Connect with us

Articles

ഷഹലാ, നീ കണ്ണ് തുറപ്പിച്ചു, ജീവന്‍ വില നല്‍കി...

Published

|

Last Updated

ദേശീയ സ്‌കൂള്‍ സുരക്ഷാ ദിനത്തില്‍ ഷഹല ഷെറിന്‍ എന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടിയെ എങ്ങനെ ഓര്‍ക്കാതിരിക്കും? സുരക്ഷിതരെന്നു കരുതി കുഞ്ഞുങ്ങളെ വിദ്യാലയത്തിലേക്ക് പറഞ്ഞയക്കുന്ന രക്ഷിതാക്കള്‍ക്ക് ഷഹല ഒരു നോവായി എന്നും മനസിലുണ്ടാകും.

2019 ലാണ് വയനാട് ബത്തേരിയിലെ സര്‍വജന സ്‌കൂളിലെ ക്ലാസ് മുറിയില്‍ വെച്ച് ഷഹലയുടെ കാലില്‍ പാമ്പുകടിയേറ്റത്. “എന്നെ പാമ്പുകടിച്ചതാണ്, തീരെ വയ്യ. ആശുപത്രിയില്‍ കൊണ്ടു പോകൂ” എന്ന് അവള്‍ പറഞ്ഞിട്ടും അതിനനുസരിച്ച ഗൗരവം കൊടുക്കാന്‍ ആരും ശ്രദ്ധിച്ചില്ല. സഹപാഠികള്‍ ഷഹലയുടെ അവസ്ഥ ഒരധ്യാപകനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ആണി കൊണ്ട് മുറിഞ്ഞതാണ്, കല്ലു കൊണ്ട് കോറിയതാണ്, ബഞ്ച് തട്ടിയതാണെന്നൊക്കെയായിരുന്നു. അധ്യാപകര്‍ കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഇന്നവള്‍ ജീവനോടെ ഉണ്ടാകുമായിരുന്നു എന്നാണ് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നത്.

പൊട്ടിപ്പൊളിഞ്ഞ ക്ലാസ് മുറിയിലെ തറയില്‍ നിരവധി പൊത്തുകളും അവയ്ക്കുള്ളില്‍ താമസക്കാരായി പാമ്പുകളുമുണ്ടായിരുന്നു. ക്ലാസിലിരുന്ന ഷഹലയുടെ കാല്‍ അറിയാതെ പൊത്തില്‍ പെട്ടപ്പോഴാണ് പാമ്പിന്റെ കടിയേല്‍ക്കാന്‍ കാരണമായതെന്നാണ് കൂട്ടുകാരികള്‍ അന്ന് പറഞ്ഞത്. ടീച്ചര്‍മാരുടെ സമയോചിതമായ ഇടപെടലില്ലാത്തതും സുരക്ഷിതമല്ലാത്ത ക്ലാസ് മുറിയുമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്.

സ്‌കൂള്‍ വീടുന്നതിന് അഞ്ച് മിനുട്ട് മുമ്പ് പിതാവ് എത്തുന്നതുവരെ ഷഹലയ്ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതില്‍ സ്‌കൂളിലുണ്ടായിരുന്ന അധ്യാപക അനധ്യാപകര്‍ വരെ അലംഭാവം കാണിച്ചു. ഭാവിയെക്കുറിച്ച് സ്വപ്നം കണ്ട ഒരു കുഞ്ഞിന്റെ ജീവനാണ് നഷ്ടമായത്. അവളെ ഓമനിച്ച് കൊതി തീരാത്ത മാതാപിതാക്കളുടെ നെഞ്ച് ഇന്നും പിടയുന്നുണ്ടാകും. രാവിലെ ഉത്സാഹവതിയായി കളി ചിരികളോടെ സ്‌കൂളില്‍ പോയവള്‍ തിരിച്ച് ചേതനയറ്റ ശരീരമായി വീട്ടിലെത്തിയ കാഴ്ച എല്ലാവരുടെയും ഹൃദയം തകര്‍ക്കുന്നതായിരുന്നു.

അവളില്ലാത്ത ദുഃഖം ഷഹലയുടെ കുടുംബത്തിന് മാത്രമായി കാലം ഒതുക്കുമ്പോഴും സമൂഹത്തിലെ മുഴുവന്‍ കുഞ്ഞുങ്ങളും സ്‌കൂളുകളില്‍ സുരക്ഷിതരായിരിക്കണമെന്ന ദൃഢപ്രതിജ്ഞ സര്‍ക്കാറും സ്‌കൂള്‍ അധികൃതരും എടുക്കേണ്ടതുണ്ട്. വര്‍ഷം തോറും സ്‌കൂള്‍ സുരക്ഷാ ദിനം വരും, വന്നപോലെ പോകും എന്നതായിരുന്നു മുമ്പത്തെ അവസ്ഥ. ഈ ദിവസത്തിന് പ്രാധാന്യം കൊടുക്കാത്തവരായിരുന്നു ഏറിയ പങ്കും. എന്നാല്‍ ഷഹലയുടെ വിയോഗത്തിനു ശേഷം പൊതു വിദ്യാലയങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു തുടങ്ങി.

ബത്തേരിയിലെ സര്‍വജന സ്‌കൂളിന് മികച്ച വിജയശതമാനമുള്ള സ്‌കൂള്‍ എന്ന ഖ്യാതിയുണ്ട്. വിദ്യാലയത്തിലെ മുഴുവന്‍ ക്ലാസ് മുറികളുടെയും അവസ്ഥ പരിതാപകരമാണെന്ന് കരുതേണ്ട. ശോച്യാവസ്ഥയില്‍ തുടര്‍ന്നിരുന്നത് ഇവയില്‍ ചിലത് മാത്രം. എന്നാല്‍ ഷഹല സംഭവത്തിനു ശേഷം സ്‌കൂളിന്റെ മൊത്തം സുരക്ഷ അധികൃതര്‍ ഏറ്റെടുത്തു. ഓരോ ക്ലാസ് മുറികളും പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ സുരക്ഷാ വീഴ്ചകള്‍ പുറം ലോകത്തേക്കെത്തുകയും ചര്‍ച്ചയാവുകയും ചെയ്തു. തുടര്‍ന്ന് വിഷയം ഗൗരവമായി കണ്ട് മറ്റുള്ള സ്‌കൂളുകളും സുരക്ഷാ നിയമങ്ങള്‍ പാലിക്കാന്‍ തുടങ്ങി.

ഇന്നിന്റെ വിദ്യാലയങ്ങള്‍ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുകയാണ്. അടിമുടി മാറ്റത്തോടെ പൊതു വിദ്യാലയങ്ങള്‍ സമൂഹത്തില്‍ സജീവ സാന്നിധ്യമാവുകയാണ്. സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയവ പണിതു കഴിഞ്ഞു. സ്‌കൂളിനു ചുറ്റുമുള്ള കൂറ്റന്‍ മരങ്ങളും ചില്ലകളും വെട്ടിയൊതുക്കി അപകട ഭീഷണി ഇല്ലാതാക്കുന്ന സമീപനമാണ് സ്‌കൂള്‍ പി ടി എകള്‍ സ്വീകരിക്കുന്നത്.

ഇക്കാലത്ത് സ്‌കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ഏറെ ആശങ്കപ്പെടേണ്ടത് സ്‌കൂള്‍ പരിസരങ്ങളില്‍ നടന്നുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗമാണെന്ന് പരപ്പനങ്ങാടി എസ് എന്‍ എം എച്ച് എസ് എസ് അധ്യാപകന്‍ സതീഷ് തോട്ടത്തില്‍ പറഞ്ഞു. വളരെ എളുപ്പത്തില്‍ വിദ്യാര്‍ഥികളെ കെണിയില്‍ വീഴ്ത്താന്‍ ലഹരി മാഫിയക്ക് കഴിയുന്നുണ്ട്. ലഹരി മാഫിയാ സംഘം സ്‌കൂള്‍ പരിസരങ്ങളില്‍ സൈ്വരവിഹാരം നടത്തുകയാണ് പതിവ്. എത്ര ഇളംപ്രായക്കാരാണ് ലഹരിയ്ക്കടിപ്പെടുന്നത്. പഠനവും മികച്ച ചിന്താശേഷിയും നഷ്ടപ്പെട്ട് ഭാവി ഇരുട്ടിലാക്കുന്നത്. കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കാന്‍ പാടുപെടുന്ന രക്ഷിതാക്കളുടെ പ്രതീക്ഷകളാണ് ഇതിലൂടെ ഇല്ലാതാകുന്നത്. ഇതിന് തടയിടണമെങ്കില്‍ സ്‌കൂള്‍ അധികൃതര്‍ മാത്രം വിചാരിച്ചാല്‍ പോരാ. ജാഗ്രതയോടെയുള്ള സാമൂഹിക ഇടപെടല്‍ കൂടി അനിവാര്യമാണ്.

പോക്‌സോ കേസുകള്‍ ഇക്കാലത്ത് സ്‌കൂളുകളിലും ഉണ്ടാകുന്നുണ്ട്. ചില അധ്യാപകര്‍ പോലും ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. അറിവ് പകര്‍ന്നു കൊടുക്കുന്ന അധ്യാപകരില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വരുന്ന മുറിവിന്റെ ആഴം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. അന്തര്‍മുഖരായി, ഉത്സാഹം നഷ്ടപ്പെട്ട്, പഠനം ഉഴപ്പുന്ന കുട്ടികളെ മടിയന്മാരായി കാണുന്നതിനു പകരം ഉള്ള് തുറന്നു സംസാരിച്ചാല്‍ അണപൊട്ടിയൊഴുകും അവര്‍ അടക്കിവച്ചതെല്ലാം. പല കുഞ്ഞുങ്ങളും വിഷമങ്ങള്‍ ആരോടും പറയാതെ മൂടിവക്കും. പലപ്പോഴും ഇവരുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്യപ്പെടുകയാണ്.

കുരുന്നുകളോട് എങ്ങനെ ഇടപെടണമെന്നതില്‍ അധ്യാപകര്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കേണ്ടത് അനിവാര്യമാണ്. സ്‌നേഹവും നല്ല സ്പര്‍ശവും എന്തും തുറന്നു സംസാരിക്കാനുള്ള അവസരവുമാണ് ഓരോ അധ്യാപകരും കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടത്. സ്‌കൂളില്‍ നിന്ന് നേരിടുന്ന പ്രശ്‌നങ്ങളും കുടുംബത്തില്‍ നിന്നുണ്ടാകുന്ന വിഷമങ്ങളും പങ്കുവെക്കാനുള്ള ഒരിടംകൂടിയാകണം വിദ്യാലയങ്ങള്‍.

സ്‌കൂളുകളില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കണിശമാക്കേണ്ടതാണ്. കുട്ടികളുടെ നിഷ്‌കളങ്കത പിച്ചിചീന്തുന്ന അവസ്ഥയ്ക്ക് വരും കാലങ്ങളില്‍ അറുതിയുണ്ടായേ മതിയാകൂ. സൂഹത്തില്‍ മികച്ച തലമുറയെ വാര്‍ത്തെടുക്കുന്നവരാണ് അധ്യാപകര്‍. കുട്ടികള്‍ക്ക് ആര്‍ജവവും ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നു നല്‍കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് വളരെ വലുതാണ്.

സ്‌കൂളുകള്‍ ആധുനികവത്കരിച്ചു കഴിഞ്ഞു, എന്നാല്‍ അപാകതകള്‍ പൂര്‍ണമായും പരിഹരിച്ചെന്നു പറയാനാകില്ല. കുഞ്ഞുങ്ങളോട് നല്ല രീതിയില്‍ ഇടപെടുന്ന അനേകം അധ്യാപകരുണ്ടെന്നത് വിസ്മരിച്ചിട്ടല്ല ഇത് പറയുന്നത്. മാതാപിതാക്കള്‍ തങ്ങളെ വിശ്വസിച്ചേല്‍പ്പിക്കുന്ന കുട്ടികളെ മാനസികമായും ബുദ്ധിപരമായും ശക്തരാക്കണമെന്ന ഉറപ്പോടെ പ്രവര്‍ത്തിക്കുന്ന അധ്യാപകരാണ് ഏറിയപങ്കും. ലിംഗഭേദമില്ലാതെ വിദ്യാര്‍ഥികളെ പഠന പാഠ്യേതര വിഷയങ്ങളില്‍ അവര്‍ പ്രോത്സാഹിപ്പിക്കാറുണ്ടെന്നത് ശുഭോദര്‍ക്കമായ കാര്യമാണ്. കുഞ്ഞുങ്ങളുടെ ഹൃദയത്തിലേക്ക് പ്രകാശം പരത്തുന്ന അധ്യാപകരും നന്മ നിറഞ്ഞ സ്‌കൂള്‍ അന്തരീക്ഷവും വരും കാലങ്ങളില്‍ കൂടുതലായി ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

സബ് എഡിറ്റർ, സിറാജ്‍ ലെെവ്

---- facebook comment plugin here -----

Latest