Connect with us

Kerala

കെ സുരേന്ദ്രന്‍ മാറിയാല്‍ പ്രസിഡന്റിനെ പുറത്തുനിന്നു കെട്ടിയിറക്കും

Published

|

Last Updated

കോഴിക്കോട് | കെ സുരേന്ദ്രനെ സംരക്ഷിക്കാനുള്ള ആര്‍ എസ് എസിന്റെ അവസാന ശ്രമവും പരാജയപ്പെട്ടാല്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് പദവിയില്‍ പാര്‍ട്ടി നേതൃവൃന്ദത്തില്‍ നിന്നു പുറത്തുള്ള ആളെ കൊണ്ടുവരാന്‍ നീക്കം. നേരത്തെ കേരളത്തില്‍ ഗ്രൂപ്പുപോരിനു തടയിടാന്‍ വിശ്വഹിന്ദു പരിഷത്ത് നേതൃത്വത്തില്‍ നിന്ന് കുമ്മനം രാജശേഖരനെ കെട്ടിയിറക്കിയതു പോലെയുള്ള പരീക്ഷണത്തിനാണ് വീണ്ടും ബി ജെ പി നേതൃത്വം ആലോചിക്കുന്നത്. സംഘ്പരിവാര്‍ സംഘടനകളുടെ ഭാരവാഹികളോ പാര്‍ട്ടിയില്‍ പുതുതായി എത്തിയ ബ്യൂറോക്രാറ്റുകളോ ആരുവേണം എന്നത് കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സി നിരീക്ഷണം തുടങ്ങി. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഒരു പ്രൊഫഷണല്‍ ഏജന്‍സി ബി ജെ പി പ്രസിഡന്റ് പദത്തിനു പറ്റിയ ആളെ അന്വേഷിക്കുന്നത്.

സംസ്ഥാന ബി ജെ പിയില്‍ കെ സുരേന്ദ്രന്റെയും വി മുരളീധരന്റെയും ആധിപത്യം തുടരണമെന്ന നിലപാടിലാണ് കേരളത്തിലെ ആര്‍ എസ് എസ് നേതൃത്വം. ഇവരെ എതിര്‍ക്കുന്ന കൃഷ്ണദാസ് പക്ഷത്തിന് ആര്‍ എസ് എസില്‍ വേണ്ടത്ര പിടിപാടില്ല. ആര്‍ എസ് എസില്‍ പിടിയുള്ള കാലത്തോളം തങ്ങള്‍ക്ക് ആരേയും ഭയപ്പെടേണ്ടതില്ലെന്ന നിലയിലായിരുന്നു കെ സുരേന്ദ്രനും വി മുരളീധരനും പാര്‍ട്ടിയെ നയിച്ചത്. എന്നാല്‍ കേരളത്തിലെ ബി ജെ പിയെ ആര്‍ എസ് എസ് വിഭാവനം ചെയ്യുന്ന തീവ്ര ഹിന്ദുത്വത്തില്‍ നിന്നു മോചിപ്പിച്ച് എല്ലാ വിഭാഗങ്ങളേയും ആകര്‍ഷിക്കുന്ന ഏകാത്മക മാനവ ദര്‍ശനത്തിലേക്കു കൊണ്ടുവരണമെന്ന് കേരളത്തിലെ മുതിര്‍ന്ന നേതാക്കളും സ്വതന്ത്ര കമ്മീഷനും റിപ്പോര്‍ട്ട് നല്‍കിയതോടെ സുരേന്ദ്രനെ സ്ഥാനത്തു സംരക്ഷിക്കാനുള്ള അവസാന പോരാട്ടമാണ് നടക്കുന്നത്.

കേരളത്തില്‍ നിന്നു പുറത്തുള്ള നേതാക്കള്‍ മുഖേന ഉന്നത തല ഇടപെടല്‍ നടത്തി കെ സുരേന്ദ്രനെ പ്രസിഡന്റ് പദവിയില്‍ സംരക്ഷിക്കാന്‍ വി മുരളീധരന്‍ അവസാന ശ്രമം നടത്തുന്നുണ്ട്. ഈ ശ്രമം വിജയം കണ്ടില്ലെങ്കില്‍ സുരേന്ദ്രന് സ്ഥാനം നഷ്ടപ്പെടും. സുരേന്ദ്രനെ മാറ്റിയാല്‍ പകരം ആര് എന്നതാണ് നേതൃത്വത്തെ അലട്ടുന്ന പ്രധാന പ്രശ്നം. ഗ്രൂപ്പ് നേതാക്കള്‍ ആരുവന്നാലും കേരളത്തില്‍ ബി ജെ പി ചേരിപ്പോര് അവസാനിപ്പിക്കാനാവില്ല. ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ പ്രതിനിധി പ്രസിഡന്റായാല്‍ ഇപ്പോഴത്തെ ഗ്രൂപ്പു പോര് തെരുവിലേക്ക് എത്തുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ആരു പ്രസിഡന്റാവുന്നതാണ് ഗുണം ചെയ്യുക എന്നു നിരീക്ഷിച്ചു റിപ്പോര്‍ട്ട് ചെയ്യാനാണ് സ്വകാര്യ ഏജന്‍സി രംഗപ്രവേശം ചെയ്തത്.

സര്‍വീസില്‍ നിന്ന് വിരമിച്ച ഐ എ എസ്, ഐ പി എസ് നേതാക്കളായ ടി പി സെന്‍കുമാര്‍, സി വി ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരില്‍ ആരെങ്കിലും പ്രസിഡന്റായി വന്നാല്‍ എങ്ങനെയിരിക്കും എന്നും ആലോചിക്കുന്നുണ്ട്. ഇവരെ നേതാക്കളും പ്രവര്‍ത്തകരും എങ്ങനെ സ്വീകരിക്കും എന്നതാണ് പ്രധാനമായും ആലോചിക്കുന്നത്. കേരളത്തില്‍ ബി ജെ പിക്ക് ഒരു പ്രൊഫഷണല്‍ നേതൃത്വം ഉണ്ടാകാന്‍ ഉപകരിക്കുമെങ്കിലും ഇവര്‍ ഉദ്ദേശിക്കുന്നതുപോലെ നേതാക്കളേയും പ്രവര്‍ത്തകരേയും കൊണ്ടുപോകാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

കുമ്മനത്തെ വീണ്ടും കൊണ്ടുവന്നാല്‍ എല്ലാ വിഭാഗത്തിനും സ്വീകാര്യമാവില്ലെന്ന വിവരം വി മുരളീധരന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഹിന്ദു ഐക്യവേദി, ക്ഷേത്രസംരക്ഷണ സമിതി, ബി എം എസ് തുടങ്ങിയ പരിവാര്‍ സംഘടനാ നേതാക്കളെ ആരെയെങ്കിലും പ്രസിഡന്റാക്കാനും ആലോചനയുണ്ട്. ഈ വിഭാഗത്തില്‍ ആര്‍ എസ് എസിനു താത്പര്യമുള്ള ഒരാളെ കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. മുന്‍ സംസ്ഥാന പ്രസിഡന്റുമാരായിരുന്ന സി കെ പത്മനാഭന്‍, പി എസ് ശ്രീധരന്‍ പിള്ള എന്നിവരില്‍ നിന്നും ഇതു സംബന്ധിച്ച് അഭിപ്രായം തേടിയിട്ടുണ്ട്്.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും കൊടകര കുഴല്‍പ്പണക്കേസും കാസര്‍കോട്, വയനാട് തിരഞ്ഞെടുപ്പു കോഴയും പാര്‍ട്ടിക്ക് സംസ്ഥാനത്ത് വലിയ അപമാനമുണ്ടാക്കിയ സാഹചര്യത്തില്‍ നേതൃമാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. കെ സുരേന്ദ്രനു സ്ഥാനം തെറിച്ചാലും നിലവിലെ സംസ്ഥാന നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ്, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരില്‍ ആരെങ്കിലുമൊന്നു പ്രസിഡന്റാവുന്നതു തടയാന്‍ വി മുരളീധരന്‍ ശക്തമായ ആസൂത്രണം നടത്തുന്നുണ്ട്.

കേരളത്തില്‍ ബി ജെ പിക്ക് രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കണമെങ്കില്‍ ന്യൂനപക്ഷ പിന്തുണ വേണമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. അതിനാല്‍ ന്യൂനപക്ഷ വിഭാഗത്തില്‍ സ്വാധീനമുള്ള ഒരാളെ പ്രസിഡന്റാക്കിയാല്‍ നന്നാവുമെന്നാണു കേന്ദ്ര നേതൃത്വം കരുതുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്