Connect with us

Cover Story

'ഞാൻ അഭയാർഥി'

Published

|

Last Updated

“ഞാനിവിടെയുണ്ട്. ഞാൻ നിങ്ങൾക്ക് പൂർണമായും അപരിചിതനല്ലെന്ന് എനിക്കറിയാം. നിങ്ങൾ നൂറിടങ്ങളിൽ നൂറ്‌ വട്ടം എന്നെ കണ്ടിട്ടുണ്ട്. എന്നിട്ടും നിങ്ങൾ എന്നെ തിരിച്ചറിയരുതെന്ന് നിർബന്ധം പിടിക്കുകയാണ്… മനുഷ്യ ഓർമ ദുർബലമാണ്. അതുകൊണ്ട് മറന്ന ദിനങ്ങളെ ഓർത്തെടുക്കാൻ ഞാൻ നിങ്ങളെ സമ്മർദത്തിലാക്കില്ല. നിങ്ങളുടെ ജാലകത്തിനു പുറത്ത് ആ പുൽത്തോപ്പിലേക്ക് ഒന്ന് കണ്ണെറിയൂ. പശുക്കൾക്കും ആടുകൾക്കും പിന്നിൽ വടിയുമായി ഓടുന്ന, നഗ്നനായ ഒരു ഇടയനെ നിങ്ങൾക്ക് കാണാം. ആ ഇടയനെ പലവുരു നിങ്ങൾ കണ്ടിട്ടുണ്ട്. ആ മുഖം നിങ്ങൾക്ക് പരിചിതമാണ്. അതാണ് ഞാൻ. അതാണ് എന്റെ ശൈശവം.”
“Interrogating My Chandal Life” എന്ന ആത്മകഥയിൽ മനോരഞ്ജൻ വ്യാപാരി ആമുഖത്തിൽ വളരെ മനോഹരമായി സ്വന്തത്തെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്.

ഇരുപത്തിയേഴാം വയസ്സിലാണ് അക്ഷരാഭ്യാസം ആരംഭിക്കുന്നത്. ആദ്യാക്ഷരം കുറിച്ചുനൽകിയത് വഞ്ചനാകുറ്റത്തിന് ശിക്ഷിക്കപ്പെട്ട സഹതടവുകാരൻ. എഴുത്താണിയായി ഉപയോഗിച്ചത് ജയിൽ തോട്ടത്തിലെ ഒരു മരക്കഷ്ണം. സ്ലേറ്റായി മാറിയത് ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും കണ്ണീരാൽ അലങ്കരിച്ച ജയിൽ തറ. പുറത്ത് ജീവിതച്ചൂടിന്റെ നട്ടുച്ചയിൽ ഇരുളിൽ തപ്പിയ ആ മനുഷ്യന് പക്ഷേ, ജയിലിലെ ഇരുളിലും അക്ഷരജ്ഞാനം ഹൃദയാന്തരത്തിൽ പ്രഭ കൊളുത്തി. വൈകി തുടങ്ങിയ ആ അക്ഷരാഭ്യാസത്തിന്, മരുഭൂമിയിൽ നീണ്ട കാത്തിരിപ്പിനൊടുവിൽ പെയ്ത മഴയുടെ പ്രതീതിയായിരുന്നു.
പശ്ചിമബംഗാളിൽ അധികാരമേറ്റ മമതാ ബാനർജി ഗവൺമെന്റിലെ വ്യത്യസ്ത സാന്നിധ്യമാണ് എഴുപതു പിന്നിട്ട മനോരഞ്ജൻ ബ്യാപാരി. ബലാഗഡ് നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ബംഗാൾ സാഹിത്യത്തിലെ ആദ്യ ദളിത് എഴുത്തുകാരനാണ്. വലതുപക്ഷ രാഷ്ട്രീയം സാമൂഹിക ധ്രുവീകരണത്തിനുള്ള ചാണക്യവിദ്യകൾ പരീക്ഷിക്കുമ്പോൾ വിഭജനത്തിന്റെ നോവറിഞ്ഞ ഒരാൾ മാറിനിൽക്കുന്നത് ശരികേടാണെന്ന് മനസ്സിലാക്കിയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള മമതാ ബാനർജിയുടെ നിർബന്ധത്തിന് അദ്ദേഹം വഴങ്ങിയത്. നൂറിലേറെ ചെറുകഥകളും പത്തിലേറെ പുസ്തകങ്ങളും എഴുതിയ മനോരഞ്ജൻ ബ്യാപാരി ബംഗാൾ സാഹിത്യത്തിൽ ഇപ്പോഴും സജീവമാണ്.
ദൈനംദിന ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന, അവഗണിക്കുന്ന അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ മനോരഞ്ജൻ ബ്യാപാരി തന്റെ സ്വത്വത്തെ കണ്ടെത്തുന്നുണ്ട്. മുടി ചീകാത്ത, അഴുക്കായ വസ്ത്രം ധരിച്ച, ചായക്കട ഉടമയുടെ ആട്ടും തുപ്പുമേറ്റ കുട്ടിക്കാലവും റെയിൽവേയിലെ കടത്തുകാരനായും ഗുണ്ടയായും പിന്നിട്ട കൗമാരവും കുറ്റവാളിയായി ജയിലിലും, റിക്ഷാവണ്ടിയുമായി ഓടിത്തീർത്ത യുവത്വവും അദ്ദേഹം ആമുഖത്തിൽ തന്നെ ഓർത്തെടുക്കുന്നുണ്ട്.

അഭയാന്വേഷണം

1950ൽ പൂർവ പാക്കിസ്ഥാനിലെ (ഇന്നത്തെ ബംഗ്ലാദേശ്) ബരിസാൽ ജില്ലയിൽ ചണ്ഡാൽ പിന്നാക്ക കുടുംബത്തിലാണ് ബ്യാപാരിയുടെ ജനനം. ഇന്ത്യയെ കീറിമുറിച്ച വിഭജനത്തിന്റെ നീറുന്ന വേദനകളുടെ ഭാണ്ഡം പേറി അഭയം അന്വേഷിച്ചിറങ്ങിയ ദശലക്ഷം മനുഷ്യരിൽ ഒരാളായി മനോരജ്ഞൻ തന്റെ മൂന്നാം വയസ്സിൽ ഇന്ത്യയിലെത്തി.

പിന്നീടുള്ള ജീവിതം ഏറെ ദുഷ്കരമായിരുന്നു. കളിതമാശയോ കളിപ്പാട്ടമോ ബാല്യത്തിൽ കൂട്ടിനുണ്ടായിരുന്നില്ല. പലപ്പോഴും വിശപ്പിന്റെ താരാട്ടു കേട്ടാണുറങ്ങിയിരുന്നത്. അഭയാർഥി ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണവും മരുന്നും എത്തിക്കാൻ ഗവൺമെന്റ് തയ്യാറായിരുന്നില്ല. എന്നല്ല, അഭയാർഥികളെ അവിടുന്ന് പുകച്ച് പുറത്തു ചാടിക്കാൻ റേഷൻ വരേ നിർത്തി. തന്റെ സഹോദരി പട്ടിണി കാരണം മരണപ്പെട്ടത് അദ്ദേഹം ഓർക്കുന്നുണ്ട്. കോഴിത്തീറ്റ തിളപ്പിച്ച് നേർത്ത ലായനി രൂപത്തിലാക്കി അത് നുണഞ്ഞാണ് കുടുംബം ജീവൻ നിലനിർത്തിയിരുന്നത്. ഭക്ഷണവും വസ്ത്രവും ഇല്ലാത്ത ജീവിതസാഹചര്യം അദ്ദേഹത്തെ നിരക്ഷരനാക്കി. പതിനാലാം വയസ്സിൽ വിശപ്പിന്റെ മുഷിപ്പിന് ഭാരമേറിയപ്പോൾ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടാൻ നിശ്ചയിച്ചു.

ലക്നോ, ഗുവാഹത്തി, കാൺപൂർ, ഡൽഹി, അലഹബാദ്, ഹരിദ്വാർ, മധുര, വൃന്ദാവൻ തുടങ്ങിയ ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും ജോലി അന്വേഷിച്ചലഞ്ഞു. ജോലി കിട്ടാതെ വന്നപ്പോൾ വിശപ്പടക്കാൻ റൊട്ടി മോഷ്ടിച്ചോടേണ്ട അവസ്ഥ വരെ ഉണ്ടായി. ഇക്കാലയളവിൽ പല ചൂഷണങ്ങൾക്കും ഇരയായി. നാൽപ്പത് രൂപ ശമ്പളത്തിൽ ഒരു ചായക്കടയിൽ ജോലി നോക്കി. പക്ഷേ, എട്ട് മാസത്തോളം ശമ്പളം നൽകാതെ മുതലാളി ആ ചെറുപ്പക്കാരനെ പറ്റിച്ചു. ഒരു പോലീസുകാരന്റെ വീട്ടിൽ പാചകക്കാരനായി ചെന്ന ബ്യാപാരിയെ പോലീസുകാരൻ ലൈംഗികാതിക്രമത്തിന് ഇരയാക്കി.

അറിവന്വേഷണം

ജീവിത സാഹചര്യങ്ങൾ മനോരഞ്ജനിൽ പല മാറ്റങ്ങളും വരുത്തി. നീണ്ട കാലത്തിനുശേഷം അദ്ദേഹം സ്വകുടുംബത്തോടൊപ്പം ചേർന്നു. 1970കളിൽ നക്സൽ പ്രസ്ഥാനങ്ങൾ ബംഗാളിൽ കരുത്താർജിച്ച സമയമായിരുന്നു. പ്രസ്ഥാനത്തോട് സാധാരണ പിന്നാക്ക വിഭാഗങ്ങൾക്ക് ഉണ്ടാക്കുന്ന അഭിനിവേശം ബ്യാപാരിക്കും ഉണ്ടായിരുന്നു.
ഒരു ദിവസം, തൊഴിലിനിടയിലെ ഒഴിവു സമയത്ത് നക്സൽബാരിയെ കുറിച്ചുള്ള ചർച്ചക്കിടെ ശ്രോതാക്കളെ പ്രചോദിപ്പിക്കാനായി അദ്ദേഹം ഒരു കഥ മെനഞ്ഞു. നക്സൽ പ്രസ്ഥാനങ്ങളുടെ സ്ഥാപകരിലൊരാളായ ജംഗൾ സന്താളിനെ നേരിട്ട് കണ്ട അനുഭവമായിരുന്നു കഥയുടെ ഇതിവൃത്തം.

(യഥാർഥത്തിൽ ബ്യാപാരി അദ്ദേഹത്തെ കണ്ടിട്ടില്ലായിരുന്നു). കഥകേട്ട ആവേശഭരിതനായ ഒരു ശ്രോതാവ് തൊട്ടടുത്ത ചുമരിൽ എഴുതിയിരുന്ന CPI (M) എന്നത് കരി ഉപയോഗിച്ച് CPI (ML) എന്നാക്കി. ഇത് കണ്ടു നിന്ന ഒരാൾ പാർട്ടി ഓഫീസിൽ ചെന്ന് പറയുകയും അവർ കാഥികനെ നന്നായി പെരുമാറുകയും ചെയ്തു. പാർട്ടിയുടെ പേര് മാറ്റിയെഴുതിയ ചെറുപ്പക്കാരൻ സാമാന്യം ഭേദപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു. അതുകൊണ്ടാണ് അവർ കുടിയേറ്റക്കാരായ ബ്യാപാരിയെ തേടിയെത്തിയത്.
ജീവിതം കൈപ്പുനീർ കുടിപ്പിച്ച ബ്യാപാരിക്ക് അതിജീവനത്തിനുള്ള പ്രതീക്ഷയോ പ്രത്യാശയോ ഇല്ലായിരുന്നു. സായുധവിപ്ലവത്തിന് മാത്രമേ മാറ്റം കൊണ്ടുവരാനാകൂ എന്ന് കരുതിയ അദ്ദേഹം നക്സൽ ബാരി പ്രസ്ഥാനത്തിൽ സജീവമായി. അക്കാലയളവിൽ ഒരു കൊലപാതക ശ്രമത്തിൽ ജയിലിലാവുകയും ചെയ്തു. പത്ത് വർഷത്തെ തടവ് ശിക്ഷ.

1975ലാണ് ജയിലിൽ എത്തുന്നത്. രണ്ട് വർഷത്തിനിടെ മൂന്ന് ജയിലുകളിലായി അദ്ദേഹത്തെ മാറ്റി പാർപ്പിച്ചു. ആദ്യം അലിപോർ സ്പെഷ്യൽ ജയിൽ, തുടർന്ന് സെൻട്രൽ ജയിൽ, അവസാനമായി പ്രസിഡൻസി ജയിൽ. “ജയിൽ പ്രതീക്ഷയുടെ ഒരിടമാണ്, നമുക്ക് കൃത്യമായി ഭക്ഷണം ലഭിക്കും, ധരിക്കാൻ വസ്ത്രം ലഭിക്കും, ഉറങ്ങാൻ ഒരിടം ലഭിക്കും, രോഗിയായാൽ ആവശ്യമായ പരിചരണം ലഭിക്കു”മെന്നാണ് ജയിൽ ജീവിതത്തെ പറ്റി ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ഇരുപത്തിയേഴാം വയസ്സിൽ ആദ്യാക്ഷരം പഠിച്ച മനോരഞ്ജൻ ബ്യാപാരി, ഒരു ചെറിയ കുട്ടി പുതിയ കളിപ്പാട്ടത്തോടും പുത്തനുടുപ്പിനോടും കാണിക്കുന്ന അഭിനിവേശത്തോടെ അക്ഷരങ്ങൾ പഠിച്ചു തുടങ്ങി. പുസ്തകങ്ങൾ വായിച്ചു തുടങ്ങി. ജയിൽ ജീവനക്കാർ ആവശ്യമായ പ്രോത്സാഹനവും നൽകി.
ജയിൽമോചിതനായ മനോരഞ്ജൻ ബ്യാപാരി റിക്ഷാ വണ്ടി ഓടിച്ചു തുടങ്ങി. ഒഴിവുസമയങ്ങൾ വായനക്കായി വിനിയോഗിച്ചു. കൈയിൽ കിട്ടുന്ന ഓരോ തുണ്ട് പേപ്പറിലേയും അക്ഷരങ്ങൾ ജീവവായുവിന്റെ മൂല്യത്തോടെ വായിച്ചു.

ഒരു ദിവസം, തന്റെ വണ്ടിയിൽ കയറിയ യാത്രക്കാരിയോട് “ജിജിഭിഷ” എന്ന ബംഗാളി പദത്തിന്റെ അർഥമാരാഞ്ഞു. യാത്രക്കാരി സ്തബ്ധയായി. അവർ ചോദിച്ചു എവിടെ നിന്നാണ് ഈ പദം നിങ്ങൾക്ക് കിട്ടിയത്? അത് പുസ്തകത്തിൽനിന്ന് – അദ്ദേഹം പറഞ്ഞു. നിങ്ങൾ ഏതൊക്കെ പുസ്തകം വായിച്ചു. അദ്ദേഹം താൻ വായിച്ച പുസ്തകങ്ങളുടെ പേര് പറഞ്ഞു. അതിജീവനത്തിനുള്ള ത്വര – സ്ത്രീ അദ്ദേഹത്തിന് അർഥം പറഞ്ഞു കൊടുത്തു. അദ്ദേഹത്തോട് തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് എഴുതാൻ പറഞ്ഞു.
തന്റെ പത്രാധിപത്യത്തിൽ ഇറങ്ങുന്ന “ബർത്തിക” മാസികയിൽ പ്രസിദ്ധീകരിക്കാമെന്ന് ആ സ്ത്രീ ഏറ്റു. യാത്ര അവസാനിപ്പിച്ച് പിരിഞ്ഞു പോകുമ്പോൾ ആ സ്ത്രീ തന്റെ വിസിറ്റിംഗ് കാർഡ് അദ്ദേഹത്തിനു നൽകി. മനോരഞ്ജൻ അതിലെ പേര് വായിച്ചു. താൻ ഇക്കാലയളവിൽ വായിച്ച നാലഞ്ച് പുസ്തകങ്ങൾ എഴുതിയ, ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന അഗ്നിഗർഭയുടെ കർത്താവ് മഹാശ്വേതാ ദേവി.

1981ൽ ബർത്തിക മാസികയിൽ “റിക്ഷാ ചലായി” (ഞാൻ റിക്ഷ വലിക്കുന്നു) എന്ന തലവാചകത്തിൽ, അദ്ദേഹത്തിന്റെ ആദ്യ കുറിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട്, നിരവധി അന്വേഷണങ്ങൾ ഈ റിക്ഷാവാലയെ തേടിയെത്തി. അതുപോലെ നിരവധി പുരസ്കാരങ്ങളും. 2014 ലെ പശ്ചിമബംഗാ ബംഗ്ലാ അക്കാദമി നൽകുന്ന സുപ്രഭ മജുംദാ അവാർഡ് ബ്യാപാരിക്കായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയുടെ ഇംഗ്ലീഷ് വിവർത്തനത്തിന് 2018 ദ ഹിന്ദു ലിറ്റററി അവാർഡും ലഭിച്ചു.

പുസ്തകങ്ങളോ പുരസ്കാരങ്ങളോ മനോരഞ്ജൻ ബ്യാപാരിയുടെ ജീവിതത്തെ മാറ്റിയില്ല. അടുത്തകാലംവരെ ഒരു സ്കൂളിലെ വെപ്പുകാരനായിരുന്നു അദ്ദേഹം. ഇടയനായും ചായമക്കാനിയിലെ സഹായിയായും പാചകക്കാരനായും ശ്മശാന ജോലിക്കാരനായും കൈവേലക്കാരനായും സെക്യൂരിറ്റി ഗാർഡായും റിക്ഷാവാലയായും ജീവിതത്തിൽ പല മേൽവിലാസങ്ങളണിഞ്ഞു. ഇപ്പോൾ എം എൽ എയുമായി. പക്ഷേ, എവിടെയും ബ്യാപാരി പറയാതെ പറയുന്ന മേൽവിലാസം കുടിയേറ്റക്കാരൻ/ അഭയാർഥി എന്നതാണ്.
.

Latest