Connect with us

Editorial

വ്യാപാര മേഖലയിലെ നിയന്ത്രണങ്ങൾക്ക് ഇളവ് വേണം

Published

|

Last Updated

ഭക്ഷ്യവസ്തുക്കളുടേത് ഒഴികെയുള്ള കടകൾക്ക് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം തുടരുന്നത് വ്യാപാരമേഖലയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കയാണ്. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ എ, ബി, സി, ഡി വിഭാഗങ്ങളായി തിരിച്ചു രോഗനിരക്ക് കുറഞ്ഞ ബി കാറ്റഗറിയിലുളള പ്രദേശങ്ങളിൽ ആഴ്ചയിൽ മൂന്ന് ദിവസവും സി കാറ്റഗറിയിലുളള പ്രദേശങ്ങളിൽ വെളളിയാഴ്ച മാത്രവുമാണ് കടകൾ തുറക്കാൻ അനുമതി. ഡി കാറ്റഗറിയിലുള്ള പ്രദേശങ്ങളിൽ തീരെ തുറക്കാൻ അനുമതിയില്ല. കടകൾ എല്ലാദിവസവും തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചിരിക്കയാണ് വ്യാപാരികൾ. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഇന്നലെ സെക്രട്ടേറിയറ്റ് പടിക്കൽ അതിജീവന പ്രതിഷേധ സമരം നടത്തി. ബാറുകൾ ഉൾപ്പെടെ തുറക്കാൻ അനുമതി നൽകിയിട്ടും അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കാത്തത് നീതികേടും ന്യായീകരണം അർഹിക്കാത്തതുമാണെന്നു വ്യാപാരികൾ പറയുന്നു
പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികൾ ചൊവ്വാഴ്ച വിലക്കു ലംഘിച്ചു കടകൾ തുറക്കാൻ ശ്രമിക്കുകയും തടയാൻ വന്ന പോലീസുമായി കൊമ്പുകോർക്കുകയുമുണ്ടായി.ഈ പ്രതിഷേധ സമരത്തിനെതിരെ അൽപ്പം കടുത്ത ഭാഷയിലാണ് മുഖ്യമന്തി പ്രതികരിച്ചത്. “മനസ്സിലാക്കി കളിച്ചാൽ മതി, വ്യാപാരികളുടെ വെല്ലുവിളി നേരിടു”മെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതോടെ വ്യാപാരികളും കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ്. സർക്കാറിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും നിരോധനം ലംഘിച്ചു സംസ്ഥാന വ്യാപകമായി കടകൾ തുറക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി. ഇന്നു മുതൽ കടകൾ തുറന്നു പ്രവർത്തിക്കാനായിരുന്നു തീരുമാനമെങ്കിലും ഇതുസംബന്ധമായി ഇന്നു ചർച്ച നടത്താമെന്നു മുഖ്യമന്ത്രി അറിയിച്ചതിനെ തുടർന്ന് അതുവരെ കാത്തിരിക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.

വ്യാപാരികളുടെ ആവശ്യം ന്യായമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എങ്കിൽ അതിനെ അംഗീകരിക്കാൻ മടിയെന്തിനാണെന്നാണ് വ്യാപാരി നേതാക്കളുടെ ചോദ്യം. ജീവിക്കാനാണ് കടകൾ തുറക്കാൻ വ്യാപാരികൾ ആവശ്യപ്പെടുന്നതെന്നും സർക്കാറുമായി യുദ്ധപ്രഖ്യാപനം നടത്താനല്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ചു കോഴിക്കോട് നഗരത്തിലുടലെടുത്ത പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്നലെ കോഴിക്കോട് ജില്ലാ കലക്ടർ ഡോ.നരസിംഹ ഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം വ്യാപാരി നേതാക്കളുമായി ചർച്ച നടത്തിയെങ്കലും വിജയിച്ചില്ല. പെരുന്നാൾ ദിനം വരെ 24 മണിക്കൂറും കടകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നും ബാക്കി കാര്യം ചർച്ചയിലൂടെ തീരുമാനിക്കാമെന്നുമായിരുന്നു വ്യാപാരികൾ മുൻവെച്ച ആവശ്യം. ഇത് അംഗീകരിക്കാനാകില്ലെന്നു അധികൃതരും. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ കട അടച്ചിടലിൽ മിഠായിത്തെരുവിന് മാത്രം 2,500 കോടി രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരി നേതാക്കൾ പറയുന്നു. ഈ നിലയിൽ ഇനിയും മുന്നോട്ടു പോകാനാകില്ലെന്നും അവർ വ്യക്തമാക്കി.

അനിശ്ചിതമായി നീളുന്ന ലോക്ക്ഡൗണിനെ തുടർന്നു ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് വ്യാപാരികൾ കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്. കച്ചവടത്തിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന ചെറുകിടക്കാരാണ് വ്യാപാര സമൂഹത്തിൽ ഗണ്യഭാഗവും. ലോക്ക്ഡൗണിനു ശേഷം ഇവരിൽ പലരും കടക്കെണിയിലാണ്. കടകൾ അടച്ചിട്ടാലും കെട്ടിട വാടക, കറന്റ് ബിൽ, തൊഴിലാളികളുടെ ശമ്പളം തുടങ്ങിയ ചെലവുകൾ നൽകണം. പിടിച്ചു നിൽക്കാനാകാതെ 20,000- ത്തോളം വ്യാപാരികൾ ജി എസ് ടി രജിസ്‌ട്രേഷൻ റദ്ദാക്കിയെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നത്.

വ്യാപാരികളുടെ പ്രതിഷേധ സമരത്തിനു രാഷ്ട്രീയ നിറമില്ല. സി പി എം. എം പി. എം എം ആരിഫ്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റും സി പി എം മുൻ എം എൽ എയുമായ വി കെ സി മമ്മദ് കോയ തുടങ്ങിയവരുമുണ്ട് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടു രംഗത്തു വന്നവരിൽ. കടകൾ അടച്ചിടുന്നത് മൂലം സംസ്ഥാനത്തെ വലിയ വിഭാഗം വ്യാപാരികളും കടക്കെണിയിലാണെന്നും കൊവിഡ് പ്രോട്ടോകോൾ പാലിച്ചു തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടും ആരിഫ് എം പി മുഖ്യമന്ത്രി പിണറായിക്കു കത്തയച്ചിട്ടുണ്ട്. നിലവിൽ കടകൾക്കു ഏർപ്പെടുത്തിയ ടിപിആർ നിരക്കനുസരിച്ചുള്ള നിയന്ത്രണം അശാസ്ത്രീയമാണെന്നു വി കെ സി മമ്മദ് കോയ ചൂണ്ടിക്കാട്ടുന്നു. ആഴ്ചയിൽ ഒരുദിവസം തുറക്കുമ്പോൾ ഏഴ് ദിവസവും വരേണ്ട ആളുകൾ ഒരു ദിവസം തന്നെ വരികയും അനിയന്ത്രിതമായ തിരക്കനുഭവപ്പെടുകയും ചെയ്യുകയാണ്. അതോടെ കൊവിഡ് മാനദണ്ഡം പാലിക്കാനാകാതെ വരുന്നു.

കടകൾ എല്ലാ ദിവസവും സമയബന്ധിതമായി തുറക്കുകയാണെങ്കിൽ ഈ തിരക്ക് ഒഴിവാക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. വിഷു, ഈദുൽ ഫിത്വർ സീസൺ പൂർണമായി നഷ്ടപ്പെട്ട വ്യാപാരികൾ ബക്രീദ് വിപണിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് കൊവിഡ് രണ്ടാം വരവിനെ തുടർന്നുള്ള പുതിയ നിന്ത്രണങ്ങളുടെ വരവ്. അതാണ് അവരെ സമരത്തിനിറങ്ങാൻ നിർബന്ധിതമാക്കിയത്.
ആഘോഷ സീസണുകളിലാണ് ടെക്സ്റ്റൈൽസ്, ചെരുപ്പ് തുടങ്ങിയ കടകളിൽ പ്രധാനമായും കച്ചവടം നടക്കുന്നത്. പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കടുത്ത നിയന്ത്രണങ്ങൾ തങ്ങളെ കൂടുതൽ പ്രയാസത്തിലാക്കുമെന്ന് വ്യാപാരികൾ പറയുന്നു.

വ്യാപാരമേഖല അനുഭവിക്കുന്ന പ്രയാസങ്ങൾ സർക്കാർ മനസ്സിലാക്കുന്നുണ്ടെങ്കിലും വ്യാപാര സ്ഥാപനങ്ങൾ വ്യാപകമായി തുറക്കുന്നതോടെ നിയന്ത്രണങ്ങൾ പൂർണമായി ഇല്ലാതായെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാവുകയും അവർ മുൻ കരുതൽ കൈയൊഴിയുകയും ചെയ്യുമെന്ന ആശങ്കയാണ് നിയന്ത്രണങ്ങളിൽ നിന്നു പിറകോട്ടു പോകാൻ വിസമ്മതിക്കുന്നതിനു പിന്നിൽ. ഇലക്കും മുള്ളിനും കേടില്ലാത്ത ഒരു പരിഹാരം ഇക്കര്യത്തിൽ ഉണ്ടാകേണ്ടതുണ്ട്. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ അത് ഉരുത്തിരിയുമെന്ന വിശ്വാസത്തിലാണ് വ്യാപാരിലോകം.

Latest