുമ്പോള്‍ വിശ്വാസികളുടെ വികാരം സംരക്ഷിക്കാന്‍ ഏതറ്റും വരെയും പോകുമെന്ന് യുഡിഎഫും ബിജെപിയും നിലപാടെടുക്കുന്നു. തുടക്കത്തില്‍ വിധിയെ സര്‍വാത്മനാ സ്വാഗതം ചെയ്ത സംഘ്പരിവാർ സമര്‍ത്ഥമായ മലക്കം മറിച്ചിലിലൂടെ നിലപാട് തിരുത്തുകയും ചെയ്തു. പുനപരിശോധന ഹര്‍ജി നല്‍കുമന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡാകട്ടെ ഒടുവില്‍ സര്‍ക്കാറിന്റെ നിലപാടിന് വഴങ്ങി.
പെണ്ണുങ്ങള്‍ ശബരിമല കയറിയാലെന്ത്? പ്രമുഖര്‍ പ്രതികരിക്കുന്നു:

 

പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കില്ല

അഡ്വ. കാളീശ്വരം രാജ്

ശബരിമല വിഷയം ആഴത്തില്‍ പഠിച്ച ശേഷമാണ് സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധി പ്രസ്താവിച്ചത്. ഭരണഘടനയുടെ വിവിധ വകുപ്പുകള്‍ അഞ്ചംഗ ബഞ്ച് വിശദമായി പരിശോധിച്ചിട്ടുണ്ട്. ആളുകളുടെ മതപരമായ അവകാശം, ആചാരപരമായ അവകാശം എന്നിവ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശവുമായി ഏറ്റുമുട്ടുന്നു എന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു അന്തിമ വിധി പരമോന്നത നീതിപീഠം പുറപ്പെടുവിച്ചത്. അതുകൊണ്ട് തന്നെ ഇതിനെതിരെ നല്‍കുന്ന പുനഃപരിശോധനാ ഹര്‍ജി ഒരു കാരണവശാലും നിലനില്‍ക്കില്ല. പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിലൂടെ നിയമപരമായ ഒരു അവകാശം വിനിയോഗിക്കുക എന്നതിലുപരി മറ്റൊന്നും സംഭവിക്കാനില്ല.

വിശ്വാസവും അവിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടല്‍

പിഎസ് ശ്രീധരന്‍പിള്ള

ശബരിമലയുടെ പ്രത്യേകതകള്‍ കണക്കിലെടുക്കാതെയുള്ള വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. സ്ത്രീകള്‍ക്ക് തുല്യത വകവെച്ചുനല്‍കുന്നതിന് ബിജെപി എതിരല്ല. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പ്രാധാന്യം കൊടുക്കേണ്ടിവരും. ശബരിമലയില്‍ ചെറുപ്പക്കാരായ സ്ത്രീകള്‍ കയറരുത് എന്നത് ഒരു ആചാരമായി മാത്രം കാണാനാവില്ല. ക്ഷേത്രത്തിന്റെ മൂല സങ്കല്‍പ്പമാണത്. അതിനെ മാറ്റാന്‍ ആര്‍ക്കും അവകാശമില്ല.

അടിസ്ഥാനപരമായ വിശ്വാസത്തെ തകര്‍ക്കാനുളള സംഘടിത ശ്രമങ്ങളുടെ ഭാഗമാണ് വിധിയെ അനുകൂലിച്ചുള്ള നീക്കങ്ങള്‍. വിധിയെ അനുകൂലിക്കുന്നതോടെ സംഘര്‍ഷത്തിനാണ് സിപിഎം ശ്രമിക്കുന്നത്. മതനിരീശ്വര വാദികളുടെ മതവിശ്വാസത്തോടുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. വിശ്വാസികളുടെ വികാരം സംരക്ഷിക്കുവാന്‍ ബിജെപി ജീവന്‍മരണ പോരാട്ടത്തിനിറങ്ങും. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള കോടതി വിധിക്ക് എതിരെ സംഘ്പരിവാര്‍ സംഘടനളുടെ നേതൃത്വത്തില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിക്കും.

സ്ത്രീകള്‍ മല ചവിട്ടട്ടേ, പക്ഷേ നിയന്ത്രണം വേണം

മൈന ഉമൈബാന്‍

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി തികച്ചും സ്വാഗതാര്‍ഹമാണ്. സ്ത്രീയേയും പുരുഷനേയും തുല്യരായി കാണുന്ന വിധിയെ പൂര്‍ണമായും അനുകൂലിക്കുന്നു. ഒരു ആരാധനാ വിഷയത്തിലും സ്ത്രിയെ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാകില്ല. വിഷയങ്ങള്‍ വിശദമായി പഠിച്ച ശേഷമാണ് കോടതി ഈ കേസില്‍ വിധി പറഞ്ഞത്. മുമ്പ് പലപ്പോഴും ചെറുപ്പക്കാരികളായ സ്ത്രീകള്‍ ശബരിമലയില്‍ പോയതിന്റെ ഫോട്ടോ അടക്കം രേഖകള്‍ കോടതി പരിശോധിച്ചിരുന്നു. സമൂഹത്തിലെ ഉന്നതതലങ്ങളില്‍ ഉള്ളവര്‍ക്ക് മാത്രം പോകാന്‍ കഴിയുകയും ഭൂരിപക്ഷം വരുന്ന മറ്റുള്ളവര്‍ മാറി നില്‍ക്കുകയും ചെയ്യണമെന്നത് ശരിയല്ല.

ആചാരങ്ങളുടെ ലംഘനമാണെന്നാണ് വിധിയെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഇത് പറയുന്നവര്‍ ക്ഷേത്ര പ്രവേശന വിളംബരം അടക്കം വിഷയങ്ങള്‍ കാണണം. അവര്‍ണര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ആചാരത്തിന്റെ ലംഘനമായാണ് കണ്ടിരുന്നത്. 90 ശതമാനം പേരും അന്ന് ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ ഈ സ്ഥിതി മാറ്റിയെടുത്തു. അതുപോലെ തന്നെ മുമ്പ് ഒരു കാലത്ത് സ്ത്രീകള്‍ക്ക് ബ്ലൗസ് ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ആ കാലത്ത് നിന്ന് സ്ത്രീകള്‍ ഭംഗിയായി വസ്ത്രം ധരിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തി. ഇത്തരം കാര്യങ്ങളെ എല്ലാം നവോഥാന പ്രവര്‍ത്തനങ്ങളിലൂടെ മറികടന്നവരാണ് നമ്മള്‍. അതുതന്നെയാണ് ശബരിമല വിഷയത്തിലും കാണേണ്ടതുള്ളൂ. അല്ലാതെ വിശ്വാസപരമായ വിഷയമായി ഇതിനെ ബന്ധപ്പെടുത്തേണ്ടതില്ല. ശബരിമലയില്‍ പോകാന്‍ താത്പര്യമുള്ളവര്‍ക്ക് പോകാം. അല്ലാത്തവര്‍ പോകേണ്ടതില്ല എന്നേ ഇതില്‍ കാണേണ്ടതുള്ളൂ.

അതേസമയം, സുപ്രീം കോടതി വിധിയോടെ ശബരിമലയില്‍ കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുണ്ട് എന്നത് ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. അതീവ പരിസ്ഥിതി ലോല പ്രദേശേത്താണ് ശബരിമല സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ തന്നെ മണ്ഡല മകരവിളക്ക് കാലത്ത് അഞ്ച് ലക്ഷം തീര്‍ഥാടകര്‍ വരെ ഇവിടെ എത്തുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. മറ്റു വിശേഷ അവസരങ്ങള്‍ ഒരു ലക്ഷം മുതല്‍ തീര്‍ഥാടകര്‍ ഇവിടെ വരുന്നുണ്ട്. ഇത് അവിടത്തെ പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കും. അതുകൊണ്ട് തന്നെ അവിടെ എത്തുന്ന തീര്‍ഥാടകരെ നിയന്ത്രിക്കണം. ഇതിന് സ്ത്രീകളെ മാറ്റി നിര്‍ത്തുക അല്ല വേണ്ടത്. ഇനി ഇത്തരത്തില്‍ ഒരു നിയന്ത്രണം ഏര്‍പെടുത്തുകയാണെങ്കില്‍ പുരുഷന്മാരെയാണ് മാറ്റിനിര്‍ത്തേണ്ടത്. കാരണം അവര്‍ കാലാകാലങ്ങളായി അവിടെ പോകുന്നവരാണ്. ഇതുവരെ പോകാത്ത സ്ത്രീകള്‍ പോകട്ടെ ഇന്‍ി മലകയറാന്‍.

ഹിന്ദുത്വ ധ്രുവീകരണശ്രമം, നടക്കില്ല

കെ ടി കുഞ്ഞിക്കണ്ണന്‍

ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി കഴിഞ്ഞ 12 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ബ്രഹത്തായ ഒരു പരിശോധനയുടെ തുടര്‍ച്ചയായാണ് വന്നരിക്കുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിക്കുന്ന ആചാരം ഇന്ത്യന്‍ ഭരണഘടനയുടെ സമത്വാശയങ്ങള്‍ക്കും സാമൂഹിക നീതിയുടേയതായ ദര്‍ശനങ്ങള്‍ക്കും ഇണങ്ങുന്നതാണോ എന്നാണ് ആ വിധി പ്രധാനമായും പരിശോധിച്ചത്. ഇതിന് ശബരിമല ദേവസ്വം ബോര്‍ഡിന്റെയും ശബരിമല തന്ത്രിയുടെയും സര്‍ക്കാറിന്റെയും ഈ കേസില്‍ കക്ഷി ചേര്‍ന്ന എല്ലാവരുടെയും വാദങ്ങളും അവര്‍ ഹാജരാക്കിയ രേഖകളും എല്ലാം പരിശോധിക്കപ്പെട്ടിട്ടുണ്ട്. അത്തരമൊരു പരിശോധനയിലൂടെ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന് കണ്ടെത്താന്‍ കഴിഞ്ഞത് ശബരിമലയില്‍ സ്ത്രീകള്‍ക്ക് ക്ഷേത്ര പ്രവേശം നിഷേധിച്ചുകൊണ്ടുള്ള ആചാരം ചരിത്രമപരമല്ലെന്നും മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ്.

1950കള്‍ക്ക് ശേഷമാണ് ഇത്തരമൊരു ആചാരം ശബരിമലയില്‍ നടപ്പാക്കിത്തുടങ്ങിയത്. അതിന് മുമ്പ് ശബരിമലയില്‍ കുട്ടികളുടെ ചോറൂണ്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് പ്രായവ്യത്യാസമില്ലാതെ സത്രീകളുടെ പ്രവേശനം അനുവദിച്ചിരുന്നു. തിരുവിതാരംകൂര്‍ മഹാറാണി തന്നെ അവര്‍ യുവതിയായിരിക്കുന്ന സമയത്ത് ശബരിമല ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. ഈ കാര്യങ്ങള്‍ എല്ലാം കാണിക്കുന്നത് സമീപകാലത്തുണ്ടായ ഒരു ആചാരം മാത്രമാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് എന്നാണ്. അതിന് കാരണമായി ശബരിമല തന്ത്രിമാരുടെ വാദങ്ങളോ അവര്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്ന തന്ത്രസമുച്ചയം എന്ന പുസ്തകത്തില്‍ പറയുന്ന കാര്യങ്ങളോ അംഗീകരിക്കാനാകില്ല. സ്ത്രീകള്‍ക്ക് ശാരീരികവും ജൈവികവുമായ അവസ്ഥയുടെ പേരില്‍ ക്ഷേത്ര പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനയുടെ മൗലിക അവകാശങ്ങളുടെ ലംഘനമായിട്ടാണ് ഭരണഘടനാ ബഞ്ച് കണ്ടെത്തിയത്.

ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള കോടതി വിധിക്ക് എതിരെ ഭക്തരെ ഇളക്കിവിടാന്‍ ആസൂത്രിതമായ നീക്കം നടത്തുന്ന ബിജെപി നേതാക്കളും ആര്‍എസ്എസും നേരത്തെ ശബരിമല ഉള്‍പ്പെടെ ക്ഷേത്രങ്ങളില്‍ സ്ത്രീ പ്രവേശനമാകാമെന്ന് നിലപാടെടുത്തവരാണ്. ആര്‍എസ്എസിന്റെ ഉപമേധാവി ഭയ്യാജി ജോഷി തന്നെ സ്ത്രികളുടെ ക്ഷേത്ര പ്രവേശനത്തെ പിന്തുണച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍, ഇപ്പോള്‍ കോടതി വിധിയുടെ പേരില്‍ വൈകാരിക ക്ഷോഭങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിന്റെ അജണ്ട ഹിന്ദുത്വ ധ്രുവീകരണമാണെന്ന് കാണാന്‍ കഴിയും. ഇത് സാധാരണക്കാരായ വിശ്വാസികളും ജനങ്ങളും തിരിച്ചറിയുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.