Connect with us

National

കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടി; നിരാശ പ്രകടിപ്പിച്ച് ബി ജെ പി ദേശീയ നേതൃത്വം

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതില്‍ നിരാശ പ്രകടിപ്പിച്ച് ബി ജെ പി ദേശീയ നേതൃത്വം. ഇത്രയും കനത്ത പരാജയം എങ്ങനെ നേരിട്ടുവെന്ന് വിലയിരുത്താന്‍ പോലും ശ്രമിക്കാത്ത കേരളത്തിലെ പാര്‍ട്ടി നേതാക്കളുടെ സമീപനത്തിലും നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. ഡല്‍ഹിയില്‍ നടക്കുന്ന ബി ജെ പി ജനറല്‍ സെക്രട്ടറിമാരുടെയും വിവിധ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളുടെയും യോഗത്തിലാണ് വിമര്‍ശനം.

പശ്ചിമ ബംഗാളിലെ പരാജയവും അപ്രതീക്ഷിതമായിരുന്നു. കേരളത്തിലാണെങ്കില്‍ അഞ്ചു സീറ്റില്‍ വരെ വിജയം പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ഒരു സീറ്റ് പോലും ലഭിക്കാതെ തകര്‍ച്ച നേരിട്ടു. വിജയസാധ്യതയുള്ള സീറ്റുകളില്‍ പോലും നല്ല പ്രകടനമുണ്ടായില്ല. പരാജയ കാരണങ്ങള്‍ വിലയിരുത്താന്‍ നേതാക്കള്‍ താത്പര്യം കാട്ടുന്നില്ല. തുടങ്ങിയ വിമര്‍ശനങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു.
കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകള്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ഉള്ള ജനങ്ങളുടെ വിശ്വാസം ഇടിയാന്‍ കാരണമായെന്ന വിമര്‍ശനവും ഉയര്‍ന്നു. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലും സര്‍ക്കാറിലുമൊക്കെ അഴിച്ചുപണി ആവശ്യമാണെന്നും നേതാക്കള്‍ പറഞ്ഞു.

Latest