Connect with us

Malappuram

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒ പി പുനഃസ്ഥാപിക്കണം; കേരള മുസ്‌ലിം ജമാഅത്ത് പ്രക്ഷോഭമാരംഭിച്ചു

Published

|

Last Updated

മഞ്ചേരി | മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഒ പി സംവിധാനം അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് മഞ്ചേരി സോണ്‍ കമ്മിറ്റി പ്രക്ഷോഭം തുടങ്ങി. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജിനു മുമ്പില്‍ നടത്തിയ നില്‍പു സമരം ജില്ല സെക്രട്ടറി കെ.പി ജമാല്‍ കരുളായി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. ജില്ലയിലെ ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങളുടെ അപര്യാപ്തത വളരെ വലുതാണ്. മെഡിക്കല്‍ കോളേജ് പ്രഖ്യാപിക്കപ്പെട്ടതോടെ പണി പൂര്‍ത്തിയായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ കോളേജിന്റെ അക്കാദമിക് ബ്ലോക്കാക്കി മാറ്റി. നിലവിലുണ്ടായിരുന്ന ജനറല്‍ ആശുപത്രി നഷ്ടപ്പെടുകയും ചെയ്തു. രാജ്യത്ത് തന്നെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗമാളുകളുടെയും സഹകരണത്തോടെ തുടക്കം കുറിച്ചതാണ് മഞ്ചേരി ജനറല്‍ ആശുപത്രി. പ്രസ്തുത സംവിധാനം നഷ്ടമായതാണ് ചികിത്സാ സൗകര്യങ്ങള്‍ കുറയാന്‍ പ്രധാന കാരണമായത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറും മഞ്ചേരി നഗരസഭയും അടിയന്തിരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിലവില്‍ മെഡിക്കല്‍ കോളേജിന്റെ ഒരു ഭാഗമെങ്കിലും ഒ.പി. പുനഃസ്ഥാപിക്കാനായി വിട്ട് നല്‍കുകയോ, അതല്ലെങ്കില്‍ നിലവില്‍ പ്രവര്‍ത്തിക്കാത്ത സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതിക സംവിധാനങ്ങളോ ഉപയോഗപ്പെടുത്തി ഒ.പി തുടങ്ങല്‍ അനിവാര്യമാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ സാധാരണക്കാര്‍ കടുത്ത ദുരിതം നേരിടുന്ന ഈ കാലത്ത് ചികിത്സാ നിഷേധം ഒരിക്കലും ന്യായീകരിക്കാനാകില്ല. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മാരെ മറ്റ് ആശുപത്രിയിലേക്ക് മാറ്റുന്നത് നീതീകരിക്കാനാവില്ല, ഈ ആതുരാലയത്തിന്റെ പ്രശ്‌നങ്ങളില്‍ അധികാരികള്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യമുന്നയിച്ച് മുനിസിപ്പല്‍ പരിധിയിലെ 100 യൂണിറ്റ് കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ കൂട്ടായ്മകളും നടത്തി.

പ്രസിഡന്റ് അബദുല്‍ അസീസ് സഖാഫി ഏലമ്പ്ര അധ്യക്ഷത വഹിച്ചു, സൈനുദ്ധീന്‍ സഖാഫി ചെറുകുളം, എസ് വൈ എസ് ഈസ്റ്റ് ജില്ല പ്രസിഡന്റ് അസൈനാര്‍ സഖാഫി കുട്ടശ്ശേരി , സംസ്ഥാന കൗണ്‍സിലര്‍ ,ഒ.എം എ റശീദ് , ഇബ്രാഹീം വെള്ളില, ആനക്കയം, സോണ്‍ സെക്രട്ടറി യു ടി എം ശമീര്‍ ശുഹൈബ് ആനക്കയം അറഫ് മുസ്‌ലിയാര്‍, അബദു നാസര്‍ അഷ്ഫി, മുഹമ്മദലി സഖാഫി, മുഹമ്മദ് സഖാഫി, അബ്ദുസലാം ഹാജി പ്രസംഗിച്ചു.

Latest