Connect with us

Cover Story

കഅ്ബയിലേക്കുള്ള കടൽ

Published

|

Last Updated

കുഞ്ഞാലിയും ഹൈദ്രൂസുട്ടിയും

“നാട്ടുകാരനും ഉറ്റ സുഹൃത്തുമായിരുന്ന വി പി ചെറിയാപ്പു ഹാജിയും സംഘവും ഹജ്ജിനു പോകാനായി പുറപ്പെട്ടപ്പോള്‍ അവരെ യാത്രയാക്കാനായി ബോംബെ വരെ അനുഗമിച്ചതായിരുന്നു പി ടി. നാട്ടില്‍ ആകസ്മികമായുണ്ടായ ഒരു മരണത്തെത്തുടര്‍ന്ന് സംഘാംഗങ്ങളിലൊരാള്‍ക്കു നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ആ ഒഴിവില്‍ പി ടിയെ സംഘത്തിലുള്‍പ്പെടുത്താന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.”

1957ല്‍ മരണപ്പെടുന്നതിനും ഒരു വര്‍ഷം മുമ്പാണ് പി ടി ഹജ്ജ് ചെയ്യുന്നത്. 1956ല്‍, അദ്ദേഹത്തിന് ഹജ്ജ് യാത്രക്ക് അവസരം കിട്ടിയതെങ്ങനെയാണെന്ന് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി പുറത്തിറക്കിയ “പി ടി ബീരാന്‍ കുട്ടി മൗലവിയുടെ ഹജ്ജ് യാത്രാകാവ്യം” എന്ന കൃതിയില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു.
കേരളത്തില്‍ നിന്ന് കപ്പലില്‍ ഹജ്ജിന് പോയതിന്റെ കൃത്യമായ രീതിയും സഹനവും താന്‍ കണ്ട മക്കയും മദീനയും യാത്രയും അവയുടെ ചരിത്രങ്ങളുമെല്ലാം വളരെ മനോഹരമായി തന്നെ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്. യാദൃച്ഛികമായുണ്ടായ യാത്രയായതിനാല്‍ തന്നെ പുറപ്പെടുന്നതിന് മുമ്പ് ആരോടും അദ്ദേഹത്തിന് യാത്ര ചോദിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ യാത്ര പറയാതെ പുറപ്പെട്ട് മക്കയിലെത്തിയ പി ടിക്ക് മറ്റൊരു പ്രശസ്ത മാപ്പിള കവിയും ഉറ്റ സുഹൃത്തുമായ പുലിക്കോട്ടില്‍ ഹൈദര്‍ കാവ്യരൂപത്തില്‍ കത്തയക്കുകയും അതിനു മറുപടിയൊന്നോണം അദ്ദേഹം കാവ്യരൂപ്പത്തില്‍ തന്നെ തിരിച്ചയക്കുകയും ചെയ്താണ് ഈ സമാഹാരം. കപ്പല്‍ യാത്രയിലുണ്ടായ അനുഭവങ്ങള്‍ സരസമായി അദ്ദേഹം വിവരിക്കുന്നത് ചില വരികളില്‍ കാണാം:
ആട്ടം കൂടിയേ നേരം ചിലര്‍ക്കെല്ലാം
തേട്ടി ഛർദിയും കണ്ണും കരള്‍ തുടി-
ച്ചുമ്പി കട്ടുമ്മല്‍ തുമ്പി കൊണ്ടവരേ-
ക്കാണും ഊക്കായ ഓക്കാനമില്‍ കാനാ ഹോനാ എന്നും കേട്ട്
ഛർദിക്കുന്നോര്‍ക്കാണ് ഏറെ മുട്ട്
കപ്പലിന്റെ ആട്ടവും അതുകാരണമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളുമെല്ലാമാണ് പി ടി കാവ്യത്തിലൂടെ പറയുന്നത്. ആ യാത്ര അത്രമേല്‍ ക്ലേശകരമായിരുന്നുവെന്ന് വരികള്‍ക്കിടയില്‍ നിന്ന് വായിക്കാന്‍ സാധിക്കും.

****************
അടിയന്തിരം
എന്ന കർമം

“1979 ജൂണ്‍ മാസത്തിലാണ് ഞങ്ങള്‍ ഹജ്ജിന് പോകുന്നത്. കീഴിശേരിയില്‍ നിന്നും ഞങ്ങള്‍ ഏഴുപേരാണ് തയ്യാറെടുക്കുന്നത്. അതില്‍ മൂന്നുപേര്‍ യുവാക്കളാണ്. തളങ്കരയിലാണ് ഞാനന്ന് ജോലി ചെയ്തിരുന്നത്. ഏകദേശം 22 വയസ്സ് പ്രായം. വിവാഹത്തിനു മുമ്പ്. ഞങ്ങള്‍ പോകുന്നതിന് കുറച്ച് കാലം മുമ്പു വരെ ഹജ്ജിന് പുറപ്പെടുന്നതിന് മുമ്പ് അടിയന്തിരം കഴിക്കുക പതിവുണ്ടായിരുന്നു. കാരണം, തിരിച്ചുവന്നാലായി എന്ന മട്ടില്‍ യാതൊരു പ്രതീക്ഷയുമില്ലാത്ത പോക്കായിരിക്കും. കുടുംബങ്ങളെയും നാട്ടുകാരെയുമെല്ലാം വിളിച്ച് ചേര്‍ത്ത് യാത്ര പറയും. എന്നാല്‍ , ഞങ്ങള്‍ പോകുന്ന കാലത്ത് കൂടുതല്‍ മെച്ചപ്പെട്ടിരുന്നു. എങ്കിലും ഇന്നുള്ളതിനെ അപേക്ഷിച്ച് ഏറെ കഷ്ടം തന്നെ. മൂന്നുനാല് മാസത്തിനു വേണ്ട ഭക്ഷണ സാധനങ്ങളും സ്റ്റൗവും സംസം വെള്ളം കൊണ്ടുവരാന്‍ വേണ്ട ടിന്നും തുടങ്ങി വലിയ ഭാരവുമായിയിട്ടാണ് വീടുവിട്ടിറങ്ങിയത്. ഏഴുപേരും കീഴിശ്ശേരിയില്‍ നിന്നും ജീപ്പില്‍ കയറി രാമനാട്ടുകര വരെയും തുടര്‍ന്ന് ബസിലുമാണ് ബോംബെയിലേക്ക് യാത്ര ചെയ്തത്” പ്രമുഖ ഇസ്്ലാമിക ചരിത്രകാരനും പണ്ഡിതനും മലപ്പുറം മഅ്ദിന്‍ അകാദമിയിലെ മുദരിസുമായ അബൂശാകിര്‍ സുലൈമാന്‍ ഫൈസി തന്റെ കപ്പൽ ഹജ്ജ് യാത്രയുടെ ഓർമ അയവിറക്കിത്തുടങ്ങിയത് ഇങ്ങനെയാണ്.
മരണാനന്തരം ചെയ്യുന്ന ക്രിയകള്‍ക്കാണ് പൊതുവെ അടിയന്തിരം എന്നു പ്രയോഗിക്കാറ്. ഹജ്ജ് യാത്രക്കിറങ്ങുമ്പോള്‍ അതുപോലെ അടിയന്തിരങ്ങള്‍ സംഘടിപ്പിച്ചിരുന്നുവെന്നാണദ്ദേഹം പറഞ്ഞത്. അഥവാ ഞാനിനി തിരിച്ചുവരില്ലെന്ന് നാട്ടുകാരോടും കൂട്ടുകുടുംബങ്ങളോടും സമ്മതം ചോദിക്കലായിരുന്നു അത്തരം അടിയന്തിരങ്ങളെന്നർഥം.
“ബോംബെയായിരുന്നു മൊത്തം ഹജ്ജ് യാത്രകളുടെ ആസ്ഥാനം. ഇന്ത്യയിലുള്ളവരെല്ലാം കപ്പല്‍ മുഖേന ഇതിലൂടെയാണ് പോയിരുന്നത്. എം വി അക്ബര്‍, എം വി നൂര്‍ജഹാന്‍ എന്ന രണ്ട് കപ്പലുകളാണ് ഈ ആവശ്യാർഥം അന്നുണ്ടായിരുന്നത്.

“ജൂലൈ തുടക്കത്തിലായിരുന്നു കപ്പല്‍ യാത്ര. ഏറെ പ്രക്ഷുബ്ധമായ കടല്‍ സാഹചര്യമായിരുന്നു അത്. കടല്‍ കിടന്നുമറിയുന്ന സമയം. കപ്പല്‍ വിട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ കടലിളകി. കയറിയവരില്‍ ഭൂരിപക്ഷവും തലചുറ്റി ഛർദിച്ചു. ഞാനൊന്നും 24 മണിക്കൂര്‍ കഴിഞ്ഞതറിഞ്ഞില്ല. ജീവനുണ്ടെന്നല്ലാതെ ഒരല്‍പ്പം വെള്ളം പോലും കുടിക്കാതെ ഒരു വിധം സാഹചര്യത്തോട് സമരസപ്പെട്ട് വരുമ്പോഴേക്കാണ് ഇതിലും ഞെട്ടിക്കുന്ന അടുത്ത വാര്‍ത്തയറിയുന്നത്. പ്രക്ഷുബ്ധമായ കടലും അതിശക്തമായ കാറ്റും കാരണം കപ്പലിന്റെ ഒരു ഭാഗം തകര്‍ന്നിരിക്കുന്നു. വെള്ളം ഉള്ളിലേക്ക് അടിച്ചു കയറുന്നു. കപ്പലില്‍ അത്യാവശ്യമുണ്ടായിരുന്ന സാമഗ്രികളുമായി തൊഴിലാളികള്‍ നന്നാക്കാന്‍ കിണഞ്ഞ് ശ്രമിച്ചു. ഒരു ഭാഗം വെല്‍ഡ് ചെയ്തത് ശരിയാക്കുമ്പോഴേക്ക് മറുഭാഗം തകരുന്നു. വെള്ളം എത്ര പമ്പടിച്ച് കളഞ്ഞിട്ടും വീണ്ടും വീണ്ടും നിറയുന്നു. ശരിയാകില്ലെങ്കില്‍ ബോംബെയിലേക്ക് തന്നെ കപ്പല്‍ തിരിക്കുമെന്ന അറിയിപ്പ് കിട്ടിയതോടെ വിഷമാവസ്ഥയുടെ മൂര്‍ധന്യതയിലെത്തി. ആകെ ബേജാറായി ഇരിക്കുന്ന സമയങ്ങള്‍. അല്ലാഹുവിന് സ്തുതി.. 10-12 മണിക്കൂറിന്റെ കഠിനയത്‌നം കാരണം ഒടുവില്‍ കപ്പല്‍ ശരിയായി.
പോകുന്ന വഴി യമനിലെ ഏദനുനേരയെത്തിയപ്പോള്‍ കപ്പല്‍ നങ്കൂരമിട്ടു. 1500 ല്‍പരം യാത്രക്കാരും തൊഴിലാളികളും അവര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവുമെല്ലാം സ്‌റ്റോക്ക് തീരുന്ന ഘട്ടത്തില്‍ നിറക്കാനും മറ്റു അത്യാവശ്യത്തിനുമായിരുന്നു അത്. അങ്ങനെ തൊഴിലാളികള്‍ മാത്രമിറങ്ങി സ്‌റ്റോക്ക് നിറക്കുന്നു. അത് പോലെ എത്താന്‍ നേരത്ത് മുന്നറിയിപ്പുണ്ടാകും. അങ്ങനെ അവിടന്ന് കുളിക്കാനും ഒരുങ്ങാനും സൗകര്യമുണ്ടായിരുന്നു. ഏകദേശം രാവിലെ 10മണി മുതല്‍ 4മണി വരെ വളരെ ചൂടായിരിക്കും കപ്പലിന് മുകളില്‍. അത് കഴിഞ്ഞാല്‍ ഞങ്ങളെല്ലാം മുകളില്‍ കയറും. അങ്ങിനെ പുറം നോക്കിയിരിക്കും. വലിയ മത്സ്യങ്ങളും തിമിംഗലങ്ങളും ചാടുന്നതും നീന്തിക്കളിക്കുന്നതും ഏറെ നയനമനോഹരങ്ങളാണ്. കപ്പലിനുള്ളിലും വലിയ സൗകര്യങ്ങളുണ്ടായിരുന്നു.

പോയി വരാനുള്ള 1400 രൂപയില്‍ ഭക്ഷണവും എല്ലാം ഉള്‍പ്പെട്ടിരുന്നു. തേര്‍ഡ് ക്ലാസ് ടിക്കറ്റാണ് എടുത്തെതെങ്കിലും പോകുമ്പോഴും വരുമ്പോഴും ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യാനായി എനിക്ക്. ചുങ്കത്തറയുള്ള ഒരു വ്യക്തിയാണ് പോകുമ്പോള്‍ എന്നെ ക്ഷണിച്ചത്. വരുമ്പോള്‍ കാസര്‍ക്കോട്ടുകാരനായ പരിചയക്കാരോടൊപ്പവും. പക്ഷേ, അവരുടെ ഭക്ഷണങ്ങളൊന്നും എനിക്ക് വേണ്ടത്ര പിടിച്ചിരുന്നില്ല. അധിക സമയവും നെയ്‌ച്ചോറും ഉന്നത വിഭവങ്ങളുമായിരുന്നു. ഭക്ഷണ സമയത്ത് ഞാന്‍ തേര്‍ഡ് ക്ലാസില്‍ വന്ന് കഞ്ഞി കുടിക്കും.

പന്ത് കളിക്കാനുള്ള ഗ്രൗണ്ട് വരെ കപ്പലിലുണ്ട്. ഞങ്ങള്‍ നിസ്‌കാരഹാളായി അത് ഉപയോഗിച്ചു. ഓരോ നമസ്‌കാര ശേഷവും ഹജ്ജ് കര്‍മ്മങ്ങളെ കുറിച്ചും മറ്റ് അത്യാവശ്യ ദീനികാര്യങ്ങളെ കുറിച്ചും ക്ലാസുകളുണ്ടാകും. ദുനിയാവുമായി യാതൊരു ബന്ധവുമില്ലാതെ അതില്‍ തന്നെ കൂടുന്നതിനാല്‍ എല്ലാവരും സശ്രദ്ധം വീക്ഷിക്കുമിത്. മുമ്പ് ഹജ്ജിനെക്കുറിച്ച് അത്രയൊന്നും അറിയാത്തവര്‍ക്കുവരെ പഠിക്കാന്‍ മാത്രം സമയവും സൗകര്യവുമുണ്ടായിരുന്നു. പുറപ്പെട്ടതിന്റെ ഒമ്പതാം ദിവസം റമളാന്‍ ഒന്നിനാണ് ഞാന്‍ ജിദ്ദയില്‍ എത്തുന്നത്. എന്റെ മുമ്പ് പോയവര്‍ റമളാന് രണ്ട് ദിവസം മുമ്പ് തന്നെ അവിടെ എത്തിയിരുന്നു.” തുടര്‍ന്ന് മക്കത്തും മദീനത്തും പോയതും ഹജ്ജും പവിത്ര സ്ഥലങ്ങളിലുമെല്ലാം സിയാറത്ത് ചെയ്തതും വിശദമായി തന്നെ ഉസ്താദ് വിവിരിച്ചു. അവസാനം ഏകദേശം അഞ്ചുമാസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചത്തിയതും പറഞ്ഞ് റബ്ബിനെ സ്തുതിച്ചുകൊണ്ടാണ് ഉസ്താദ് അവസാനിപ്പിക്കുന്നത്. പ്രക്ഷുബ്ധമായ ഒരു കടല്‍ താണ്ടി കരക്കണഞ്ഞ പ്രതീതിയുണ്ടായിരുന്നു പറയുന്ന ഉസ്താദിന്റെയും കേള്‍ക്കുന്ന നമ്മളുടെയും മുഖത്ത്.
മരണം പതിയിരുന്ന കടല്‍…
വീട്ടില്‍ ചക്കരച്ചായയും ചക്കക്കൂട്ടാനും കഞ്ഞിയും മാത്രം വല്ലപ്പോഴും കിട്ടിയിരുന്ന വറുതി കാലം. ഓലമേഞ്ഞ മണ്ണുവീട്ടില്‍ നിന്ന് വറുതിമാറ്റാനാണ് യഥാർഥത്തില്‍ ഹൈദ്രൂസുട്ടിക്കയും കുഞ്ഞാലിക്ക(ബാപ്പനു)യും ഹജ്ജിന് പുറപ്പെടുന്നത്. അതിനും കാരണമുണ്ട്. മേല്‍മുറിയില്‍ നിന്ന് 1975-76 കാലത്ത് ഒരുപാട് പേർ ഹജ്ജിന് പോകുകയും അവരെല്ലാം അവിടെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു എന്നു മനസ്സിലാക്കിയതിന്റെ ആവേശത്തിലാണ് തങ്ങളുടെ ഹജ്ജ് യാത്രക്കുള്ള ആഗ്രഹം തീവ്രമാകുന്നതെന്ന് അവര്‍ പറയുന്നു. അങ്ങനെയാണ് 1977ല്‍ അവര്‍ മലപ്പുറം കലക്്ടറേറ്റില്‍ നിന്ന് ഹജ്ജിന്റെ അപേക്ഷാ ഫോറം വാങ്ങി ആവശ്യമായ വിവരങ്ങളെല്ലാം പൂരിപ്പിച്ച് 300 രൂപയുടെ ബേങ്ക് ഡ്രാഫ്റ്റും അടച്ച് തിരിച്ചയക്കുന്നത്. ഒരിക്കലും തങ്ങളുടെ അപേക്ഷ സ്വീകരിക്കപ്പെടുമെന്ന് അവര്‍ ധരിച്ചിരുന്നില്ല. പക്ഷേ, വിധി സന്തോഷത്തിന്റെ രൂപത്തില്‍ അവരെ തേടിയെത്തി.

എന്നാല്‍ അവരുടെ യാത്രയിലനുഭവിച്ച ക്ലേശങ്ങള്‍ കേട്ടാല്‍ “എന്തിനായിരുന്നു ആ സന്തോഷത്തെ സ്വീകരിച്ചതെന്ന്..” നമ്മളൊരു നിമിഷം അന്താളിച്ചിരിക്കും. എന്നാല്‍ തങ്ങളുടെ ജീവിത സന്തോഷത്തിന്റെ രണ്ടേടുകള്‍ പൂര്‍ത്തിയാക്കാനാണ് തങ്ങളത് സഹിച്ചതെന്ന് അവരുടെ മുഖത്തെ പുഞ്ചിരിയില്‍ നിന്ന് വായിച്ചെടുക്കാം. പരിശുദ്ധ ഹജ്ജും ഉപജീവനവും.
കപ്പലില്‍ രൂപപ്പെട്ട വിള്ളലടക്കം മുകളില്‍ നമ്മള്‍ പറഞ്ഞ അന്നത്തെ കപ്പല്‍ യാത്രകളിലെ ഏകദേശ എല്ലാ പ്രതിസന്ധികളും അവരും നേരിട്ടിരുന്നു. അവസാനം കപ്പലിന് ദിശതെറ്റിയത് കാരണം വ്യോമസേനയുടെ വിമാനം ആകശത്തിലൂടെ റോന്തുചുറ്റി വന്ന് നേര്‍ദിശ കാണിച്ചതിന് ശേഷമാണ് യാത്ര സുഖമമായത്. അവരുടെ അനുഭവങ്ങളില്‍ ഏറ്റവും ഹൃദയഭേദകമായി തോന്നിയ ഒന്ന് മരണത്തെ മുന്നില്‍ കണ്ട സംഭവം ഓര്‍ത്തെടുത്തതാണ്. ഹൈദ്രൂസുട്ടിക്ക പറയുന്നു:”യാത്രയിലെ നാലാം ദിവസമാണെന്നാണോർമ. കുട്ടിക്കാലത്ത് കഥയായി കേട്ടിരുന്നത് യാഥാർഥ്യമായി സംഭവിച്ചിരിക്കുന്നു! സഹയാത്രികനായുണ്ടായിരുന്ന ഒരു മലയാളി ഹാജിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. കപ്പലില്‍ സജ്ജീകരിച്ച ഹോസ്പിറ്റല്‍ സൗകര്യം ഉപയോഗപ്പെടുത്തിയെങ്കിലും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി. കപ്പല്‍ അധികൃതര്‍ മരണാനന്തര കർമങ്ങള്‍ ചെയ്തു. കുളിപ്പിച്ച്, കഫന്‍ ചെയ്ത്, മയ്യിത്ത് നിസ്‌കാര ശേഷം ജനാസ പ്രത്യേകം സജ്ജീകരിച്ച പെട്ടിയിലാക്കി കപ്പിയുടെ സഹായത്താല്‍ കടലിലേക്കിറക്കി. ഞങ്ങളെല്ലാം ആ രംഗം ആധിയോടെയാണ് നോക്കിനിന്നത്.

വെള്ളത്തിലെത്തിയപ്പോള്‍ പെട്ടിയുടെ അടിഭാഗം തുറക്കപ്പെടുകയും ജനാസ വെള്ളത്തിലേക്ക് താഴുകയും ചെയ്തു. നെട്ടലോടെയാണ് ആ രംഗം വീക്ഷിച്ചിരുന്നത്. യാത്രയില്‍ ആര്‍ക്കും സംഭവിച്ചേക്കാവുന്ന ഒന്നാണല്ലോയെന്നോര്‍ത്തായിരുന്നു കൂടുതല്‍ ഭയന്നത്. പിന്നീടുള്ള യാത്രയില്‍ എന്തോ മാനസികമായി തളര്‍ത്തുന്നതുപോലെ അനുഭവപ്പെട്ടു. പുറംകടലിലേക്ക് ജനല്‍പാളിയിലൂടെ നോക്കാന്‍ പോലും ഭയന്നു.” അവരുടെ സംസാരത്തില്‍ നിന്ന് ആ ഭീകര ദിവസത്തെയും സന്ദര്‍ഭത്തെയും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ഉള്ളു ഭയന്നു. റമസാനോടെയാണ് അവര്‍ അവിടെയെത്തുന്നത്. ഹജ്ജിന് ഇനിയും മൂന്ന് മാസമുണ്ട്. എന്നാല്‍ തങ്ങളുടെ യാത്രയുടെ രണ്ടാമത്തെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ അവര്‍ സമയം കണ്ടത്തിയത് ആ മൂന്ന് മാസത്തിനുള്ളിലാണ്.
“ഹജ്ജിന് ഇനിയും മൂന്ന് മാസം കാലതാമസമുള്ളതിനാല്‍ എന്തെങ്കിലും ജോലി കിട്ടിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. അതു പ്രതീക്ഷിച്ചായിരുന്നു ഹറമിന്റെ മുന്‍ഭാഗത്ത് രാവിലെത്തന്നെ നിലയുറപ്പിച്ചിരുന്നത്. ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നില്‍ക്കാന്‍ ഹറമിന്റെ മുന്‍ഭാഗത്ത് പ്രത്യേക സ്ഥലമുണ്ടായിരുന്നു. ജോലിക്കാരെ ആവശ്യമുള്ളവര്‍ അവിടെ വന്ന് ആളുകളെ കാറില്‍ കയറ്റി ദിവസവേതനമുള്ള ജോലിക്ക് കൊണ്ടുപോകും. അങ്ങനെ നിന്ന എനിക്ക് ആലത്തൂര്‍പടിയിലെ ബശീര്‍ മുഹമ്മദിന്റെ കോണ്‍ട്രാക്ടിംഗ് വര്‍ക്കിലാണ് ജോലികിട്ടിയത്. മുപ്പത് റിയാലായിരുന്നു ദിവസവേതനം. അവിടെവെച്ചാണ് കോണ്‍ക്രീറ്റ് മിക്‌സിംഗ് മെഷീന്‍ ആദ്യമായി കാണുന്നത്. നമ്മുടെ നാട്ടില്‍ അത്തൊരമൊരു മെഷീന്‍ സ്വപ്‌നംപോലും കാണാത്ത കാലമായിരുന്നു അത്. ദിവസജോലി ഉറപ്പില്ലാത്ത ജോലിയായതിനാല്‍ സ്ഥിരജോലിക്ക് അവസരം അന്വേഷിക്കുന്നുണ്ടായിരുന്നു. ഒടുവിലല്‍ ബലദിയ്യയില്‍ (മക്ക മുന്‍സിപ്പാലിറ്റി) ജോലി ലഭിച്ചു. മുതവ്വഫയോട് അന്യായം പറഞ്ഞ് വിസ കൈയിലാക്കി ബലദിയ്യയില്‍ ഏല്‍പ്പിക്കുകയും ദുല്‍ഖഅദ് ഒന്നിന് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ജോലിയില്‍ പ്രവേശിച്ച് മാസം തികഞ്ഞപ്പോള്‍ ശമ്പളമായി രണ്ടായിരം രൂപ ലഭിച്ചു. പരിസരം മറന്ന് സന്തോഷത്തിന്റെ കണ്ണുനീര്‍ പൊഴിച്ച സമയം. അന്നത്തെ രണ്ടായിരത്തിന് അത്രയും മൂല്യമുണ്ടായിരുന്നു. ആദ്യ ശമ്പളമായതിനാല്‍ തുക മുഴുവനും ബേങ്കില്‍ ഡ്രാഫ്റ്റ് അടച്ച് നാട്ടിലേക്ക് അയച്ചു.” അത് പറയുമ്പോള്‍ ആദ്യ ശമ്പളം വാങ്ങാന്‍ നില്‍ക്കുന്ന ചെറുപ്പക്കാരന്റെ ആത്മാഭിമാനമുണ്ടായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്.
.

---- facebook comment plugin here -----

Latest