Connect with us

Kerala

ഭാഷാടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണരുത്; മലയാളത്തിനുള്ള വിലക്ക് പിന്‍വലിച്ചതില്‍ അഭിന്ദനവുമായി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിര്‍ദേശിച്ച് ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകിയാണെങ്കിലും ശരിയായ നിലപാട് സ്വീകരിച്ച അധികൃതരെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും അവരെ തമ്മില്‍ വിഭജിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെന്ന് ഓര്‍മിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിറകെയാണ് ആശുപത്രി സര്‍ക്കുലര്‍ പിന്‍വലിച്ചത്.

മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റ്:
മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്. അത്തരത്തില്‍ ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തില്‍ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണ്. ജീവനക്കാരെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ വിഭജിച്ച് കാണുന്ന നിലപാട് ഒരു പരിഷ്‌കൃത സമൂഹത്തിനും യോജിച്ചതല്ല. പ്രത്യേകിച്ച്, മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ നാടിനും അതിന്റെ സംസ്‌കാരത്തിനും ചേര്‍ന്നതല്ല അത്തരം നടപടികള്‍.

നമ്മുടെ സംസ്‌കാരത്തിനും ജനാധിപത്യത്തിനും നിരക്കാത്ത ഇത്തരം ഒരുത്തരവ് പിന്‍വലിച്ചു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. വൈകി ആണെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാന്‍ മുന്നോട്ടു വന്ന അധികാരികളെ അഭിനന്ദിക്കുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും അവരെ തമ്മില്‍ വിഭജിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെന്ന് ഓര്‍മിപ്പിക്കുന്നു. ജി ബി പന്ത് ആശുപത്രിയില്‍ ഉള്‍പ്പെടെ ഡെല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നവരാണ് മലയാളി നേഴ്‌സുമാര്‍. അവര്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ അഭിവാദ്യങ്ങള്‍.