Connect with us

Kerala

ബി ജെ പി വിമതര്‍ നീക്കം ശക്തമാക്കി; കുഴല്‍പ്പണക്കടത്തിന്റെ തെളിവുകള്‍ ശേഖരിച്ച് കേന്ദ്ര നേതൃത്വത്തെ സമീപിക്കും

Published

|

Last Updated

കോഴിക്കോട് | കുഴല്‍പ്പണക്കടത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം വിമത വിഭാഗം നീക്കങ്ങള്‍ ശക്തമാക്കി. ബി ജെ പി ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയതയും രാജ്യസ്‌നേഹവും കളങ്കപ്പെടുത്തിയതിന്റെ പേരില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പിന്‍തുണയോടെ സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കാനാണു നീക്കം.

കുഴല്‍പ്പണം ഇടപാട് പാര്‍ടിയുടെ പ്രതിച്ഛായ തകര്‍ത്തെന്നും തെരഞ്ഞെടുപ്പുഫണ്ടിന്റെ പൂര്‍ണ ഉത്തരവാദിത്തമുള്ള സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം മാറിനില്‍ക്കണമെന്നും ഇവര്‍ കോര്‍കമ്മിറ്റിയില്‍ ആവശ്യപ്പെട്ടെങ്കിലും നേതൃത്വം തള്ളിക്കളഞ്ഞ പശ്ചാത്തലത്തിലാണ്  ഈ ആവശ്യം ഉന്നയിച്ചു കൃഷ്ണദാസ് പക്ഷം കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ നടപടികള്‍ ആരംഭിച്ചു.

കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ കേന്ദ്ര നേതൃത്വവുമായി നടത്തുന്ന ആശയ വിനിമയങ്ങളാണ് കേരളത്തില്‍ പാര്‍ട്ടിയെ ഈ നിലയില്‍ എത്തിച്ചതെന്നാണ്  വിമത പക്ഷം ആരോപിക്കുന്നത്. കേരളത്തല്‍ തൂക്കുസഭയുണ്ടാവുമെന്നും ബി ജെപി നിര്‍ണായക ശക്തിയാവുമെന്നുമെല്ലാം കേന്ദ്രത്തെ ധരിപ്പിക്കുന്നതിലും കേരളത്തിലേക്ക് കോടികള്‍ ഒഴുക്കുന്നതിലും മുരളീധരന്‍ വഹിച്ച പങ്ക് സുപ്രധാനമാണെന്നാണ് ആരോപണം. മുതിര്‍ന്ന നേതാക്കളായ സി കെ പത്മനാഭന്‍, ഒ രാജഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളോട് ആശയ വിനിമയം നടത്തിയായിരിക്കും വിമതര്‍ നീക്കം കടുപ്പിക്കുക.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേരളത്തിലെ കള്ളപ്പണ വിവാദത്തില്‍ അത്യന്തം രോഷാകുലനാണെന്ന വിവരം വിമതര്‍ക്കു ലഭിച്ചു.  രണ്ടു ദിവസങ്ങളിലായി നടന്ന ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം വിരങ്ങള്‍ ആരാഞ്ഞു എന്നാണ് വിവരം. കേരളത്തിലെ വിഷയങ്ങളില്‍ വ്യക്തമായ വിവരം ധരിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട സാഹചര്യത്തില്‍ കൃത്യമായ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കു മുമ്പാകെ എത്തിക്കാനുള്ള വഴികളാണ് വിമതര്‍ തേടുന്നത്.

കര്‍ണാടക- കേരളം റൂട്ടില്‍ കുഴല്‍പ്പണ കടത്തിനു പാര്‍ട്ടി നേതൃത്വത്തില്‍ ചിലര്‍ ചേര്‍ന്ന് പ്രത്യേക ഇടനാഴി രൂപപ്പെടുത്തിയിട്ടുണ്ടെന്നുള്ള വിവരവും വിമതര്‍ ശേഖരിച്ചു വരികയാണ്. കുഴല്‍പ്പണക്കേസിലെ മുഖ്യസൂത്രധാരനായ  ധര്‍മരാജന്‍ കള്ളപ്പണക്കടത്തിന്റെ വമ്പന്‍ ഇടനിലക്കാരനാണെന്ന വിവരം തെളിവുകള്‍ സഹിതം ഇവര്‍ ഉയര്‍ത്തുകയാണ്. കേന്ദ്ര നേതൃത്വത്തിലെ പലരുടേയും  അറിവോടെയാണ് ഈ നീക്കങ്ങളെങ്കില്‍ തെളിവുകള്‍ ശേഖരിച്ച് ആരോപണം ഉന്നയിക്കുന്നവര്‍ വെട്ടിലാകും എന്നതിനാല്‍ അതീവ ജാഗ്രതയോടെയാണ് ഇവരുടെ നീക്കം.
ബി ജെ പിയുടെ ഉന്നത നേതാക്കളുടെ ബിനാമിയാണ് ധര്‍മരാജന്‍ എന്ന സൂചനയും ഇപ്പോള്‍ പുറത്തു വന്നുകഴിഞ്ഞു. കര്‍ണാടകയിലെ ബി ജെ പി നേതാക്കളുമായുള്ള ബന്ധമാണ് ഇയാളെ ഇടനിലക്കാരനാക്കുന്നത്. കേന്ദ്ര ഭരണത്തിലെ സ്വാധീനമുപയോഗിച്ച് വിവധ ബിസിനസ്സുകളില്‍ പങ്കാളിത്തം ഉറപ്പിക്കാനും കള്ളപ്പണത്തിനു രേഖ ചമക്കാനും ധര്‍മരാജന്റെ സേവനം നേതാക്കള്‍ ഉപയോഗിച്ചു എന്ന ആരോപണമാണ് വിമതര്‍ ഉന്നയിക്കുന്നത്.

അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പാറക്കല്ല് എത്തിക്കുന്നതിന് ഉപകരാര്‍ ഉറപ്പിച്ചത് ധര്‍മരാജനാണെന്നും ഇത് എങ്ങിനെ തരപ്പെടുത്തിയെന്നും ഇതിനുപിന്നിലെ സാമ്പത്തിക ഇടപടുകളും വിമതര്‍ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായ   കടലാസ് കമ്പനിയുടെ പേരിലാണ് കരാര്‍ ഉറപ്പിച്ചതെന്നും ഇതിന് ഉന്നതങ്ങളില്‍ നിന്നു പലരു ഇടപെട്ടതായും വിമതര്‍ പറയുന്നു. കേരളത്തിലേക്ക് കുഴല്‍പ്പണം കടത്തുന്നതിനുള്ള ആസൂത്രിതമായ വഴിയൊരുക്കലിന്റെ തെളിവായി ഈ നീക്കങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് കൊവിഡ് വ്യാപനം തടയുന്നതിന് കര്‍ണാടക സര്‍ക്കാര്‍ കേരളത്തിലേക്കുള്ള എല്ലാ ചെക്ക് പോസ്റ്റുകളും അടച്ച കാലത്തും മംഗലാപുരത്തുനിന്ന് കേരളത്തിലേക്ക്   കടക്കാനുള്ള തലപ്പാടി ചെക്പോസ്റ്റ് മാത്രം തുറന്നിടാന്‍ ആസൂത്രിതമായ ഇടപെടല്‍ ഉണ്ടായെന്ന വിവരവും പുറത്തുവന്നു. ഇത്തരത്തില്‍ കേരളത്തിലേയും കര്‍ണാടകത്തിലേയും ബി ജെ പി ലോബിയുടെ അവിഹിത ഇടപെടലിന്റെ കൂടുതല്‍ വിവരങ്ങള്‍ വിമതര്‍ ശേഖരിച്ചു വരികയാണ്.

കൊടകരയില്‍ അപകടമുണ്ടാക്കി തട്ടിയെടുത്ത പണം ബി ജെ പിയുടെ പണം തന്നെയെന്ന് പാര്‍ട്ടിയിലെ വിമത വിഭാഗം ഉറപ്പിക്കുന്നു. പണം കര്‍ണാടകയില്‍ നിന്നു കൊടുത്തുവിട്ടതാണെന്നും  ഇതില്‍ ഇടപെട്ടത് യുവമോര്‍ച്ച് മുന്‍ സംസ്ഥാന ട്രഷറര്‍സുനില്‍ നായിക് ആണെന്നും അന്വേഷണത്തില്‍ പോലീസിനു തെളിഞ്ഞിട്ടുണ്ട്. പണം കൊണ്ടുവന്ന ധര്‍മരാജയനെ സംഭവ ദിവസവും തലേന്നും തുടര്‍ച്ചയായി വിളിച്ചു കൊണ്ടിരുന്നതിന്റെ പേരിലാണ് ബി ജെ പി സംഘടനാ സെക്രട്ടറി എം ഗണേശനും ഓഫീസ് സെക്രട്ടറി ഗിരീഷനും കുടുങ്ങിയത്. തുടര്‍ന്നുള്ള അന്വേഷണം കള്ളപ്പണം കടത്തിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നാണ് വിമതപക്ഷം  കരുതുന്നത്.

മൂന്നു ജില്ലകളിലേക്കായി 9.5 കോടി രൂപയാണ് കൊണ്ടുവന്നതെന്നും  ബാക്കിവന്ന 3.5 കോടിയാണ് കൊടകരയില്‍ ആസൂത്രിതമായി കവര്‍ച്ച ചെയ്യപ്പെട്ടതെന്നുമാണു വിവരം. പണം കടത്തിന്റെ പരമാവധി തെളിവുകള്‍ ശേഖരിച്ച്  ഇ ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്)ക്ക് റിപ്പോര്‍ട്ട് ചെയ്യാനാണ്  പോലീസ് ശ്രമിക്കുന്നത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കേണ്ടത് ഇ ഡി ആണ്. കേന്ദ്ര ഏജന്‍സിയായ ഇ ഡിയുടെ അന്വേഷണത്തില്‍ വിമതര്‍ക്കു പ്രതീക്ഷയില്ലെങ്കിലും പാര്‍ട്ടിക്കുണ്ടാക്കിയ മാനക്കേടിന്റെ വിശദ റിപ്പോര്‍ട്ടുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പാര്‍ട്ടിയെ ശുദ്ധീകരിക്കാനുള്ള നടപടികളാണ് വിമത പക്ഷം തേടുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest