Connect with us

National

'ഇന്‍ ദി ലേഡീസ് എന്‍ക്ലോഷര്‍' എണ്ണ ഛായാചിത്രം; വിറ്റുപോയത് 37.8 കോടിയ്ക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | പ്രശസ്ത ചിത്രകാരി അമൃത ഷേര്‍ഗിലിന്റെ എണ്ണ ഛായാചിത്രം റെക്കോര്‍ഡ് വിലക്ക് ലേലത്തില്‍ വിറ്റു. 1938 -ല്‍ അവര്‍ വരച്ച “ഇന്‍ ദി ലേഡീസ് എന്‍ക്ലോഷര്‍” എന്ന ചിത്രമാണ് 37.8 കോടി രൂപയ്ക്ക് വിറ്റത്. അമൃതയുടെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.

മുംബൈ ആസ്ഥാനത്തുള്ള ലേല ശാലയായ സഫ്രോണ്‍ ആര്‍ട്ടിലാണ് ചിത്രം ലേലത്തിന് വെച്ചിരുന്നത്. പഞ്ചാബിലെ മജീദിയാ കുടുംബത്തിലുള്ള പണ്ഡിതനായിരുന്നു അമൃതയുടെ അച്ഛന്‍. അമ്മ ഹംഗറിക്കാരിയായ സംഗീതജ്ഞയുമാണ്. പാരീസിലാണ് അമൃത ചിത്രകല പഠിച്ചത്. പഠനശേഷം അവര്‍ ഇന്ത്യയിലേക്ക് മടങ്ങിയശേഷമാണ് ചിത്രം വരച്ചത്.

സ്ത്രീകളെയും വ്യത്യസ്ത ജോലികള്‍ ചെയ്യുന്ന ഒരു പെണ്‍കുട്ടിയെയുമാണ് ക്യാന്‍വാസില്‍ അമൃത ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രം മജീദിയാ കുടുംബ ശേഖരത്തില്‍ നിന്നാണ് കണ്ടെത്തിയതെന്ന് സഫ്രോണ്‍ ആര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

ആഗോളതലത്തില്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഏറ്റവും വിലയേറിയ ഇന്ത്യന്‍ കലാ സൃഷ്ടിയാണിതെന്ന് ലേലശാലയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. ആദ്യത്തേത് 1961 -ല്‍ ചിത്രകാരനായ വി എസ് ഗെയ്തോണ്ടെ വരച്ച “അണ്‍ടൈറ്റില്‍ഡ്” എന്ന ചിത്രമായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ 39.98 കോടി രൂപക്കാണ് അത് വിറ്റുപോയത്.

Latest