Connect with us

Kerala

പ്രചാരണത്തിനു പണമില്ലാതെ നിരവധി മണ്ഡലങ്ങളില്‍ ബി ജെ പി പിന്നിലായി

Published

|

Last Updated

കോഴിക്കോട് | തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനായി കേരളത്തിലേക്ക് ബി ജെ പി വന്‍ തോതില്‍ പണം ഒഴുക്കിയിട്ടും മണ്ഡലത്തില്‍ പ്രചാരണ രംഗത്ത് കടുത്ത ദാരിദ്ര്യം അനുഭവപ്പെട്ടതായി വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പിലെ സാമ്പത്തിക വിനിയോഗം പാര്‍ട്ടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 109 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും മുതിര്‍ന്ന നേതാക്കളും ബി ജെ പി കേന്ദ്ര നേതൃത്വത്തിനു പരാതി അയച്ചു.
എല്‍ ഡി എഫും യു ഡി എഫും പ്രചാരണത്തില്‍ ബഹുദൂരം മുന്നില്‍ എത്തിയിട്ടും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മിക്ക മണ്ഡലങ്ങളും. സ്ഥാനാര്‍ഥിയായി നിന്നാല്‍ മതിയെന്നും പ്രചാരണത്തിനുള്ള ചെലവുകള്‍ പാര്‍ട്ടി വഹിക്കും എന്നു പറഞ്ഞാണ് മിക്ക സ്ഥാനാര്‍ഥികളേയും ഇറക്കിയത്. ചില മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ പണം സ്ഥാനാര്‍ഥികള്‍ക്കു നേരിട്ടു കൈമാറിയപ്പോള്‍ ചില മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പു കമ്മിറ്റികള്‍ക്കാണു പണം നല്‍കിയത്.
കെ സുരേന്ദ്രന്‍-വി മുരളീധരന്‍ ഗ്രൂപ്പില്‍ പെട്ട സ്ഥാനാര്‍ഥികള്‍ക്കു നേരിട്ടു പണം നല്‍കിയപ്പോള്‍, അല്ലാത്തവര്‍ക്കുള്ള പണം  കമ്മിറ്റിക്കാണു നല്‍കിയത്. ഈ കമ്മിറ്റിയുടെ പ്രധാന ഭാരവാഹി ഔദ്യോഗിക ഗ്രൂപ്പുകാരനായിരിക്കും. ഫണ്ട് ആവശ്യത്തിനുള്ളതിനാല്‍ പ്രാദേശികമായി ഫണ്ടു പിരിവ് ആവശ്യമില്ലെന്നാണ് നേതാക്കള്‍ സ്ഥാനാര്‍ഥികളെ ധരിപ്പിച്ചത്.
ഒരു ഭാഗത്ത് ഹെലികോപ്റ്റര്‍ അടക്കം പണത്തിന്റെ വലിയ ധൂര്‍ത്ത് പ്രകടമാക്കിയപ്പോള്‍ മണ്ഡലങ്ങളില്‍ പ്രചാരണത്തിനു പണമില്ലാത്ത അവസ്ഥയായിരുന്നു. തിരഞ്ഞെടുപ്പിനു കേന്ദ്രം രേഖാമൂലവും അല്ലാതെയും എത്തിച്ച പണം ഇടനിലക്കാര്‍ കൈക്കലാക്കിയതാണെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണ്  നിരവധി സ്ഥാനാര്‍ഥികളും മുതിര്‍ന്ന നേതാക്കളും പരാതിയുമായി രംഗത്തെത്തിയത്.
കോഴിക്കോട് ജില്ലയില്‍ ഒരു മുതിര്‍ന്ന നേതാവ് മത്സരിച്ച സീറ്റില്‍ പ്രചാരണത്തിനു കടുത്ത ദാരിദ്ര്യമാണ് നേരിട്ടത്. നേരത്തെ സജീവമായിരുന്ന ഈ നേതാവ് ഇടക്കാലത്ത് പ്രവര്‍ത്തനങ്ങളില്‍ നിന്നു പിന്‍വാങ്ങിയിരുന്നു. കേന്ദ്ര നേതാക്കള്‍ ഇടപെട്ടാണ് ഇത്തവണ അദ്ദേഹത്തെ  മത്സ രംഗത്തിറക്കിയത്. മണ്ഡലത്തില്‍ ആവശ്യത്തിനു ഫണ്ട് ഇല്ലാത്തതിനാല്‍ പ്രചാരണത്തില്‍ ബി ജെ പി ബഹുദൂരം പിന്നിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം പരാതി ഉള്ള 109 മണ്ഡലങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളും സ്ഥാനാര്‍ഥികളുമാണ് പരാതി അയച്ചത്. കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഉപയോഗിക്കുകയും കേന്ദ്ര നേതൃത്വം നല്‍കിയ പണം ഉന്നതങ്ങളില്‍ ഉള്ളവര്‍ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍  ഇത്തരം നേതാക്കളെ പാര്‍ട്ടിച്ചുമതലകളില്‍ നിന്നു മാറ്റണമെന്നാണ് ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണനും തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടുണ്ട്.
കുഴല്‍പ്പണക്കേസ് വിവാദമായതിനു പിന്നാലെ സി കെ ജാനുവിനും കാസര്‍ക്കോട് അപര സ്ഥാനാര്‍ഥി കെ സുരേന്ദ്രക്കും പണം കൈമാറിയെന്ന വാര്‍ത്ത പുറത്തുവന്നതും എല്ലാം തിരഞ്ഞെടുപ്പിനു വന്‍തോതില്‍ പണം കേരളത്തില്‍ എത്തിയെന്ന കാര്യം അടിവരയിടുന്നു. എന്നിട്ടും പ്രവര്‍ത്തകരേയും സ്ഥാനാര്‍ഥികളേയും വഞ്ചിച്ചു പണം തട്ടിയവര്‍ ആരെന്നു കണ്ടെത്തണമെന്നാണ് ആവശ്യം.
പി കെ കൃഷ്ണദാസ്, എം ടി രമേഷ്, എ എന്‍ രാധാകൃഷ്ണന്‍, സി കെ പത്മനാഭന്‍ തുടങ്ങിയവര്‍ ഇതേ ആവശ്യത്തിനൊപ്പമാണ്. തിരഞ്ഞെടുപ്പിനു കേരളത്തിലേക്ക് രേഖാ മൂലവും അല്ലാതെയും എത്രപണം എത്തി, ഇത് എങ്ങിനെ വിനിയോഗിച്ചു എന്നകാര്യത്തില്‍ വ്യക്തതവേണമെന്ന നിലപാടിലാണ് ഈ നേതാക്കള്‍. പാര്‍ട്ടിയില്‍ ഒരു വിഭാഗത്തെ അവഗണിച്ചുകൊണ്ടു മുന്നോട്ടു പോകുന്ന നേതൃത്വത്തിനെതിരെ ശക്തമായ നിലപാടുമായി ഇവര്‍ രംഗത്തുള്ളത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest