Connect with us

Malappuram

മഅദിന്‍ അക്കാദമി വെര്‍ച്വല്‍ കോണ്‍ഫറന്‍സിന് ഉജ്ജ്വല പരിസമാപ്തി

Published

|

Last Updated

മലപ്പുറം മഅദിന്‍ അക്കാദമിയുടെ 24ാം വാര്‍ഷിക സമ്മേളനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നത് മഅദിന്‍ സ്റ്റുഡിയോയില്‍ വീക്ഷിക്കുന്ന സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി

മലപ്പുറം | മഅദിന്‍ അക്കാദമിയുടെ 24-ാം വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ഓണ്‍ലൈനായി ആയിരങ്ങള്‍ സംബന്ധിച്ചു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ കാരുണ്യ രംഗത്ത് മഅദിന്‍ അക്കാദമി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പുതിയ കാലത്തിന് ആവശ്യമായ പഠനാവസരങ്ങളാണ് മഅദിന്‍ ഒരുക്കിയിട്ടുള്ളതെന്നും  അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ മുഖ്യ പ്രഭാഷണം നടത്തി.  മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി അധ്യക്ഷത വഹിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യാതിഥിയായി. പി ഉബൈദുല്ല എം എല്‍ എ, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, മുഹമ്മദ് നൗഫല്‍ കോഡൂര്‍ പ്രസംഗിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് സമ്മേളന പരിപാടികള്‍ സംഘടിപ്പിച്ചത്. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഅദിന്‍ വീഡിയോ പ്രസന്റേഷന്‍ ശ്രദ്ധേയമായി. ഗാന ശില്‍പത്തിന് മാസ്റ്റര്‍ മുബഷിര്‍ പെരിന്താറ്റിരി നേതൃത്വം നല്‍കി.

ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ടുള്ള സെമിനാര്‍, ഹദീസ് ടോക്, ഭിന്നശേഷി മേഖലയിലുള്ള പ്രതിഭകളുടെ ഏബ്ള്‍ സമ്മിറ്റ് എന്നിവ നടന്നു. ആത്മീയ സമ്മേളനത്തോടെ പരിപാടികള്‍ക്ക് സമാപനം കുറിച്ചു. ഇരുപത്തിനാലാം വാര്‍ഷികത്തിന്റെ ഭാഗമായി മഅദിന്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ 24,000 വൃക്ഷത്തൈകള്‍ നട്ടു. ഒരു വര്‍ഷത്തേക്കുള്ള വിവിധ വിദ്യാഭ്യാസ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അവതരിപ്പിച്ചു.

ആരോഗ്യ സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കണം:ഖലീല്‍ ബുഖാരി തങ്ങള്‍

ലോകത്തിന്റെ എല്ലാത്തിന്റെയും ആരോഗ്യം മനുഷ്യ ജീവനാണെന്നും അതുകൊണ്ട് മനുഷ്യന്റെ ആരോഗ്യ സംരക്ഷണം ഏറ്റവും അനിവാര്യമാണെന്നും സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി. മഅദിന്‍ അക്കാദിയുടെ 24-ാം വാര്‍ഷിക സമ്മേളനത്തില്‍ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കൊവിഡിനോടൊപ്പമുള്ള ജീവിതമാണ് ഇനി നമ്മുടെത്. പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്ത് നമ്മുടെ ജീവന്‍ സംരക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകണം. ഓക്സിജന്റെ വില നമ്മള്‍ അറിയാന്‍ തുടങ്ങിയത് ഈ കാലയളവിലാണ്. ആരോഗ്യ സംരക്ഷണത്തിന് പ്രകൃതി സംരക്ഷണം അനിവാര്യമാണ്. നമ്മുടെ നാടും നഗരവും കാമ്പസുമെല്ലാം പച്ച പിടിച്ച് നില്‍ക്കണം.

കാലത്തിനൊപ്പമല്ല നാം സഞ്ചരിക്കേണ്ടത്. കാലത്തിനു മുന്നേയുള്ള കാര്യങ്ങള്‍ അറിയാന്‍ നമ്മള്‍ അണിയറിയില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.  സ്‌കില്‍ ഡെവലപ്പ്മെന്റിനാണ് ഇന്ന് പ്രാമുഖ്യം നല്‍കേണ്ടത്. ലോകോത്തര നിലവാരത്തിലേക്ക് നമ്മുടെ മക്കള്‍ വന്നില്ലായെങ്കില്‍ എടുക്കാത്ത നാണയം പോലെ കുട്ടികളെ ആര്‍ക്കും വേണ്ടാതെ വരും. കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് രക്ഷിതാക്കളും അധ്യാപകരും പ്രവര്‍ത്തിക്കേണ്ടതുണ്ട്. കൊവിഡ് പ്രതിസന്ധി സുവര്‍ണാവസരമായി കണ്ട് എന്തെല്ലാം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമോ അതെല്ലാം സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഫലപ്രദമാക്കണം. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. അതിനോട് പുറംതിരിഞ്ഞ് നില്‍ക്കുകയെന്നത് ഭൂഷണമല്ല. എല്ലാ വീടുകളിലും ഇന്റര്‍നെറ്റിന്റെ ലഭ്യത ഉറപ്പു വരുത്താന്‍ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest