Connect with us

Kerala

ഡി വിഭാഗം പ്രദേശങ്ങളില്‍ പെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ച കട തുറക്കാം

Published

|

Last Updated

തിരുവനന്തപുരം | രൂക്ഷ കൊവിഡ് വ്യാപനമുള്ള നിലവില്‍ കട തുറക്കാന്‍ അനുമതിയില്ലാത്ത ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ പെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാന്‍ അനുമതി. ഇലക്ട്രോണിക് ഷോപ്പുകള്‍, ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ എന്നിവ കാറ്റഗറി എ, ബി വിഭാഗങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എ, ബി വിഭാഗങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ മറ്റ് കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടി പാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും ഒരു ഡോസ് വാക്സിന്‍ എടുത്ത ജീവനക്കാരെ ഉള്‍പ്പെടുത്തി ഹെയര്‍ സ്‌റ്റൈലിങ്ങിനായി തുറക്കാം. സീരിയല്‍ ഷൂട്ടിങ് പോലെ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സിനിമാ ഷൂട്ടിങ്ങിനും അനുമതി നല്‍കും. ഒരു ഡോസ് എങ്കിലും വാക്സിന്‍ എടുത്തവര്‍ക്കാണ് ഇവിടെയും പ്രവേശനം ഉണ്ടാകും.

ലോക്ക്ഡൗണ്‍ വലിയ സാമൂഹിക സാമ്പത്തിക പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്. രോഗവ്യാപനത്തിന്റെ തോത് പരിഗണിച്ച് ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കുന്നുണ്ട്. എന്നാല്‍ സംസ്ഥാനം നേരിടുന്ന അവസ്ഥയില്‍ എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും ചില മാറ്റങ്ങള്‍ പ്രഖ്യാപിക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടിആര്‍പി അനുസരിച്ച് നാല് വിഭാഗമായാണ് സംസ്ഥാനത്തെ തിരിച്ചിരിക്കുന്നത്. എ വിഭാഗം ടി പി ആര്‍ അഞ്ചില്‍ കുറവ് ഇതില്‍ 86 തദ്ദേശ സ്ഥാപനങ്ങളുണ്ട്. അഞ്ച് മുതല്‍ പത്തുവരെ ടിആര്‍പിയുള്ള ബി വിഭാഗത്തില്‍ – 392 തദ്ദേശ സ്ഥാപനങ്ങളുണ്ട്. 10 മുതല്‍ 15വരെ ടിആര്‍പിയുളള പ്രദേശങ്ങളാണ് സി വിഭാഗത്തില്‍- 362 തദ്ദേശ സ്ഥാപനങ്ങളുണ്ട് ഈ വിഭാഗത്തില്‍. ഡി വിഭാഗം 15ന് മുകളില്‍ ടിആര്‍പിയുള്ളതാണ്- ഇതില്‍ 194 സ്ഥാപനങ്ങളുണ്ട്.

ഇലക്ട്രോണിക്ക് ഷോപ്പുകള്‍, ഇലക്ട്രോണിക്ക് അനുബന്ധ ഷോപ്പുകള്‍, വീട്ടുപകരണ ഷോപ്പുകള്‍ എന്നിവ എ, ബി കാറ്റഗറികളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി എട്ടുവരെ തുറക്കാം.

കടുത്ത നിയന്ത്രണങ്ങളോടെയാണ് അനുമതി. എഞ്ചിനീയറിങ്, പോളിടെക്‌നിക് കോളേജുകളില്‍ സെമസ്റ്റര്‍ പരീക്ഷ ആരംഭിച്ച സാഹചര്യത്തില്‍ ഹോസ്റ്റലുകളില്‍ താമസം അനുവദിക്കുന്ന കാര്യം അടുത്ത അവലോകന യോഗം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.