Connect with us

National

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്

Published

|

Last Updated

നാഗ്പൂര്‍ | മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ വസതികളില്‍ ഇ ഡി റെയ്ഡ്. നാഗ്പൂരിലെ വസതികളിലാണ് ഇന്ന് രാവിലെ ഏഴുമണിയോടെ റെയ്ഡ് നടത്തിയത്. 100 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് റെയ്ഡ്. റെയ്ഡ് നടക്കുമ്പോള്‍ വസതിയില്‍ ദേശ്മുഖോ കുടുംബാംഗങ്ങളോ ഉണ്ടായിരുന്നില്ല. സി ആര്‍ പി എഫ് സുരക്ഷയോടെ ആറ് ഇ ഡി ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയത്. രണ്ട് ദിവസം മുമ്പ് കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 4.20 കോടി രൂപയുടെ സ്വത്തുക്കള്‍ കേന്ദ്ര അന്വേഷണ ഏജന്‍സി കണ്ടുകെട്ടിയിരുന്നു. 1.54 കോടി രൂപയുടെ ഫ്‌ളാറ്റും 25 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയുമാണ് കണ്ടുകെട്ടിയത്. ഭാര്യ ആരതി ദേശ്മുഖിന് ചോദ്യം ചെയ്യാന്‍ ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ്  ല്‍കിയിരുന്നു.

വിവിധ ബാറുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമായി പ്രതിമാസം 100 കോടി പിരിക്കാന്‍ അനില്‍ ദേശ്മുഖ് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് നിര്‍ദേശിച്ചിരുന്നുവെന്ന മുന്‍ മുംബൈ പോലീസ് കമ്മീഷണറുടെ വെളിപ്പെടുത്തലിനെ പിന്തുടര്‍ന്നാണ് കേസെടുത്തത്. ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം സി ബി ഐ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. പിന്നീട് ഇ ഡിയും കേസെടുത്തു. കഴിഞ്ഞ മാസം ദേശ്മുഖിന്റെ പ്രൈവറ്റ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തിരുന്നു.