Connect with us

Editors Pick

വീരപോരാളികള്‍ക്കഭിവാദനം; കാര്‍ഗിലില്‍ ശത്രുവിനെ തുരത്തിയ ധീരതയ്ക്ക് 22 വയസ്

Published

|

Last Updated

തിര്‍ത്തി കടന്നെത്തിയ ശത്രുവിനെ തുരത്തിയ ധീരതയ്ക്ക് ഇന്ന് 22 വയസ്സ്. 1999 ജൂലൈ 26 നാണ് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ യുദ്ധത്തില്‍ വിജക്കൊടി പാറിച്ചത്. ലഡാക്കിലെ പ്രധാന മേഖലകളുടെ നിയന്ത്രണം ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്ത ഓപ്പറേഷന്‍ വിജയ് യുടെ ഓര്‍മ പുതുക്കലും പോരാട്ടത്തില്‍ വീര്യമൃത്യു വരിച്ച ധീര ജവാന്‍മാരെ ആദരിക്കുന്ന ദിവസവുമായാണ് രാജ്യം ഈ ദിനം ആചരിക്കുന്നത്. അന്ന് പാക് സൈനികരെ തുരത്തി ഇന്ത്യ കാര്‍ഗിലില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയപ്പോള്‍ രാജ്യത്തിന് ബലിയര്‍പ്പിക്കേണ്ടി വന്നത് 527 ധീര ജവാന്മാരെയാണ്. 1,300 ലധികം പേര്‍ക്ക് പരുക്കേറ്റതായും കണക്കാക്കപ്പെടുന്നു.

ഓപ്പറേഷന്‍ വിജയ് കാമ്പയിനിന്റെ ഭാഗമായി പാക്കിസ്ഥാന്‍ പട്ടാളക്കാര്‍ക്കു പുറമേ വിമത സേനകളേയും പരാജയപ്പെടുത്താന്‍ ഇന്ത്യക്കു കഴിഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ സംഭാവനകളെ അനുസ്മരിച്ച് കാര്‍ഗില്‍ മേഖലയിലും രാജ്യത്തുടനീളവും ആഘോഷങ്ങള്‍ നടത്താറുണ്ട്. 1999 ലെ കൊടും തണുപ്പില്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച തക്കം നോക്കി പാക്കിസ്ഥാന്‍ സൈനിക മേധാവി പര്‍വേസ് മുഷര്‍റഫിന്റെ ഉത്തരവനുസരിച്ച് പാക് സൈനികര്‍ കാര്‍ഗിലിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു. ഭീകരവാദികളുടെ വേഷത്തിലാണ് കാര്‍ഗിലിലെ തന്ത്രപ്രധാന മേഖലകളിലേക്ക് ഇവര്‍ എത്തിയത്. നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകളോളം ദൂരത്തിലുള്ള മേഖല ശത്രുക്കള്‍ കൈവശപ്പെടുത്തിയ വിവരം ആട്ടിടയന്‍മാരാണ് ഇന്ത്യന്‍ സൈന്യത്തെ അറിയിച്ചത്. തുടര്‍ന്ന് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് മറുപടി നല്‍കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. പിന്നീട് ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ ഇന്ത്യ സൈനിക നടപടി ആരംഭിച്ചു.

കാര്‍ഗിലിലെ ഉയര്‍ന്ന പ്രദേശത്ത് മൂന്ന് മാസം നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് പാക്കിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയത്. 14,000 അടി വരെ ഉയരമുള്ള മഞ്ഞു മലകളില്‍ നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചായിരുന്നു ഇന്ത്യയുടെ പോരാട്ടം. ഇതിനായി രണ്ട് ലക്ഷത്തോളം ഭടന്മാരെയാണ് സൈന്യം വിന്യസിച്ചത്. ഇന്ത്യക്കെതിരെ ഒളിയുദ്ധമാണ് പാക്കിസ്ഥാന്‍ നടത്തിയത്. അതിനു തെളിവാണ് തീവ്രവാദികളുടെ വേഷത്തില്‍ തങ്ങളുടെ സൈനികരെ കശ്മീര്‍ വഴി കാര്‍ഗിലിലേക്ക് കയറ്റിയത്.

കാര്‍ഗില്‍ വിജയ് ദിവസിന്റെ ഭാഗമായി, ടോളോലിംഗ് താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന സ്മാരകത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രതിരോധ സ്റ്റാഫ് മേധാവി (സി ഡി എസ്) ജനറല്‍ ബിപിന്‍ റാവത്തും ആദരാഞ്ജലി അര്‍പ്പിച്ചു. പ്രധാന മന്ത്രി ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ സായുധ സേനയ്ക്ക് ആദരം അര്‍പ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ജമ്മു കശ്മീരിലെ ഉധംപൂരിലും ചടങ്ങ് സംഘടിപ്പിച്ചു. ടോളോലിംഗ്, ടൈഗര്‍ ഹില്‍ എന്നീ സ്ഥലങ്ങളില്‍ നടന്ന പോരാട്ടത്തിന്റെ സ്മരണാര്‍ഥം 599 വിളക്കുകള്‍ ലഡാക്കിലെ ഡ്രാസ് ഏരിയയിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ തെളിയിച്ചു. ചടങ്ങില്‍ ഉന്നത സൈനികോദ്യോഗസ്ഥരും സൈനികരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

സബ് എഡിറ്റർ, സിറാജ്‍ ലെെവ്

Latest