Connect with us

International

ബിസി ഒന്നാം നൂറ്റാണ്ടിലെ നാണയ ശേഖരം കണ്ടെത്തി

Published

|

Last Updated

ലണ്ടന്‍ | പടിഞ്ഞാറന്‍ ലണ്ടനിലെ ഹില്ലിംഗ്ഡണില്‍ എച്ച്എസ് 2 റൂട്ട് ഖനനത്തിനിടെ ആര്‍ക്കിയോളജിസ്റ്റുകള്‍ പ്രത്യേകതരം നാണയങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ബിസി ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന നാണയങ്ങള്‍ ആയിരിക്കുമെന്നാണ് നിഗമനം. നാണയങ്ങളുടെ പഴയ പതിപ്പായ 300 പോട്ടിനുകളാണ് കണ്ടെത്തിയത്. ജീവിതത്തില്‍ ഒരുപ്രാവശ്യം മാത്രം സംഭവിക്കാവുന്ന കണ്ടെത്തലായാണ് ഇതിനെക്കുറിച്ച് ആര്‍ക്കിയോളജിസ്റ്റുകള്‍ പ്രതികരിച്ചത്.

ഓരോ പോട്ടിനുകള്‍ക്കും ഏകദേശം 3 സെ.മി (1.2 ഇഞ്ച്) വ്യാസമാണുള്ളത്. ഏകദേശം 2,175 വര്‍ഷം മുമ്പ് ഫ്രാന്‍സിലെ മാര്‍സെയിലി നാണയങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ് ഈ അപൂര്‍വനാണയങ്ങള്‍. ഒരു വശത്ത് ഗ്രീക്ക് ദേവന്‍ അപ്പോളോയുടെ മുഖത്തിന്റെ ചിത്രമാണുള്ളത്.

ഈ നാണയങ്ങളുണ്ടായിരുന്ന കാലത്ത് സാധനങ്ങള്‍ വാങ്ങാനോ വില്‍ക്കാനോ വേണ്ടി ഇവ ഉപയോഗിച്ചിരുന്നില്ല. വഴിപാടുകള്‍ക്കായാകാം ഈ നാണയങ്ങള്‍ ഉപയോഗിച്ചിരുന്നതെന്നാണ് കരുതുന്നത്. നേരത്തെയും ഇത്തരം പോട്ടിനുകള്‍ കണ്ടെത്തിയിരുന്നുവെങ്കിലും അവ വളരെ ചെറുതായിരുന്നു എന്നാണ് ആര്‍ക്കിയോളജിസ്റ്റുകളുടെ അഭിപ്രായം. നാണയത്തിന്റെ മൂല്യം ഇനിയും കണക്കാക്കിയിട്ടില്ല.

ഖനനം അവസാനിപ്പിക്കുന്നതിനിടെയാണ് സംഘത്തിന് നാണയങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചത്. ശക്തമായ കാറ്റിനെതുടര്‍ന്ന് മണ്ണ് ഇളകിയപ്പോള്‍ വ്യത്യസ്ത നിറം സംഘത്തിലുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് നാണയങ്ങള്‍ കിട്ടിയത്. ഹില്ലിംഗ്ഡണ്‍ ഹോര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന പോട്ടിനുകള്‍ വൃത്തിയാക്കാനും സംരക്ഷിക്കാനും വേണ്ടി ബര്‍മിംഗ്ഹാം മ്യൂസിയം ആന്‍ഡ് ആര്‍ട്ട് ഗ്യാലറിയിലേക്ക് കൊണ്ടുപോകുമെന്ന് ആര്‍ക്കിയോളജിസ്റ്റുകള്‍ പറഞ്ഞു.

Latest